• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ലക്ഷ്യ സെൻ... ഇന്ത്യൻ ബാഡ്മിന്റണിലെ പുത്തൻ താരോദയം

News18 Malayalam
Updated: July 23, 2018, 8:44 AM IST
ലക്ഷ്യ സെൻ... ഇന്ത്യൻ ബാഡ്മിന്റണിലെ പുത്തൻ താരോദയം
News18 Malayalam
Updated: July 23, 2018, 8:44 AM IST
ജക്കാർത്ത: ആഗസ്റ്റ് 16ന് പതിനേഴാം പിറന്നാൾ ആഘോഷിക്കാനൊരുങ്ങുന്ന ഈ ഉത്തരാഖണ്ഡുകാരനാണ് ഇന്ത്യൻ ബാഡ്മിൻറണിലെ പുത്തൻ താരോദയം. പേര് ലക്ഷ്യ സെൻ, ഏഷ്യൻ ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വിജയി. ഇന്ത്യയുടെ 53 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം കുറിച്ച്‌ ഏഷ്യന്‍ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം സിംഗിള്‍സ് സ്വർണം നേടി ലക്ഷ്യ സെൻ തന്റെ വരവ് അറിയിച്ചു കഴിഞ്ഞു.

ലോക ഒന്നാം നമ്പർ താരം തായ്‍ലാന്‍ഡിന്റെ കുന്‍ലാവുട് വിടിഡ്സസാണിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് ലക്ഷ്യ ഈ നേട്ടം സ്വന്തമാക്കിയത്. ജൂനിയർ ചാമ്പ്യൻ പട്ടത്തിലെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ലക്ഷ്യ സെൻ. 1965 ൽ ഗൗതം താക്കറിനും 2012ൽ പി.വി സിന്ധുവും സ്വർണം നേടിയിരുന്നു.

ഗൗതം താക്കര്‍ 1965ല്‍ ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യനായശേഷം ഇതാദ്യമായാണ് ഒരു പുരുഷതാരം ഈ നേട്ടം കൈവരിക്കുന്നത്. പി.വി സിന്ധു (2012) ല്‍ വനിതാ വിഭാഗത്തിലെ ജേതാവായിരുന്നു. സമീര്‍ വര്‍മ- വെള്ളി (2011), സമീര്‍ വര്‍മ-വെങ്കലം(2012), പി.വി. സിന്ധു- വെങ്കലം (2011), മിക്‌സഡ് ഡബിള്‍സില്‍ പ്രണവ് ചോപ്ര-പ്രജ്ക്ത സാവന്ത്-വെങ്കലം (2009) എന്നിവരും നേരത്തെ മെഡല്‍പ്പട്ടികയില്‍ ഇടം പിടിച്ചിരുന്നു. നാലാം സീഡായ ലക്ഷ്യ സെന്‍ ആതിഥേയ കാണികളുടെ പിന്തുണയോടെ കളിച്ച വിടിഡ്സാണിനെതിരെ മികച്ച കളിയാണ് കാഴ്ചവെച്ചത്.

പറ്റ്നയിൽ ഇക്കഴിഞ്ഞ ദേശീയ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ 24കാരൻ സൗരഭ് വർമയോടു തോറ്റെങ്കിലും പല സൂപ്പർതാരങ്ങളെയും അട്ടിമറിച്ച് ലക്ഷ്യ വരവ് അറിയിച്ചിരുന്നു. സമുദ്രനിരപ്പിൽ നിന്ന് അയ്യായിരം അടി ഉയരത്തിലുള്ള ഉത്തരാഖണ്ഡിലെ അൽമോറയാണ് സ്വദേശം. ദേശീയ ബാഡ്മിന്റൻ പരിശീലകനായിരുന്ന ഡി.കെ സെന്നിന്റെ മകന് അതുകൊണ്ടുതന്നെ കരുത്ത് കൂടും.

ദിവസം 7 മണിക്കൂർ ബാഡ്മിന്റണിനായി ലക്ഷ്യ മാറ്റിവെക്കും. ജൂനിയർ ലോക റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി മാറിയ ലക്ഷ്യ ഓൾ ഇന്ത്യ സീനിയർ റാങ്കിങ് ടൂർണമെൻറിൽ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ്.

ബാഡ്മിന്റണിലേക്കുള്ള ലക്ഷ്യയുടെ കടന്നുവരവിന് പിന്നിലും ഒരു കഥയുണ്ട്. 2010ലാണ് സംഭവം. ബംഗളൂരുവിൽ നടന്ന ഒരു ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ മൂത്ത സഹോദരൻ ചിരാഗിനും അച്ഛനും ഒപ്പം ലക്ഷ്യയുമെത്തി. മൂത്ത മകനെ പിതാവ് ബാഡ്മിന്റൻ പരിശീലകനും മലയാളിയുമായ വിമൽകുമാറിനെ പരിചയപ്പെടുത്തുന്നതിനിടെ തനിക്കും ബാഡ്മിന്റൻ കളിക്കണമെന്ന ആഗ്രഹം ലക്ഷ്യ അറിയിക്കുകയായിരുന്നു. ഒൻപതുവയസുകാരന്റെ കളി കണ്ട വിമൽകുമാർ, മുംബൈയിലെ പ്രകാശ് പദുക്കോണിന്റെ അക്കാദമിയിൽ പരിശീലനം തേടാൻ നിർദേശിച്ചു.

അക്കാദമിയിൽ പരിശീലനം തുടങ്ങിയ ലക്ഷ്യ വളരെ പെട്ടെന്ന് തന്നെ പ്രകാശ് പദുകോണിന്റെ പ്രിയ ശിഷ്യരിലൊരാളായി. ദേശീയ അണ്ടർ–13, അണ്ടർ–17, അണ്ടർ–19 വിഭാഗങ്ങളിൽ 16 വയസ്സിനകം ജേതാവായി. ഇപ്പോഴിതാ ഏഷ്യൻ കിരീടവും അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം സ്വന്തം രാജ്യത്തിലെത്തിച്ചു. ഇനി ഒളിംപിക് സ്വർണം ഉൾപ്പെടെ ലക്ഷ്യങ്ങൾ ഏറെയാണ് ലക്ഷ്യ സെന്നിന് കൈപ്പിടിയിലൊതുക്കാനുള്ളത്.
First published: July 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...