• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV
 • Year Ender 2018

ലയണല്‍ മെസി - കാൽപന്തിന്‍റെ സൂര്യതേജസ്

news18india
Updated: July 4, 2018, 3:22 PM IST
ലയണല്‍ മെസി - കാൽപന്തിന്‍റെ സൂര്യതേജസ്
news18india
Updated: July 4, 2018, 3:22 PM IST
#സിബി സത്യൻ

ഫുട്‌ബോള്‍ ഈസ് ആന്‍ ഇന്‍ഫിനിറ്റ് ഗെയിം - ഫുട്‌ബോള്‍ അനന്തമായ ഒരു കളിയാണ് - എന്നു പറഞ്ഞത് ബോര്‍ഹസാണ്. കളി തുടരുകയും താരങ്ങള്‍ മിന്നിമറയുകയും ചെയ്തു കൊണ്ടിരിക്കും. പക്ഷേ, ചിലര്‍ അവശേഷിപ്പിക്കുന്ന മാന്ത്രികതയും ഓർമച്ചിത്രങ്ങളും ആ അനന്തതയ്‌ക്കൊപ്പം മരിക്കാതെ തുടരും. അവ ചരിത്രത്തില്‍ ജ്വലിച്ചു നില്‍ക്കുകയും കാഴ്ചക്കാരനെ വിസ്മയിപ്പിക്കുകയും ചെയ്യും. അവയില്‍ ചിലത്, ഫുട്‌ബോള്‍ ഒരു കളിയായിരുന്നില്ലെന്നും മറിച്ച് കാല്‍പനികമായ ഒരു കവിതയായിരുന്നുവെന്നും നമ്മെ ഓര്‍മ്മിപ്പിക്കും.

സ്‌പെയിനിലെ ക്യാംപ് നൗവില്‍ നിന്ന് റഷ്യയിലെ കസാനിലേക്കുള്ള ദൂരം നാലായിരത്തി അഞ്ഞൂറു കിലോമീറ്ററല്ല, അത് ഒരു സൂര്യന്‍റെ ഉദയത്തിനും അസ്തമനത്തിനും ഇടയിലെ ദൂരമാണ്. അതിന് പതിനൊന്നു വര്‍ഷത്തിന്‍റെ ദൈര്‍ഘ്യമുണ്ട്. അത് അടയാളപ്പെടുത്തുന്നത് ഫുട്‌ബോളിന്‍റെ ചരിത്രത്തിലെ യഥാര്‍ഥ മിശിഹായുടെ ജീവിതമാണ്. 2007 ഏപ്രിലില്‍ ഗെറ്റാഫെയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ലോകത്തെ വിസ്മയിപ്പിച്ച ആ ഗോളിനു ശേഷം അയാളെ തോളിലേറ്റുന്ന കളിക്കാരുടെ ഇടയില്‍ ജ്വലിച്ചു നില്‍ക്കുന്ന നിമിഷം മുതല്‍ കസാനിലെ പുല്‍ത്തകിടിയില്‍ പരാജിതന്‍റെ അപാരമായ ഏകാന്തതയില്‍ ക്രൂശിതന്‍റെ മുഖവുമായി അയാള്‍ നില്‍ക്കുന്നതു വരെയുള്ള ദൂരം. ലയണല്‍ മെസി - ഫുട്‌ബോളിന്‍റെ ദൈവങ്ങള്‍ക്കും അവസാനമുണ്ടെന്നു വെറുതെ ഓര്‍മ്മിപ്പിക്കുന്നു.
Loading...അര്‍ജന്‍റീനയുടെ റൊസാരിയോയിലെ ഒരു തെരുവില്‍ കൂടെയുള്ള മുതിര്‍ന്നവരെ അപാരമായ പന്തടക്കത്തിനാല്‍ വിസ്മയിപ്പിക്കുന്ന, പ്രായത്തിന്‍റെ വളര്‍ച്ചയില്ലാത്ത ഒരു പതിനൊന്നുകാരനിലാണ് ആധുനികഫുട്‌ബോളിന്‍റെ ഏറ്റവും കാല്‍പനികനായ കളിക്കാരന്‍ ആദ്യമായി മുഖം കാട്ടുന്നത്. ചെറുപ്പത്തില്‍ തന്നെ വളര്‍ച്ചാ ഹോര്‍മോണിന്‍റെ കുറവ് കണ്ടുപിടിക്കപ്പെട്ടു, ചികിത്സയ്ക്കു വിധേയനായി. മൂന്നു ദിവ്യന്മാര്‍ക്കെന്ന പോലെ നക്ഷത്രങ്ങള്‍ വഴി കാട്ടിയാകണം, പതിമൂന്നാം വയസില്‍ ബാഴ്‌സലോണ ക്ലബ് ജീവിതത്തിലേക്ക് എത്തി. ചികിത്സാ ചിലവ് ഏറ്റെടുത്ത് ക്യാംപ് നൗവിലെ അക്കാഡമിയിലേക്കു കൊണ്ടുപോയി. ഒരു ടിഷ്യു പേപ്പറില്‍ ഒപ്പുവെച്ച് ആദ്യകരാര്‍. ഊര്‍ജമില്ലാത്ത കാലുകളില്‍ ഒരു പ്രതിഭയുടെ ചിറകുകള്‍ മുളച്ചുവരുന്നത് അവര്‍ക്കറിയാമായിരുന്നു. ഫുട്‌ബോളിന്‍റെ വസന്തം വിരിയാനിക്കുന്നത് അവര്‍ തിരിച്ചറിഞ്ഞിരുന്നു.

