Leander Paes| രാഷ്ട്രീയത്തിൽ ലിയാണ്ടർ പെയ്സിന്റെ പുതിയ എയ്സ്; തൃണമൂൽ കോൺഗ്രസിൽ ചേർന്ന് ടെന്നീസ് ഇതിഹാസം
Leander Paes| രാഷ്ട്രീയത്തിൽ ലിയാണ്ടർ പെയ്സിന്റെ പുതിയ എയ്സ്; തൃണമൂൽ കോൺഗ്രസിൽ ചേർന്ന് ടെന്നീസ് ഇതിഹാസം
ഗോവയിൽ വെച്ച് നടന്ന തൃണമൂൽ കോൺഗ്രസിന്റെ പാർട്ടി പരിപാടിയിൽ പാര്‍ട്ടി അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തിലായിരുന്നു പെയ്സിന്റെ പാർട്ടി പ്രവേശം.
ടെന്നീസ് കോർട്ടിൽ റാക്കറ്റ് ഏന്തിയ കൈയിലേക്ക് തൃണമൂൽ കോൺഗ്രസിന്റെ (Trinamool Congress) പാർട്ടി കൊടി പിടിച്ച് ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാണ്ടർ പെയ്സ് (Leander Paes). രാഷ്ട്രീയത്തിൽ തൃണമൂൽ കോൺഗ്രസിനൊപ്പമാകും പെയ്സിന്റെ പുതിയ എയ്സുകൾ. ഗോവയിൽ വെച്ച് നടന്ന തൃണമൂൽ കോൺഗ്രസിന്റെ പാർട്ടി പരിപാടിയിൽ പാര്‍ട്ടി അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ (Mamata Banerjee) സാന്നിധ്യത്തിലായിരുന്നു പെയ്സിന്റെ പാർട്ടി പ്രവേശം.
വെള്ളിയാഴ്ചയാണ് പെയ്സ് പാര്‍ട്ടിയില്‍ ചേര്‍ന്നതായി മമത ബാനര്‍ജി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ''ലിയാണ്ടര്‍ പെയ്സ് പാര്‍ട്ടിയില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ട്. അതിയായ സന്തോഷത്തിലാണ് ഞാൻ. അവന് എന്റെ ഇളയ സഹോദരനാണ്. സ്പോര്‍ട്സ്,യുവജനക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കാലം മുതൽക്ക് തന്നെ പെയ്സിനെ അടുത്തറിയാം. അന്ന് അദ്ദേഹം വളരെ ചെറുപ്പമായിരുന്നു'' മമത പറഞ്ഞു.
തൃണമൂൽ കോൺഗ്രസിന്റെ പാർട്ടി പ്രചാരണവുമായാണ് മമത കഴിഞ്ഞ ദിവസം ഗോവയിലെത്തിയത്. 2022ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായും ബിജെപിയുടെ കോട്ടയായ ഗോവ പിടിക്കുന്നതിന് വേണ്ടിയുമാണ് പാർട്ടിയിലേക്ക് പ്രമുഖ വ്യക്തികളെ അണിനിരത്തുന്നത്. നടിയും സാമൂഹ്യ പ്രവർത്തകയുമായ നഫീസ അലിയും ഇതേ പരിപാടിയിൽ വെച്ച് തൃണമൂൽ കോൺഗ്രസിനൊപ്പം ചേർന്നു.
തൃണമൂൽ കോൺഗ്രസ് തങ്ങളുടെ പുതിയ അംഗമായ പെയ്സിനെ ഔദ്യോഗിക ട്വിറ്റർ പോസ്റ്റിലൂടെ സ്വാഗതം ചെയ്തു, “ഇന്ന് ഞങ്ങളുടെ ബഹുമാനപ്പെട്ട ചെയർപേഴ്സൺ മമതയുടെ സാന്നിധ്യത്തിൽ ശ്രീ ലിയാണ്ടർ പെയ്സ് ഞങ്ങളോടൊപ്പം ചേർന്നുവെന്നത് ഏവരെയും അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്! 2014 മുതൽ ഓരോ ജനങ്ങളും കാത്തിരിക്കുന്ന ജനാധിപത്യത്തിന്റെ പ്രഭയിൽ കുളിച്ച ഒരു പ്രഭാതത്തിന്റെ പിറവിക്കായി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും."
പശ്ചിമബംഗാളുകാരനായ പെയ്സ് നിലവില്‍ മുംബൈയിലാണ് താമസം. ഡബിൾസിലെ ഏറ്റവും മികച്ച ടെന്നീസ് കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന പെയ്സിന്റെ പേരിലാണ് ഡേവിസ് കപ്പിൽ ഡബിൾസിൽ ഏറ്റവും കൂടുതൽ ജയം നേടിയതിന്റെ റെക്കോർഡ്. തന്റെ ടെന്നീസ് കരിയറിൽ നിന്നും എട്ട് പുരുഷ ഡബിൾസ്, 10 മിക്സഡ് ഡബിൾസ് ഗ്രാൻഡ്സ്ലാം കിരീടങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.
പുരുഷ ഡബിൾസിലും മിക്സഡ് ഡബിൾസിലും കരിയർ ഗ്രാൻഡ് സ്ലാം നേടിയ അദ്ദേഹം 1999 വിംബിൾഡൺ ചാമ്പ്യൻഷിപ്പിൽ പുരുഷ ഡബിൾസ്/മിക്സഡ് ഡബിൾസ് കിരീടം നേടി അപൂർവ ഡബിൾ നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. 2010 ൽ മിക്സഡ് ഡബിൾസിൽ വിംബിൾഡൺ കിരീടം സ്വന്തമാക്കിയ പെയ്സ് റോഡ് ലോവറിന് ശേഷം മൂന്ന് പതിറ്റാണ്ടുകളിലായി വിംബിൾഡൺ കിരീടം നേടുന്ന ആദ്യത്തെ വ്യക്തി എന്ന നേട്ടം കൂടി സ്വന്തമാക്കിയിരുന്നു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.