നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Real Madrid vs Barcelona| എൽ ക്ലാസിക്കോയിൽ ബാഴ്‌സയെ വീഴ്ത്തി റയൽ; പോയിന്റ് ടേബിളിൽ വീണ്ടും തലപ്പത്ത്

    Real Madrid vs Barcelona| എൽ ക്ലാസിക്കോയിൽ ബാഴ്‌സയെ വീഴ്ത്തി റയൽ; പോയിന്റ് ടേബിളിൽ വീണ്ടും തലപ്പത്ത്

    ബാഴ്‌സയുടെ സ്വന്തം മൈതാനമായ ന്യൂക്യാമ്പിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ജയം നേടിയത്

    Image Credits: AFP

    Image Credits: AFP

    • Share this:
      സൂപ്പർ സൺഡേയിൽ ഫുട്ബോൾ ലോകം ആവേശത്തോടെ കാത്തിരുന്ന സ്പാനിഷ് ലീഗിലെ റയൽ മാഡ്രിഡ് - ബാഴ്‌സലോണ (Real Madrid vs Barcelona) എൽ ക്ലാസിക്കോ (El Classico) പോരാട്ടത്തിൽ വിജയം റയൽ മാഡ്രിഡിന്. ബാഴ്‌സയുടെ സ്വന്തം മൈതാനമായ ന്യൂക്യാമ്പിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ജയം നേടിയത്. ഡേവിഡ് അലബ (32), ലൂക്കാസ് വാസ്‌ക്വസ് (90+3) എന്നിവരാണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്. സെർജിയോ അഗ്വേറൊയാണ് (90+7) ബാഴ്‌സയുടെ ആശ്വാസ ഗോൾ നേടിയത്.

      മെസ്സി ബാഴ്‌സ വിട്ടതിന് ശേഷം ആദ്യ എൽ ക്ലാസിക്കോയ്ക്ക് ഇറങ്ങിയ ബാഴ്‌സയ്ക്ക് സ്വന്തം ഗ്രൗണ്ടിലെ തോൽവി കയ്‌പേറിയ അനുഭവമായി. തുടരെ രണ്ട് ജയങ്ങൾ നേടി ലീഗിൽ തിരിച്ചുവരവിന്റെ സൂചനകൾ നൽകി തുടങ്ങുകയായിരുന്ന ബാഴ്‌സയ്ക്ക് തോൽവി വലിയ തിരിച്ചടിയായി. റയലിനെതിരായ തോൽവി ബാഴ്‌സ പരിശീലകൻ റൊണാൾഡ്‌ കൂമാന്റെ പരിശീലക സ്ഥാനം സമ്മർദ്ദത്തിലാക്കും.

      എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്‌സയാണ് മത്സരത്തിലെ ആദ്യ മുന്നേറ്റത്തിന് തുടക്കമിട്ടത്. ബാഴ്‌സ ഫുൾബാക്കായ സെർജിനോ ഡെസ്റ്റിന് മികച്ച അവസരമാണ് ലഭിച്ചതെങ്കിലും, താരത്തിന് ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. തുടക്കത്തിൽ പുറകോട്ട് പോയെങ്കിലും കളി പുരോഗമിക്കുന്തോറും റയൽ കളിയിൽ മേധാവിത്വം നേടിയെടുക്കാൻ തുടങ്ങുന്ന കാഴ്ചയാണ് കണ്ടത്.

      32ാ൦ മിനിറ്റിൽ ന്യൂക്യാമ്പിൽ റയൽ മാഡ്രിഡ് ആരാധകർ ആഗ്രഹിച്ച നിമിഷം പിറക്കുകയായിരുന്നു. സ്വന്തം പകുതിയിൽ നിന്ന് ആരംഭിച്ച ഒരു കൗണ്ടർ അറ്റാക്കിൽ നിന്നാണ് ബാഴ്‌സയുടെ ഗോൾവല തുളച്ച് റയൽ ആദ്യ ഗോൾ നേടിയത്. റോഡ്രിഗോയുടെ പന്ത് സ്വീകരിച്ച് റയൽ പ്രതിരോധ താരം ഡേവിഡ് അലബ തൊടുത്ത ഷോട്ട് ബാഴ്‌സ ഗോളി ടെർസ്റ്റെഗന് തടുക്കാൻ കഴിഞ്ഞില്ല. തന്റെ ആദ്യ എൽ ക്ലാസിക്കോയ്ക്ക് ഇറങ്ങിയ ഓസ്ട്രിയൻ താരം റയൽ മാഡ്രിഡിന് വേണ്ടി ലാലിഗയിൽ നേടുന്ന ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.

      രണ്ടാം പകുതിയിൽ തിരിച്ചുവരാൻ ബാഴ്സലോണ ശ്രമിച്ചെങ്കിലും മികച്ച അവസരങ്ങൾ സൃഷ്ടിച്ചെടുക്കാൻ അവർക്ക് കഴിഞ്ഞില്ല. ഗോൾ നേടുക എന്ന ലക്ഷ്യത്തോടെ 74ാ൦ മിനിറ്റിൽ യുവതാരം അൻസു ഫാറ്റിയെ പിൻവലിച്ച് കൂമാൻ അഗ്വേറോയെ ഇറക്കിയെങ്കിലും ബാഴ്‌സയ്ക്ക് ഒപ്പം പിടിക്കാൻ കഴിഞ്ഞില്ല. കളിയുടെ ഇഞ്ചുറി സമയത്ത് ലൂക്കാസ് വാസ്‌ക്വസ് കൂടി ഗോൾ നേടിയതോടെ ബാഴ്‌സയുടെ തിരിച്ചുവരവ് സ്വപ്‌നങ്ങൾ പൊലിയുകയായിരുന്നു. കളിയുടെ അവസാന നിമിഷത്തിൽ ബാഴ്‌സയ്ക്ക് വേണ്ടി തന്റെ ആദ്യ ഗോൾ കുറിച്ച അഗ്വേറൊ ബാഴ്‌സയുടെ പരാജയഭാരം ഒരു ഗോളിലേക്ക് ഒതുക്കി.

      മത്സരത്തിലെ ജയത്തോടെ റയൽ മാഡ്രിഡ് ഒമ്പത് കളികളിൽ നിന്നും 20 പോയിന്റുമായി വീണ്ടും പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. അതേസമയം ഒമ്പത് കളികളിൽ നിന്നും 15 പോയിന്റ് മാത്രമുള്ള ബാഴ്‌സ ടേബിളിൽ ഒമ്പതാം സ്ഥാനത്താണ്.
      Published by:Naveen
      First published:
      )}