• HOME
 • »
 • NEWS
 • »
 • sports
 • »
 • കുട്ടനാട്ടിലെ വള്ളംകളിയിൽനിന്ന് ഖത്തറിലെ ലോകകപ്പിലേക്ക്; ജോലി ഉപേക്ഷിച്ച് കമന്‍റേറ്ററായ എഞ്ചിനീയർ

കുട്ടനാട്ടിലെ വള്ളംകളിയിൽനിന്ന് ഖത്തറിലെ ലോകകപ്പിലേക്ക്; ജോലി ഉപേക്ഷിച്ച് കമന്‍റേറ്ററായ എഞ്ചിനീയർ

ഓരോ ഘട്ടത്തിലും കളിക്കാരെക്കുറിച്ചും, ടീമിനെക്കുറിച്ചും പുതിയ അറിവുകൾ പകർന്നുനൽകുമ്പോഴാണ് കമന്‍ററി കൂടുതൽ ആസ്വാദ്യകരവും അർഥമുള്ളതുമാകുന്നതെന്ന് അജു പറയുന്നു

 • Share this:

  ഫിഫ ലോകകപ്പ് 2022 ജിയോ സിനിമ ആപ്പിൽ മലയാളം ഉൾപ്പടെയുള്ള ഭാഷകളിൽ തത്സമയം സ്ട്രീം ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഫുട്ബോൾ ലോകകപ്പിന്‍റെ മലയാളം കമന്‍ററി ഏറെ ശ്രദ്ധേയമാകുന്നുണ്ട്. മികച്ച കമന്‍റേറ്റർമാരും, മുൻതാരങ്ങളും ഉൾപ്പെടുന്ന വിദഗ്ദ്ധ പാനലിനെ തന്നെയാണ് ഇത്തവണ ജിയോ സിനിമ മലയാളം കമന്‍റററിയ്ക്കായി രംഗത്ത് ഇറക്കിയിരിക്കുന്നത്. ഇതിൽ എഞ്ചിനിയറിങ്ങ് ജോലി ഉപേക്ഷിച്ച് കമന്‍റേറ്റർ എന്ന കരിയർ സ്വീകരിച്ച അജു ജോൺ തോമസ് എന്ന യുവാവുമുണ്ട്. നെഹ്റു ട്രോഫി ഉൾപ്പടെയുളള വള്ളംകളി മത്സരങ്ങൾക്ക് കമന്‍ററി പറഞ്ഞുകൊണ്ടാണ് 28കാരനായ അജു ഈ രംഗത്തേക്ക് കടന്നുവരുന്നത്. വള്ളംകളി മത്സരങ്ങളിൽ കമന്‍റേറ്ററായിരുന്ന പിതാവ് ബിജു ജോണിന്‍റെ പാത പിന്തുടർന്നാണ് താൻ ഈ രംഗത്തേക്ക് വന്നതെന്ന് അജു ന്യൂസ് 18നോട് പറഞ്ഞു. എന്നാൽ ഫിഫ ലോകകപ്പിന് കമന്‍ററി പറയാനുള്ള അവസരം ലഭിച്ചത് തികച്ചും അപ്രതീക്ഷിതമായിരുന്നു. കമന്‍റേറ്റർ എന്ന കരിയർ തിരഞ്ഞെടുത്ത തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഇതിനെ കാണുന്നുവെന്നും അജു പറഞ്ഞു.

  അതേസമയം ഫിഫ ലോകകപ്പിൽ കമന്‍ററി പറയുന്നത് അത്ര അനായാസമല്ലെന്ന് ആലപ്പുഴ അപ്പർ കുട്ടനാട് മേൽപ്പാടം സ്വദേശിയായ അജു പറയുന്നു. ഓരോ ദിവസത്തെയും മത്സരത്തിന് മുമ്പ് ഇരു ടീമിനെക്കുറിച്ചും കളിക്കാരെക്കുറിച്ചും അഗാധമായ പഠനം നടത്തേണ്ടതുണ്ട്. ഊണും ഉറക്കവുമൊഴിവാക്കി പഠിച്ചാണ് ഓരോ മത്സരത്തിനും തയ്യാറെടുക്കുന്നത്. വിപുലമായ തയ്യാറെടുപ്പോടെ എത്തിയില്ലെങ്കിൽ പണി പാളുമെന്നാണ് അജുവിന്‍റെ പക്ഷം. കളിക്കാരുടെ ക്ലബ് കരിയർ ഉൾപ്പടെ മനപാഠമാക്കണം. ഓരോ ഘട്ടത്തിലും കളിക്കാരെക്കുറിച്ചും, ടീമിനെക്കുറിച്ചും പുതിയ അറിവുകൾ പകർന്നുനൽകുമ്പോഴാണ് കമന്‍ററി കൂടുതൽ ആസ്വാദ്യകരവും അർഥമുള്ളതുമാകുന്നതെന്ന് അജു പറയുന്നു.

  ആകാശവാണിയിൽ വള്ളംകളിക്ക് കമന്‍ററി പറഞ്ഞുകൊണ്ടാണ് ഈ കരിയറിന് തുടക്കമിട്ടത്. ആദ്യമൊന്നും ഇത് അത്ര ഗൌരവമായി കണ്ടിരുന്നില്ല. എന്നാൽ പിതാവിനെ പോലെ ഇതിൽ ശോഭിക്കാനാകുമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞതോടെയാണ് താൻ ഇത് സീരിയസായി കണ്ടതെന്നും അജു പറയുന്നു. പിന്നീട് കേരള പ്രീമിയർ ലീഗിലൂടെയാണ് ഫുട്ബോളിൽ ആദ്യമായി കമന്‍ററി പറയുന്നത്. കേരള വിമൺസ് ലീഗിലും കമന്‍ററി പറഞ്ഞു. കേരള പ്രീമിയർ ലീഗിലെ കമന്‍ററി പ്രൊഡ്യൂസർമാരായ ജോസഫ്, ശ്രീജിത്ത് എന്നിവർ കേട്ടതോടെയാണ് തനിക്ക് ഫിഫ ലോകകപ്പിൽ കമന്‍റേറ്ററാകാനുള്ള അവസരം ലഭിച്ചതെന്നും അജു പറയുന്നു.

  ഈ വർഷത്തെ ചാംപ്യൻസ് ബോട്ട് ലീഗിന് കമന്‍റേറ്ററായിരിക്കുമ്പോഴാണ് ഫിഫ ലോകകപ്പിലേക്ക് അജുവിന് ക്ഷണം ലഭിച്ചത്. അവിടെ വെയ്ൻ റൂണി, ഡേവിഡ് വിയ തുടങ്ങി ലോകോത്തര താരങ്ങളായിരുന്നു ഇംഗ്ലീഷ് കമന്‍റേറ്റർമാരായി ഉണ്ടായിരുന്നത്. അവരെയൊക്കെ കാണാനും പരിചയപ്പെടാനും സാധിച്ചതിൽ സന്തോഷവാനാണ് അജു.

  ബ്രസീലാണ് ഇഷ്ട ടീം. ബ്രസീലിന്‍റെ മത്സരത്തിന് കമന്‍ററി പറയാൻ സാധിച്ചത് വലിയ അനുഭവമായിരുന്നു. ഇഷ്ട ടീമാണെങ്കിലും കമന്‍ററി പറയുമ്പോൾ അത് പ്രകടിപ്പിക്കാനാകില്ല. രണ്ടു ടീമിന് വേണ്ടിയും സംസാരിക്കണം. കമന്‍ററി പറയുമ്പോൾ ന്യൂട്രലായി നിൽക്കുകയാണ് ചെയ്യാറുള്ളതെന്നും അജു പറയുന്നു.

  കമന്‍ററിയെക്കുറിച്ച് നല്ല അഭിപ്രായമാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്ന് അജു പറയുന്നു. ഇനിയും മെച്ചപ്പെടുത്താൻ ശ്രമിക്കും. ഇതിനോടകം തന്‍റെ കമന്‍ററികൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. റൊണാൾഡോയുടെയും ബ്രസീലിന്‍റെയുമൊക്കെ കമന്‍റററി വൈറലായിട്ടുണ്ട്. നിരവധി സുഹൃത്തുക്കൾ കമന്‍ററി നന്നായിട്ടുണ്ടെന്ന് പറഞ്ഞ് വിളിച്ചപ്പോൾ സന്തോഷം തോന്നിയെന്നും അജു പറഞ്ഞു. വേറിട്ട ശൈലിയാണെന്ന് പലരും സോഷ്യൽ മീഡിയയിൽ കമന്‍റ് ചെയ്തിട്ടുണ്ട്. അതുപോലെ കമന്‍ററി പറയുമ്പോൾ സ്റ്റേഡിയത്തിലെ എനർജി പരമാവധി പ്രേക്ഷകർക്ക് പകർന്നുനൽകാൻ സാധിക്കാറുണ്ടെന്നും ഫീഡ്ബാക്ക് ലഭിച്ചിട്ടുണ്ടെന്ന് അജു പറയുന്നു. അജുവിനൊപ്പം എൽദോ പുതുശേരിയും ലീഡ് കമന്‍റേറ്ററായി ജിയോ സിനിമയ്ക്കൊപ്പമുണ്ട്. കേരളത്തിന്‍റെ മുൻ താരങ്ങളായ ജോപോൾ അഞ്ചേരി, സുശാന്ത് മാത്യു, മുഹമ്മദ് റാഫി, റിനോ ആന്‍റണി, ഫിറോസ് ഷെരീഫ് തുടങ്ങിയവരും കേരള ബ്ലാസ്റ്റേഴ്സിന്‍റെ പഴയ താരങ്ങളും ജിയോ സിനിമയുടെ കമന്‍റേറ്റർ പാനലിലുണ്ട്.

  ബിജു ജോൺ-മോനി ദമ്പതികളുടെ മകനാണ് അജു ജോൺ തോമസ്. ദുബായിൽ നഴ്സയായി ജോലി ചെയ്യുന്ന ലിൻസി അജുവാണ് ഭാര്യ. അജുവിന്‍റെ സഹോദരൻ അജോയും കമന്‍ററി രംഗത്ത് സജീവമാണ്. പ്ലസ് ടു വിദ്യാർഥിയായ അജോ ഇതിനോടകം കുട്ടനാട്ടിലെ വള്ളംകളി മത്സരങ്ങളുടെ ശ്രദ്ധേയനായ കമന്‍റേറ്ററായി മാറിയിട്ടുണ്ട്.

  Published by:Anuraj GR
  First published: