• HOME
 • »
 • NEWS
 • »
 • sports
 • »
 • Euro Cup|യൂറോ കപ്പ്: ഇംഗ്ലണ്ടിനെ വെംബ്ലിയിൽ വെച്ച് നേരിടാൻ ഭയമില്ല, മത്സരം ആസ്വദിച്ച് കളിക്കുകയാണ് ലക്ഷ്യം - ബൊന്നുച്ചി

Euro Cup|യൂറോ കപ്പ്: ഇംഗ്ലണ്ടിനെ വെംബ്ലിയിൽ വെച്ച് നേരിടാൻ ഭയമില്ല, മത്സരം ആസ്വദിച്ച് കളിക്കുകയാണ് ലക്ഷ്യം - ബൊന്നുച്ചി

മത്സരം ആസ്വദിച്ച് കളിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. ബാക്കിയുള്ളതെല്ലാം കളത്തിനു പുറത്തെ കാര്യങ്ങളാണ്. അതിൽ വലിയ കാര്യമില്ല. ഫൈനലിൽ യൂറോപ്യൻ ഫുട്‍ബോളിന്റെയും ലോക ഫുട്‍ബോളിന്റെയും ഏറ്റവും മികച്ച നിലവാരത്തിലെ ഒരു കളിയാകും നിങ്ങൾ കാണാൻ പോകുന്നത്.- ബൊന്നുച്ചി പറഞ്ഞു.

Leonardo Bonnucci

Leonardo Bonnucci

 • Share this:


  ലാറ്റിൻ അമേരിക്കയിൽ മെസ്സിയുടെയും കൂട്ടരുടെയും കിരീടധാരണം കഴിഞ്ഞു. ഇനി യൂറോപ്പിലെ രാജാക്കന്മാർ ആരാകും എന്ന കാത്തിരിപ്പിലാണ് ഫുട്‍ബോൾ ലോകം. ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഫൈനൽ വിസിൽ മുഴങ്ങാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കി. യൂറോപ്പിലെ ചാംപ്യൻപട്ടത്തിനായി കൊമ്പ് കോർക്കുന്നത് ടൂർണമെന്റിൽ മികച്ച പ്രകടനം പുലർത്തി മുന്നേറിയ രണ്ട് ടീമുകളാണ്. 55 വർഷങ്ങൾക്ക് ശേഷം ഫൈനലിൽ എത്തി ചരിത്ര നേട്ടത്തിന് അരികിൽ നിൽക്കുന്ന ഇംഗ്ലണ്ടും മറുവശത്ത് റോബർട്ടോ മാൻചീനി എന്ന തന്ത്രശാലിയായ പരിശീലകന് കീഴിൽ 33 മത്സരങ്ങളിൽ തോൽവിയറിയാതെ കുതിക്കുന്ന ഇറ്റലിയുമാണ് ഈ രണ്ട് ടീമുകൾ.

  വെംബ്ലിയിൽ നടക്കുന്ന മത്സരം ഇംഗ്ലണ്ടിന് ഒരു തരത്തിൽ ഹോം മത്സരമാണ്. ഫൈനൽ പോലെ നിർണായകമായൊരു മത്സരം തങ്ങളുടെ സ്വന്തം നാട്ടിൽ സ്വന്തം ആരാധകർക്ക് മുന്നിൽ കളിക്കാൻ കഴിയുമെന്നത് ഇംഗ്ലണ്ടിന് ഇറ്റലിക്ക് മേൽ ചെറിയ മുൻതൂക്കം നൽകും എന്ന വിലയിരുത്തലുകളുണ്ട്. ഇത്തരം വിലയിരുത്തലുകളിൽ കാര്യമില്ല എന്നും ഇംഗ്ലണ്ടിനെതിരെ അവരുടെ തട്ടകമായ വെംബ്ലിയിൽ വെച്ച് ഫൈനലിൽ നേരിടാൻ യാതൊരു ഭയവുമില്ലെന്ന അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ഇറ്റലിയുടെ പ്രതിരോധ താരമായ ലിയോണാർഡോ ബൊന്നുച്ചി.

  "മത്സരം ആസ്വദിച്ച് കളിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. ബാക്കിയുള്ളതെല്ലാം കളത്തിനു പുറത്തെ കാര്യങ്ങളാണ്. അതിൽ വലിയ കാര്യമില്ല. ഫൈനലിൽ യൂറോപ്യൻ ഫുട്‍ബോളിന്റെയും ലോക ഫുട്‍ബോളിന്റെയും ഏറ്റവും മികച്ച നിലവാരത്തിലെ ഒരു കളിയാകും നിങ്ങൾ കാണാൻ പോകുന്നത്. അത് ഇറ്റലിയുടെ ഭാഗത്ത് നിന്നും മാത്രമല്ല മറിച്ച് ഇംഗ്ലണ്ടിന്റേയും ഒപ്പം മത്സരം നിയന്ത്രിക്കുന്ന റഫറിമാർക്ക് വരെ ഇതിൽ പങ്കുണ്ടാകും." ബൊന്നുച്ചി പറഞ്ഞു.

  "നാളത്തെ മത്സരത്തിൽ ഇംഗ്ലീഷ് ആരാധകർ തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിൽ ഒരു ചരിത്രപരമായ നേട്ടം കൈവരിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഞങ്ങളുടെ കഴിവിന്റെ പരമാവധി തന്നെ ഞങ്ങൾ പുറത്തെടുക്കും. എന്നിട്ട് നോക്കാം മത്സരം എങ്ങനെ അവസാനിക്കുന്നത് എന്ന്." ബൊന്നുച്ചി കൂട്ടിച്ചേർത്തു.  ബൊന്നുച്ചിയും കില്ലെനിയും അണിനിരക്കുന്ന ഇറ്റലിയുടെ 'സീനിയർ' പ്രതിരോധ നിരക്ക് ഇംഗ്ലണ്ടിന്റെ ചെറുപ്പക്കാരായ ആക്രമണ താരങ്ങൾക്കെതിരെ ഫൈനലിൽ പിടിപ്പതു പണിയുണ്ടാകുമെന്നാണ് ഫുട്ബോൾ പണ്ഡിതർ വിലയിരുത്തുന്നത്. ഇംഗ്ലണ്ടിന്റെ മുന്നേറ്റ താരങ്ങൾ തങ്ങൾക്ക് നൽകാൻ പോകുന്ന വെല്ലുവിളിയെക്കുറിച്ച് ബോധ്യമുള്ള താരം ഇതേക്കുറിച്ച് പറയുന്നത് ഇങ്ങനെ, "ഇത് പ്രായമായവരും ചെറുപ്പക്കാരും തമ്മിലുള്ള പോരാട്ടമാണ്. ഇംഗ്ലണ്ടിന്റെ മുന്നേറ്റ നിരയിലെ കളിക്കാർ വളരെ ശക്തരാണ്. അതിനാൽ ഞങ്ങൾ ഞങ്ങളുടെ പ്രതിരോധത്തിൽ വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്, അവർ ഞങ്ങളെ എങ്ങനെയായിരിക്കും ബുദ്ധിമുട്ടിക്കുക എന്നത് ഞങ്ങൾക്കറിയാം. അതിനാൽ ഇംഗ്ലണ്ടിന്റെ മുന്നേറ്റ താരങ്ങൾക്കുള്ള വേഗതയുടെ കാര്യത്തിൽ ഞങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്." ബൊന്നുച്ചി പറഞ്ഞു.

  2018 ലോകകപ്പിന് യോഗ്യത നേടാനാവാതെ പോയതിന് ശേഷം മാൻചീനി ടീമിനെ ഏറ്റെടുത്തപ്പോൾ മുതൽ ടീമിലുണ്ടായ മാറ്റത്തെക്കുറിച്ചും താരം വാചാലനായി. "മാൻചീനി ടീമിലെ കളിക്കാരിൽ ഇരു പുതിയ ഊർജ്ജം നിറക്കുന്ന ചെയ്തത്. എല്ലാവരുടെയും മനസ്സിൽ ഒരു പുതിയ തുടക്കത്തെ കുറിച്ചുള്ള ചിന്ത കയറി വന്നു. മാൻചീനി ടീമിൽ അടിമുടി മാറ്റം കൊണ്ടുവന്നു. യൂറോ കപ്പ് ഒരു വർഷം കൂടി നീണ്ടത് കാരണം ശെരിക്കും ഒരുങ്ങാനുള്ള അവസരം കൂടി ഞങ്ങൾക്ക് കൈവന്നു. ഇത് യുവതാരങ്ങൾക്കൊപ്പം ഞങ്ങളെ പോലുള്ള സീനിയർ താരങ്ങൾക്കും കുറേക്കൂടി അനുഭവസമ്പത്ത് നേടുന്നതിൽ സഹായകമായി. ഇതിൽ നിന്നെല്ലാം നേടിയ ഊർജ്ജമാണ് ഞങ്ങളുടെ ഇപ്പോഴത്തെ പ്രകടനത്തിന്റെ അടിസ്ഥാനം. ഇത്തരത്തിൽ ഒരു പ്രകടനം മൂന്ന് വർഷം പിന്നിൽ നിന്ന് നോക്കുമ്പോൾ സാധ്യം എന്ന് തോന്നിയിരുന്നില്ല. അതെല്ലാം കഴിഞ്ഞു പോയ കാര്യങ്ങളാണ്. എന്തിരുന്നാലും ഫൈനലിൽ ഞങ്ങൾ കിരീടത്തിനായി കൈമെയ് മറന്ന് പോരാടും." ബൊന്നുച്ചി പറഞ്ഞു.
  Published by:Naveen
  First published: