ഐസിസി ടിന്റി 20 ലോകകപ്പിലെ(ICC T20 World Cup) നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനോട്(New Zealand) എട്ടു വിക്കറ്റിന്റെ ദയനീയ തോല്‍വി വഴങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ(India). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം 14.3 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടന്നു. ഗ്രൂപ്പിലെ രണ്ടാം തോല്‍വിയോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനോട് 10 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയിരുന്നു.
ഇപ്പോഴിതാ ഇന്ത്യ കാഴ്ച വെച്ച ദയനീയ പ്രകടനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന് മൈക്കല്‍ വോണ്‍(Michael Vaughan). മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തകര്‍ച്ച നേരിടവെ അവര്‍ കളിക്കുന്നത് 2010 ലെ ക്രിക്കറ്റാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെ വിമര്‍ശനമുന്നയിച്ച വോണ്‍, അന്നത്തെ കാലത്ത് നിന്ന് കളി ഏറെ മുന്നോട്ട് പോയെന്നും പറഞ്ഞു.
India are playing 2010 Cricket .. The game has moved on .. #T20WorldCup
— Michael Vaughan (@MichaelVaughan) October 31, 2021
വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഇന്ത്യയുടെ പ്രകടനത്തെ ചോദ്യം ചെയ്ത വോണ്‍, രാജ്യത്ത് ലഭ്യമായ പ്രതിഭകളുടെ അളവ് ഉപയോഗിച്ച് പരിമിത ഓവര്‍ ക്രിക്കറ്റില്‍ ആവശ്യത്തിന് നേട്ടങ്ങള്‍ കൈവരിക്കാന്‍ ടീം ഇന്ത്യക്ക് കഴിയുന്നില്ലെന്നും വ്യക്തമാക്കി. ഇന്ത്യ ഈ ലോകകപ്പില്‍ സെമിഫൈനല്‍ കാണാതെ പുറത്തായേക്കാമെന്നും ടീമിലെ പ്രതിഭകളുടെ ഇതു വരെയുള്ള മനോഭാവവും, സമീപനവും ശരിയായ രീതിയിലായിരുന്നില്ലെന്നും ഇതിനോടൊപ്പം വോണ്‍ ട്വിറ്ററില്‍ കുറിച്ചു.
ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ കളികാരുടെ പ്രകടനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഒരു വഴിയും മൈക്കല്‍ വോണ്‍ ഉപദേശിച്ചു. വിദേശ ലീഗുകളില്‍ അവരെ കളിക്കാന്‍ അനുവദിക്കണമെന്നാണ് വോണ്‍ ബിസിസിഐയോട് ആവശ്യപ്പെടുന്നത്.
India should take a leaf out of all other countries … Allow their players to play in other leagues around the World to gain experience … #India #T20WorldCup
— Michael Vaughan (@MichaelVaughan) October 31, 2021
ന്യൂസിലന്‍ഡിനെതിരെയും പരാജയപ്പെട്ടതോടെ ടി20 ലോകകപ്പില്‍ ഇക്കുറി ഇന്ത്യ സെമിയിലെത്താനുള്ള സാധ്യതകള്‍ മങ്ങിക്കഴിഞ്ഞു. ഇനിയുള്ള മൂന്ന് മത്സരങ്ങളിലും വലിയ മാര്‍ജിനില്‍ വിജയം നേടുകയും ഗ്രൂപ്പിലെ മറ്റ് ചില മത്സരഫലങ്ങള്‍ അനുകൂലമാവുകയും ചെയ്താല്‍ മാത്രമേ ഇന്ത്യക്ക് ഇത്തവണ സെമിയിലേക്ക് കടക്കാനാകൂ.
ഇന്ത്യക്കെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ 35 പന്തുകള്‍ നേരിട്ട് മൂന്ന് സിക്സും നാല് ഫോറുമടക്കം 49 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് മറുപടി ബാറ്റിങ്ങില്‍ കിവീസ് സ്കോറിങ്ങിന് അടിത്തറ പാകിയത്. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണൊപ്പം 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും മിച്ചലിനായി.
നേരത്തെ ടോസ്സ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ടീം നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് മാത്രമാണ് നേടിയത്. 19 പന്തില്‍ നിന്ന് ഒരു സിക്സും രണ്ടു ഫോറുമടക്കം 26 റണ്‍സോടെ പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ICC T20 World Cup, India vs New Zealand, Michael Vaughan