സ്പാനിഷ് പൗരത്വത്തിനുള്ള ഓഫര്‍ വെച്ചു നീട്ടിയെങ്കിലും അത് സ്വീകരിക്കാതെ അര്‍ജന്‍റീന തെരഞ്ഞെടുത്ത മെസി ആദ്യമായി ലോകകപ്പ് കളിക്കുന്നത് 2006ലാണ്. അപ്പോഴേക്കും തന്‍റെ പിന്‍ഗാമിയാണ് ഈ യുവാവെന്ന് മറഡോണ പ്രഖ്യാപിച്ചിരുന്നു. ലോകം മുഴുവന്‍ മെസിയെക്കുറിച്ച് സംസാരിച്ചു തുടങ്ങിയിരുന്നു. പക്ഷേ 2007ല്‍ ക്യാംപ് നൗവിലെ ഗെറ്റാഫെയ്‌ക്കെതിരെയുള്ള മത്സരത്തില്‍ സ്വന്തം ഹാഫില്‍ നിന്നു കിട്ടിയ ഒരു പന്തുമായി രണ്ടു മധ്യനിരക്കാരെ വെട്ടിയൊഴിഞ്ഞ് ചീറ്റപ്പുലിയുടെ വേഗത്തില്‍ മുന്നോട്ടു കുതിച്ച് മൂന്നു ഡിഫന്‍ഡര്‍മാരെയും ഗോളിയെയും ബോക്‌സിനുള്ളില്‍ കബളിപ്പിച്ച് ഗോളിക്കു പിന്നിലൂടെ പാഞ്ഞു വന്ന ഡിഫന്‍ഡര്‍ക്ക് എത്തിപ്പിടിക്കാനാവാത്ത നിലയില്‍ വലയിലേക്ക് പന്തെത്തിക്കുമ്പോള്‍ ഫുട്‌ബോളിന്‍റെ പുല്‍മൈതാനത്ത് ഒരു സൂര്യന്‍ പിറക്കുകയായിരുന്നു. മെസിക്കു പന്തു കിട്ടുന്നതു മുതല്‍ മെസിയുടെ കുതിപ്പിന്‍റെ വേഗവും ഡ്രിബ്‌ളിങ്ങും കണ്ടതുമുതല്‍ മെസിയുടെ പേര് അലറിവിളിക്കാന്‍ തുടങ്ങിയ സ്പാനിഷ് കമന്‍റേറ്റര്‍ ആ ഗോളടിച്ചതിനു ശേഷവും ഫുട്‌ബോളിന്‍റെ ആ മനോഹര നിമിഷത്താല്‍ പ്രണയപ്പെട്ട് ഗോള്‍ ഗോള്‍ ഗോള്‍ എന്നൊരായിരം വട്ടം പറഞ്ഞുകൊണ്ടേയിരുന്നു. ആ ഗോള്‍ അവസാനിച്ചു പോയെന്ന്, ആ സുന്ദരമായ നിമിഷം തീര്‍ന്നുവെന്ന് ഒരിക്കലും സമ്മതിക്കാന്‍ കഴിയാത്ത ഒരു ആവേശത്തള്ളിച്ചയില്‍ ഗോളടിച്ചവനൊപ്പം കളി കണ്ടവനും കളി പറഞ്ഞവനുമൊക്കെ ചരിത്രത്തിലേക്ക് കയറിപ്പോയ മുഹൂര്‍ത്തമായിരുന്നു അത്. ഫുട്‌ബോള്‍ കാലുകളിലല്ല, ഹൃദയത്തിലാണ് പിറക്കുന്നത് എന്ന് ആ നിമിഷം ഓരോരുത്തനെയും എന്നുമോര്‍മ്മിപ്പിച്ചു. ആ ഗോള്‍ നേരിട്ടു കണ്ടവര്‍ ഈ ഗോള്‍ കാണാനായല്ലോ എന്ന സന്തോഷത്തില്‍ ആ നിമിഷത്തെ എന്നെന്നേക്കും കരളില്‍ തൊട്ടുവെച്ചു. അന്നയാള്‍ക്ക് ഇരുപതു വയസു തികഞ്ഞിരുന്നില്ല.പിന്നെയുമയാള്‍ സമാനമായ മുഹൂര്‍ത്തങ്ങള്‍ തീര്‍ത്തു. ക്ലബ് ഫുട്‌ബോളിന്‍റെ ആകാശങ്ങളില്‍ അയാള്‍ ജ്വലിച്ചുനിന്ന സൂര്യനായിരുന്നു. ക്യാംപ് നൗവില്‍ മാത്രമല്ല, ലോകമെങ്ങും അയാള്‍ പ്രണയിക്കപ്പെട്ടു തുടങ്ങി. റിക്കോര്‍ഡുകള്‍ അയാള്‍ക്കു വഴി മാറി. ജയത്തിനും തോല്‍വിക്കുമപ്പുറം മെസിയുടെ കളിസൗന്ദര്യം ഫുട്‌ബോളിനെ നിര്‍വചിക്കാന്‍ ആരംഭിച്ചു. അയാള്‍ മറ്റേതോ ഗ്രഹത്തില്‍ നിന്നു വന്നവനാണെന്ന്, അയാള്‍ക്കൊപ്പം കളിക്കാന്‍ കഴിഞ്ഞതും അയാളുടെ കളി കാണാന്‍ കഴിഞ്ഞതും തങ്ങളുടെ ജീവിതത്തിന്‍റെ ഭാഗ്യമാണെന്നും മറ്റുള്ളവര്‍ വിശ്വസിക്കാന്‍ തുടങ്ങി. അയാളോ, ഈ പുല്‍മൈതാനം വലിയൊരു തീയറ്ററാണെന്നും താനൊരു ബാലെയിലെ പ്രധാന നര്‍ത്തകനാണെന്നും കരുതി.

മെസി ഒരു മാന്ത്രികനായിരുന്നു. ഫുട്‌ബോള്‍ അയാളുടെ മന്ത്രവടിയായിരുന്നു. ജന്മനാ കുറഞ്ഞുപോയ ഹോര്‍മോണുകള്‍ ഒരുപക്ഷേ അയാളെ കളിക്കളത്തിലും വേട്ടയാടിയിരിക്കണം. അതുകൊണ്ടു തന്നെ അയാള്‍ കളിക്കളത്തില്‍ പലപ്പോഴും അലസനായി കാണപ്പെട്ടു. പക്ഷേ അയാളുടെ കാലുകളിലേക്ക് പന്തെത്തുന്ന നിമിഷം അയാള്‍ മന്ത്രവടി തിരികെ കിട്ടിയ മായാവിയെപ്പോലെയാകുമായിരുന്നു. അതുവരെയും നിസഹായനായി കാണപ്പെട്ട കുറിയവനായ ഒരാള്‍ തനിക്കു ചുറ്റുമുള്ള നിസംഗതയുടെ സ്ഫടികക്കുപ്പി തകര്‍ത്തെറിയുകയും സ്വാതന്ത്ര്യത്തിന്‍റെ ആകാശത്തിലേക്ക് ചിറകുവീശി പറന്നുയരുകയും ചെയ്യുമായിരുന്നു. ഫുട്‌ബോള്‍ അയാള്‍ക്ക് സ്വാതന്ത്ര്യവും ആകാശവും മോക്ഷവുമായിരുന്നു. അയാള്‍ക്കെതിരെ നൂറുപേര്‍ നിരന്നാലും കാല്‍ത്തുമ്പിലൊരു പന്തുണ്ടെങ്കില്‍ അയാള്‍ ഗോളിലേക്കും ആത്യന്തികമായ വിമോചനത്തിലേക്കുമുള്ള വഴി കണ്ടെത്തുമായിരുന്നുവെന്നു തോന്നിപ്പിച്ചു.

അയാള്‍ മികച്ച കളിക്കാരനുള്ള ബലോണ്‍ ഡി ഓര്‍ അഞ്ചുവട്ടം കരസ്ഥമാക്കുന്ന ആദ്യത്തെ കളിക്കാരനായി. പിന്നീട് ക്രിസ്ത്യാനോ റൊണാള്‍ഡോ ഈ നേട്ടം പങ്കുവെയ്ക്കുകയുണ്ടായി. ജീവിതത്തിലെന്നും അയാള്‍ റൊണാള്‍ഡോയോട് താരതമ്യപ്പെട്ടു കൊണ്ടേയിരുന്നു. പക്ഷേ അവര്‍ രണ്ടുതരം ശൈലികളെ പ്രതിനിധീകരിച്ചു. റൊണാള്‍ഡോ തന്‍റെ വന്യമായ കരുത്തുകൊണ്ടും ദാക്ഷിണ്യങ്ങളില്ലാത്ത ഗോളുകള്‍ കൊണ്ടും എതിരാളികളെ തകര്‍ത്തു. അയാള്‍ വാചാലനും മുന്നില്‍ നിന്നു നയിക്കുന്നവനുമായിരുന്നു. അയാള്‍ക്ക് കാട്ടുപോത്തിന്‍റെ കരുത്തായിരുന്നു. മെസിയാകട്ടെ അന്തര്‍മുഖനായി തുടര്‍ന്നു. അയാളുടെ നാവിനു പകരം കാലുകള്‍ മാത്രം സംസാരിച്ചു. അയാളുടെ നീക്കങ്ങള്‍ ഒരു നൃത്തം പോലെ സുന്ദരമായിരുന്നു. റൊണാള്‍ഡോ പന്തിനും വലയ്ക്കുമിടയില്‍ ദാക്ഷിണ്യമില്ലാത്ത സ്പര്‍ശങ്ങളാല്‍ ജീവിതത്തിന് അര്‍ഥം തിരഞ്ഞപ്പോള്‍ മെസിയാകട്ടെ പന്തിനെ കാല്‍പനികമാക്കി. അയാള്‍ ഗോളടിക്കുന്നതിലും അടിപ്പിക്കുന്നതിലും ഒരുപോലെ ആനന്ദിച്ചു. അയാളുടെ കാലുകളില്‍ നിന്ന് പന്തു നഷ്ടപ്പെടരുതേയെന്ന് കാണികള്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. അയാള്‍ സൃഷ്ടിയും സ്ഥിതിയും സംഹാരവുമായിരുന്നു. റൊണാള്‍ഡോ ഒരു സിംഫണിയിലെ പ്രധാന ഗായകനായിരുന്നുവെങ്കില്‍ മെസി ആ സിംഫണി തന്നെയായിരുന്നു. ഒരു പക്ഷേ മെസിയുണ്ടായിരുന്നില്ലെങ്കില്‍ റൊണാള്‍ഡോ ഈ കാലഘട്ടത്തിന്‍റെ ഏറ്റവും മികച്ച കളിക്കാരനാകുമായിരുന്നുവെന്ന് ലോകം വിലയിരുത്തി.

ലാറ്റിന്‍ അമേരിക്കയിലെപ്പോലെ അയാള്‍ക്ക് ഫുട്‌ബോള്‍ ഒരു ജീവന്മരണ പോരാട്ടമായിരുന്നില്ല. അവനനവന്‍റെ ആത്മാവ് തിരഞ്ഞുപോകാനുള്ള മോക്ഷപഥമായിരുന്നു. അവനവനിലേക്കുള്ള ആനന്ദത്തിന്‍റെ പാതയായിരുന്നു. അതു ജീവന്മരണ പോരാട്ടമാകുന്ന നിമിഷങ്ങളുടെ സമ്മര്‍ദ്ദമേല്‍ക്കാനാവാതെ അയാള്‍ പലപ്പോഴും കുഴങ്ങി. രാജ്യത്തിന്‍റെയും ജനതയുടെയും പ്രതീക്ഷകളുടെ ഭാരം അയാള്‍ക്കു താങ്ങാവുന്നതിനുമപ്പുറമായിരുന്നു. അയാള്‍ക്കും കപ്പുകള്‍ക്കുമിടയില്‍ ആ ഭാരം അദൃശ്യമായ മറ തീര്‍ത്തു. രാജ്യത്തിനു വേണ്ടി കളിക്കുമ്പോഴൊക്കെ അയാള്‍ അവസാനത്തെ കുതിപ്പില്‍ കാലിടറി വീണു. താടി നീട്ടി വളര്‍ത്തിയ അയാളുടെ മുഖം ക്രൂശിതനായ ക്രിസ്തുവിനെ ഓര്‍മ്മിപ്പിച്ചു. അയാള്‍ മറഡോണയെപ്പോലെ ചുറ്റുപാടുകളുമായി നിരന്തരം കലഹിച്ചില്ല. അയാളുടെ ഫുട്‌ബോള്‍ സമ്മര്‍ദ്ദങ്ങളില്‍ ജനിക്കുന്നതിനേക്കാളുപരി മനോഹരമായ മുഹൂര്‍ത്തങ്ങളില്‍ മാത്രം ജനിച്ചു. അയാളുടെ അലമാരയില്‍ രാജ്യത്തിനു വേണ്ടി കിട്ടാതിരുന്ന ട്രോഫികളുടെ ഇടം എന്നും ഒഴിഞ്ഞുകിടക്കും. അതയാളെ ദൈവത്തില്‍ നിന്ന് അപൂര്‍ണനായ ഒരു മനുഷ്യനാക്കും.റഷ്യയിലെ പുല്‍മേട്ടുകളില്‍ മെസിയും റൊണാള്‍ഡോയും വീണത് ഒരേ രാത്രിയാണെന്നത്, അവരൊരു പക്ഷേ ഇനിയൊരിക്കലും വരാനിടയില്ലാത്ത ലോകകപ്പിനോട് വിട പറഞ്ഞത് ഒരേ രാത്രിയാണെന്നത് വിധിയുടെ അപൂര്‍വതയായിരിക്കും. രണ്ട് സൂര്യന്മാര്‍ അസ്തമിച്ച രാത്രിയില്‍ അവര്‍ സംസാരിച്ചത് ഒരു പുതിയ നക്ഷത്രക്കുറിച്ചായിരുന്നു. എംബെപ്പെ. ഫുട്‌ബോള്‍ അങ്ങിനെയാണ്. അത് അവസാനിക്കാത്ത കളിയാണ്.

മെസിയുടെ കാലം പൂര്‍ണമായും കഴിഞ്ഞുവോ എന്നത് ഇനിയും കാത്തിരിക്കേണ്ട കാര്യമാണ്. പക്ഷേ ക്ലബ് ഫുട്‌ബോളില്‍ ഇനിയും അയാള്‍ക്ക് വര്‍ഷങ്ങളുണ്ടെന്നത് ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരെ സന്തോഷിപ്പിക്കുക തന്നെ ചെയ്യും. അയാളുടെ കളിമുഹൂര്‍ത്തങ്ങള്‍ അയാളെ ലോകത്തിലെ ഏറ്റവും മഹാനായ ഫുട്‌ബോള്‍ കളിക്കാരനാക്കുന്നുവെന്ന് അവര്‍ പറയുന്നു. അയാള്‍ ബാക്കിവെച്ച കാല്‍പന്തിന്‍റെ കാല്‍പനികത ഇനി വരാനിരിക്കുന്ന വസന്തങ്ങളെ പുഷ്പിക്കുമെന്ന് അവര്‍ പറയുന്നു. ഞാനത് വിശ്വസിക്കുന്നു!
First published: July 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