• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ലെവ് യാഷിന്‍ - ഇതിഹാസങ്ങളുടെ ഇതിഹാസം

news18india
Updated: June 28, 2018, 6:07 PM IST
ലെവ് യാഷിന്‍ - ഇതിഹാസങ്ങളുടെ ഇതിഹാസം
news18india
Updated: June 28, 2018, 6:07 PM IST
#സിബി സത്യൻ

മാര്‍വെല്‍ കോമിക്‌സ് സ്‌പൈഡര്‍മാനെ അവതരിപ്പിക്കുന്നതിനും മുമ്പ് ലോകത്തൊരു ചിലന്തിമനുഷ്യന്‍ ഉണ്ടായിരുന്നു. അയാള്‍ കറുത്ത കുപ്പായമണിഞ്ഞ് അപാരമായ ഒരു ഗോള്‍വലയ്ക്കു കീഴെ എട്ടു കാലുകളുമായി തക്കം പാര്‍ത്തിരുന്നു. മെയ് വഴക്കം കൊണ്ടു ലോകത്തെ വിസ്മയിപ്പിച്ചു. അതിര്‍ത്തി കാക്കുന്ന ഒറ്റയാള്‍പ്പടയെപ്പോലെ ഗോള്‍വരയ്ക്കിപ്പുറത്ത് ഇരമ്പിയാര്‍ക്കുന്ന മുന്നേറ്റത്തിനും കരള്‍ പിളര്‍ക്കാനെത്തുന്ന ഒരു പന്തിനും മുന്നില്‍ നെഞ്ചു വിരിച്ചു നിന്നു. ഒരു കഠിനയുദ്ധം വ്രണങ്ങളാഴ്ത്തിയ ജനതയുടെ ചിലമ്പിച്ച ഹൃദയങ്ങളില്‍ അയാള്‍ ആശയും ആവേശവുമായി. ചുവപ്പു പുതച്ച സോവിയറ്റ് യൂണിയന്‍റെ ഗതകാലസ്മരണകളില്‍ കൈവിരിച്ച് ലെവ് യാഷിന്‍ നില്‍ക്കുന്നുണ്ട്, സ്മരണകളിരമ്പുന്നുണ്ട്. ചിതറിത്തറിച്ച സോവിയറ്റ് യൂണിയന്‍റെ വിവിധ പ്രവിശ്യകളെ ഒരാളിന്‍റെ ഓര്‍മ്മ ഒരുമിപ്പിക്കുന്നുണ്ട്. അത്രമേല്‍ പ്രിയനാണയാളവര്‍ക്ക്.

ലെവ് യാഷിന്‍. ലോകത്ത് പകരം വെയ്ക്കാനാളില്ലാത്ത ഗോളി. ഫിഫയുടെ നൂറ്റാണ്ടിലെ ടീമില്‍ സ്ഥാനം കണ്ടെത്തിയ ഒരേയൊരു ഗോളി. മികച്ച കളിക്കാരനുള്ള ബലോണ്‍ ഡി ഓര്‍ അതിന്‍റെ ചരിത്രത്തിലിന്നേ വരെ സ്വന്തമാക്കിയ ഒരേയൊരു ഗോള്‍ കീപ്പര്‍. റഷ്യയുടെ ആദ്യത്തെ യൂറോപ്യന്‍ ലീഗ് കീരീടത്തില്‍ (ഇന്നത്തെ യൂറോ കപ്പ്) അവരെയെത്തിച്ചയാള്‍. റഷ്യയുടെ ഏറ്റവും വലിയ പ്രകടനമായ വേള്‍ഡ് കപ്പ് സെമി വരെ അവരെ നയിച്ചയാള്‍. 150ലേറെ പെനാല്‍റ്റികള്‍ സേവ് ചെയ്ത ഒരുപക്ഷേ ലോകത്തിലെ ഒരേയൊരു ഗോള്‍ കീപ്പര്‍. 270 കളികളില്‍ ഒറ്റഗോള്‍ വഴങ്ങാതെ വല കാത്തവന്‍. ഗോളിയെന്നത് വലയ്ക്കു താഴെ പന്തിനായി കാത്തിരിക്കുന്ന ഒരാളല്ലെന്നും പെനാല്‍റ്റി ബോക്‌സിനു പുറത്തെ പുല്‍മേടുകള്‍ അയാളെ കാത്തിരിക്കുന്നുവെന്നും ലോകത്തെ കാട്ടിക്കൊടുത്ത ലോകത്തിലെ ആദ്യത്തെ സ്വീപ്പര്‍ കീപ്പര്‍. എന്തിനേറെ പന്ത് കൈയിലൊതുക്കലാണ് ഗോളിയുടെ ജോലിയെന്നു വിശ്വസിച്ച അന്നത്തെ ലോകത്തിനു മുന്നിലേക്ക് പന്തു കുത്തിയകത്തുന്നത് ആദ്യമായി കാട്ടിക്കൊടുത്തതും യാഷിനായിരുന്നു. അയാള്‍ പ്രതിരോധക്കാരുമായി നിരന്തരമായി സംവദിച്ചു. മൈതാനത്ത് പ്രതിരോധക്കാരോട് നിരന്തരം അലറി വിളിച്ചു. കുതിച്ചു കയറുന്ന ഫോര്‍വേഡുകളെ പ്രതിരോധിക്കാന്‍ പെനാല്‍റ്റി ബോക്‌സില്‍ നിന്ന് ഇറങ്ങി വന്നു. അയാള്‍ ഗോള്‍കീപ്പറിന്റെ റോളിനെ പുനര്‍നിര്‍വചിച്ചു. ഫാക്ടറികളില്‍ പണിയെടുക്കുകയും റേഷന്‍കടകളില്‍ ക്യൂ നില്‍ക്കുകയും ചെയ്ത ഒരു ജനതയുടെ ആശയും ആവേശവുമായി. തെരുവുകള്‍ അയാള്‍ക്കു വേണ്ടി ഇരമ്പിയാര്‍ത്തു. ശീതയുദ്ധത്തിന്‍റെ കാലത്ത് സോവിയറ്റ് യൂണിയന്‍റെ അഭിമാനമുയര്‍ത്തിയ യൂറി ഗഗാറിനെപ്പോലെ ലെവ് യാഷിനും അവരുടെ അഭിമാനസ്തംഭമായി.യുദ്ധവും ദുരിതവും പട്ടിണിയും നിറഞ്ഞ ബാല്യമായിരുന്നു അയാളുടേത്. രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് യൂണിയനിലേക്ക് ഇരച്ചു കയറിയ ജര്‍മ്മന്‍ പടയുടെ ആക്രമണവും പട്ടിണിയും രോഗവും നാലുപാടും മരണങ്ങളും. പതിമൂന്നാം വയസില്‍ ഒരു ആയുധഫാക്ടറിയില്‍ ജോലിക്കു കയറിയ, നഷ്ടപ്പെട്ട ബാല്യം. പട്ടിണി കൊണ്ട് തുകല്‍ ബെല്‍റ്റുകള്‍ തിളപ്പിച്ച് സൂപ്പാക്കി കുടിച്ച ഒരു ജനത. യുദ്ധം അവസാനിക്കുമ്പോള്‍ ജനലക്ഷങ്ങള്‍ സോവിയറ്റിന്‍റെ മണ്ണില്‍ നിന്ന് അപ്രത്യക്ഷരായിരുന്നു. തങ്ങള്‍ ഫുട്‌ബോള്‍ കളിക്കുമ്പോള്‍ അതിന്‍റെ ഫലമെന്താണ് എന്നത് തങ്ങള്‍ക്ക് എത്രമാത്രം അപ്രസക്തമായിരുന്നുവെന്നും മറിച്ച് ഈ കളിയുടെ ആനന്ദമനുഭവിക്കാന്‍ വേണ്ടി ജീവിച്ചിരിക്കാനായല്ലോ എന്നതായിരുന്നു ഏറ്റവും വലിയ സന്തോഷമെന്നും യാഷിന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.

1950ല്‍ ഡൈനാമോ മോസ്‌കോ എന്ന ക്ലബിന്‍റെ ജൂനിയര്‍ ടീമില്‍ അരങ്ങേറ്റം. ആദ്യമത്സരത്തില്‍ എതിര്‍ഗോളി അടിച്ചകറ്റിയ പന്ത് സ്വന്തം വലയില്‍ കയറാനനുവദിച്ച് ദയനീയ തുടക്കം. തുടര്‍ന്ന് മൂന്നു വര്‍ഷത്തോളം കളിക്കാന്‍ അവസരം കിട്ടിയില്ല. ഇതിനിടെ ഐസ് ഹോക്കി ടീമില്‍ ഗോള്‍കീപ്പറായി ഉജ്ജ്വലപ്രകടനം കാഴ്ചവെച്ചു. ദേശീയതലത്തില്‍ ക്ലബിന് കിരീടം നേടിക്കൊടുത്തു. എന്നാല്‍ ഫുട്‌ബോള്‍ സീനിയര്‍ ടീമിലേക്ക് ക്ഷണം വന്നപ്പോള്‍ ഐസ് ഹോക്കിയോട് വിട പറഞ്ഞ് പുല്‍മൈതാനത്തേക്കു മടങ്ങി. 1954ല്‍ ദേശീയ ടീമിലേക്കു വിളിക്കപ്പെട്ടു. 1956ലെ ഒളിംപിക് സ്വര്‍ണമാണ് യാഷിനെ റഷ്യയുടെ ദേശീയഹീറോ ആക്കിയത്. ആ ടീം സോവിയറ്റ് യൂണിയന്‍ മുഴുവന്‍ ട്രയിനില്‍ സഞ്ചരിച്ച് രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങി. 1958 ലെ ലോകകപ്പില്‍ യാഷിന്‍ എന്താണെന്നു ലോകം കണ്ടു. ആദ്യത്തെ ലൈവ് ടെലികാസ്റ്റ് നടത്തപ്പെട്ട ലോകകപ്പായിരുന്നു അത്.

ഗോള്‍വല ഫുട്‌ബോളിന്റെ അതിര്‍ത്തിയാണ്. ഗോളി അതിര്‍ത്തി കാക്കുന്നവനാണ്. യാഷിന്‍ വെറുമൊരു ഗോളിയായിരുന്നില്ല. സോവിയറ്റ് യൂണിയന്റെ ഗോളിയായിരുന്നു. ആ ജനതയ്ക്ക് അതിര്‍ത്തി ഒരു വികാരമായിരുന്നു. അവരുടെ ബാല്യത്തില്‍ അതിര്‍ത്തിഭേദനം അവരനുഭവിച്ച ഹൃദയം പിളര്‍ക്കുന്ന യാഥാര്‍ഥ്യമായിരുന്നു. അത് തിരിച്ചു പിടിക്കാനുള്ള യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് ദശലക്ഷങ്ങള്‍ക്കായിരുന്നു. ഓരോ അതിര്‍ത്തി ഭേദനവും അവര്‍ക്ക് ഒരു ആത്മാഭിമാന പ്രശ്‌നമാണ്. അതുകൊണ്ടു തന്നെയാണ് യാഷിന്‍ അവര്‍ക്ക് വെറുമൊരു ഗോളി അല്ലാതായത്. മറിച്ച് അതിര്‍ത്തി കാക്കുന്ന ദേശീയ നായകനായത്. അവരയാളെ കരിമ്പുലി (ബ്ലാക്ക് പാന്തര്‍) എന്നു വിളിച്ചു. ലോകം അയാളെ ബ്ലാക്ക് സ്‌പൈഡര്‍ എന്നും.
Loading...യാഷിന്‍റെ ജീവിതവും സോവിയറ്റ് യൂണിയന്‍റെ ചരിത്രവും ഇഴപിരിയാനാവാതെ ബന്ധപ്പെട്ടു കിടക്കുന്നു. 1956ല്‍ യാഷിന്‍റെ ഉജ്ജ്വല പ്രകടനത്തിന്‍റെ സഹായത്തോടെ സോവിയറ്റ് യൂണിയന്‍ ഒളിപിംക് ഫുട്‌ബോള്‍ സ്വര്‍ണം നേടി. 1957ല്‍ രാജ്യം ആദ്യഉപഗ്രഹം സ്പുട്‌നിക്ക് വിക്ഷേപിച്ചു. 1958 ലോകകപ്പില്‍ രാജ്യം ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി. 1959 ല്‍ അവര്‍ ചന്ദ്രഭ്രമണപഥത്തില്‍ ലൂണാ 2വിനെ എത്തിച്ചു. 1960 ല്‍ യാഷിന്‍റെ കരുത്തില്‍ സോവിയറ്റ് യൂണിയന്‍ ആദ്യത്തെ യൂറോകപ്പ് സ്വന്തമാക്കി. 1961ല്‍ രാജ്യം ബഹിരാകാശത്ത് ആദ്യത്തെ മനുഷ്യനെ - യൂറി ഗഗാറിന്‍- എത്തിച്ചു. 1962 ല്‍ യാഷിന്‍റെ കൈയബദ്ധത്തില്‍ റഷ്യ ലോകകപ്പ് ക്വാര്‍ട്ടറില്‍ പുറത്തായി. യാഷിന്‍ വിരമിക്കണമെന്ന് രാജ്യമെമ്പാടും ആവശ്യമുയര്‍ന്നു. അതേവര്‍ഷം ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയുടെ പേരില്‍ സോവിയറ്റ് യൂണിയനും അമേരിക്കയും ഒരു യുദ്ധത്തിന്‍റെ വക്കിലെത്തി. 1990 ല്‍ യാഷിന്‍ മരിക്കുമ്പോള്‍ സോവിയറ്റ് യൂണിയന്‍ ചിതറിത്തെറിച്ച രാജ്യങ്ങളുടെ അവസാന ശ്വാസമായി മാറിയിരുന്നു.

1962ലെ ലോകകപ്പ് പ്രകടനം യാഷിന്‍റെ ജീവിതത്തിലെ കറുത്ത ഏടായിരുന്നു. കൊളംബിയയ്‌ക്കെതിരെയുള്ള മത്സരത്തില്‍ വഴങ്ങിയ ഒളിംപിക് ഗോളടക്കം (കോര്‍ണറില്‍ നിന്നു നേരിട്ടു കയറുന്ന ഗോള്‍) അബദ്ധങ്ങളുടെ പരമ്പര. ഇതുമായി ബന്ധപ്പെട്ട് റഷ്യന്‍ ഭാഷയില്‍ വന്ന ഏക പത്ര റിപ്പോര്‍ട്ട് പരാജയത്തില്‍ യാഷിനെ മാത്രം കുറ്റപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ കളിക്കിടെ യാഷിന് സംഭവിച്ച കണ്‍കഷന്‍ (ഓര്‍മ്മക്കുറവും കാഴ്ചപ്രശ്‌നവുമുണ്ടാക്കുന്ന തലച്ചോറിനേല്‍ക്കുന്ന പരിക്ക്) ആയിരുന്നു അബദ്ധങ്ങള്‍ക്കു പിന്നിലെന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. തിരികെ നാട്ടിലെത്തിയ യാഷിനെ കാത്തിരുന്നത് ആരാധകരുടെ പ്രതിഷേധങ്ങളായിരുന്നു. വീടിനു നേരെ വരെ ആക്രമണങ്ങളുണ്ടായി. വിരമിക്കാനാവശ്യപ്പെടും ഭീഷണിപ്പെടുത്തിയും കത്തുകളെത്തി. കരിങ്കൊടികളുയര്‍ന്നു. മുമ്പ് ക്ലബ് മത്സരങ്ങളില്‍ ആ പേരു പറയുമ്പോള്‍ ആരവങ്ങളുയര്‍ത്തിയ ആരാധകര്‍ കൂക്കിവിളിക്കാന്‍ തുടങ്ങി.

എന്നാല്‍ 1963ല്‍ യാഷിന്‍ തിരിച്ചു വന്നു. ഇംഗ്ലണ്ടും ലോക ഇലവനും തമ്മിലുള്ള മത്സരത്തില്‍ ലോക ഇലവന്‍ ഗോളിയായി ഒന്നാം പകുതിയില്‍ വല സുരക്ഷിതമാക്കി. റഷ്യന്‍ ലീഗിലെ ഉജ്ജ്വല പ്രകടനത്തിന്‍റെ പശ്ചാത്തലത്തില്‍ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കുന്ന ആദ്യത്തെ ഗോളിയായി. 1964ല്‍ രാജ്യത്തെ യൂറോകപ്പ് ഫൈനലിലെത്തിച്ചുവെങ്കിലും അവിടെ പരാജയപ്പെട്ടു. പക്ഷേ മികച്ച ഗോളിയായി തെരഞ്ഞെടുക്കപ്പെട്ടു. 1966ലെ ലോകകപ്പില്‍ റഷ്യയുടെ ഏറ്റവും മികച്ച പ്രകടനം - സെമി ഫൈനല്‍. നാലം സ്ഥാനം. 1971 ല്‍ യാഷിന്‍ വിരമിക്കുമ്പോള്‍ ആ കളിയില്‍ പങ്കെടുക്കാന്‍ പെലെയും ബെക്കന്‍ ബോവറും യൂസേബിയോയും അടക്കമുള്ള പ്രമുഖരെത്തി. ഒരുലക്ഷത്തില്‍ പരം റഷ്യക്കാര്‍ മോസ്‌കോയില്‍ തങ്ങളുടെ പ്രിയഗോളിക്ക് ആശംസകളര്‍പ്പിക്കാന്‍ തിങ്ങിക്കൂടി.

തുടര്‍ന്ന് ഇരുപതുവര്‍ഷങ്ങള്‍ യാഷിന്‍ ക്ലബ് തലത്തില്‍ പുതുതലമുറയ്ക്കു മാര്‍ഗ നിര്‍ദേശകനായി ജീവിച്ചു. പക്ഷേ യുദ്ധകാലത്തെ പട്ടിണിയുടെ ദുരിതപര്‍വങ്ങള്‍ അയാളെ കളിക്കാലത്തും അലട്ടിക്കൊണ്ടേയിരുന്നു. കടുത്ത ഉദരവേദനയുടെ രൂപത്തില്‍. അത് അര്‍ബുദമായി. തുടര്‍ച്ചയായ പുകവലി മൂലം ഒരു കാല്‍ ഛേദിക്കേണ്ടി വന്നു. 1990 ല്‍ മരിക്കുമ്പോള്‍ അയാള്‍ക്ക് 60 വയസേ ഉണ്ടായിരുന്നുള്ളൂ.സോവിയറ്റ് യൂണിയനോട് അയാള്‍ക്ക് കടുത്ത പ്രണയമായിരുന്നു. ലോകത്ത് ജീവിക്കാന്‍ തനിക്ക് ഈയൊരിടമേയുള്ളൂയെന്ന് അയാള്‍ വിശ്വസിച്ചു. കനത്ത മടിശീലകളുമായി യൂറോപന്‍ ക്ലബുകള്‍ പണം വാരിയെറിഞ്ഞപ്പോഴും അയാള്‍ ദരിദ്രനായി റഷ്യയില്‍ തന്നെ ജീവിച്ചു. പക്ഷേ പെനാല്‍റ്റി ബോക്‌സില്‍ അയാളോടടുക്കാന്‍ എതിര്‍കളിക്കാര്‍ ഭയപ്പെട്ടു. യാഷിനെതിരെ പെനാല്‍റ്റിയെടുത്ത് വലയിലെത്തിക്കുകയെന്നത് എതിര്‍കളിക്കാര്‍ക്ക് പേടിസ്വപ്‌നമായിരുന്നു. അയാള്‍ യുദ്ധങ്ങള്‍ കണ്ടവനായിരുന്നു. വെടിയുണ്ടകളെയും പീരങ്കികളെയും മരണങ്ങളെയും കണ്ടു വളര്‍ന്ന ബാല്യമായിരുന്നു. അയാളെ പെനാല്‍റ്റി ബോക്‌സിലെ ഒരു തുകല്‍പ്പന്ത് ഭയപ്പെടുത്തിയതേയില്ല.

യാഷിന്‍ മരിക്കുമ്പോള്‍ സോവിയറ്റ് യൂണിയന്‍ ചിതറിപ്പോയ ഒരു സ്വപ്‌നമായി തീര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ ഭിന്നിച്ചുപോയ ഓരോ രാജ്യത്തയും ജനതയും അവരുടെ തെരുവുകളും യാഷിനെ ഓര്‍ത്തു. അയാള്‍ തെരുവോരങ്ങളില്‍ വെങ്കല പ്രതിമകളായി. അയാള്‍ ആര്‍ട് ഗ്യാലറികളില്‍ ചിത്രങ്ങളായി. അയാളെക്കുറിച്ച് കവിതകള്‍ എഴുതപ്പെട്ടു. കലയേയും സാഹിത്യത്തേയുമൊക്കെ അയാളുടെ നാമം പ്രചോദിപ്പിച്ചു. അവരുടെ ഓര്‍മ്മകളുടെ പുല്‍മേടുകളില്‍ അയാള്‍ ദിവ്യനക്ഷത്രമായിരുന്നു. അയാള്‍ അവര്‍ക്ക് ഇതിഹാസങ്ങളുടെ ഇതിഹാസമായിരുന്നു. ഒരു ജനതയുടെ സ്മരണകളില്‍ അയാള്‍ ബാക്കി വെച്ചത് അവരൊന്നിച്ചു നിന്ന കാലഘട്ടത്തിന്റെ ദീപ്തിയായിരുന്നു.
First published: June 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...