HOME » NEWS » Sports » LIONEL MESSI AND CHRISTIANO RONALDO WON THEIR FIRST INTERNATIONAL TITLE ON JULY 10

ജൂലൈ 10! മെസ്സിയുടെ മാത്രമല്ല റൊണാള്‍ഡോയുടെയും ചരിത്ര ദിനം

2016 യൂറോ കപ്പിലായിരുന്നു റൊണാള്‍ഡോ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

News18 Malayalam | news18-malayalam
Updated: July 11, 2021, 1:01 PM IST
ജൂലൈ 10! മെസ്സിയുടെ മാത്രമല്ല റൊണാള്‍ഡോയുടെയും ചരിത്ര ദിനം
credit| sky news
  • Share this:
ലോകമൊട്ടാകെയുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ദിനമായി മാറിയിരിക്കുകയാണ് ജൂലൈ 10. ഒരു ജനതയുടെ 28 വര്‍ഷത്തെ നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് അര്‍ജന്റീന ടീം കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ്. തന്റെ രാജ്യാന്തര കരിയറില്‍ അര്‍ജന്റീനക്കൊപ്പം ഒരു കിരീടമില്ല എന്ന കുറവ് നികത്താന്‍ മെസ്സിക്ക് സാധിച്ചിരിക്കുകയാണ്. ആതിഥേയരായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന തകര്‍ത്തത്. ലോക ഫുട്ബോളിലെ എല്‍-ക്ലാസ്സിക്കോ പോരാട്ടത്തിനാണ് മാറക്കാന സ്റ്റേഡിയം ഇന്ന് വേദിയായത്.

അവിചാരിതമെന്ന് പറയട്ടെ, പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ആദ്യത്തെ സീനിയര്‍ അന്താരാഷ്ട്ര കിരീടം സ്വന്തമാക്കിയ ദിവസവും ജൂലൈ 10 ആയിരുന്നു. 2016 യൂറോ കപ്പിലായിരുന്നു റൊണാള്‍ഡോ ചരിത്ര നേട്ടം സ്വന്തമാക്കിയത്. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട ഫൈനലില്‍ കരുത്തരായ ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് ക്രിസ്റ്റ്യാനോയുടെ പേര്‍ച്ചുഗല്‍ അന്ന് യൂറോപ്പിലെ രാജാക്കന്‍മാരായത്. സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ എഡറാണ് പറങ്കിപ്പടക്കായി ഗോള്‍ നേടിയത്. 2004ല്‍ സ്വന്തം തട്ടകത്തില്‍ ഗ്രീസിനോട് പരാജയപ്പെട്ട് 12 വര്‍ഷത്തിന് ശേഷമാണ് പോര്‍ച്ചുഗല്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായത്.

അതേ സമയം മറ്റൊരു ജൂലൈ 10ന് ഒരു ലോകകിരീടം കാല്‍പന്തു കളിയിലെ മിശിഹായെ അലങ്കരിച്ചിരിക്കുകയാണ്. രാജ്യാന്തര കരിയറില്‍ കിരീടം വെക്കാത്ത രാജാവായി കളിക്കളം വിടേണ്ടി വരുമോ എന്ന ആരാധകരുടെ നോവിനാണ് ഇന്ന് ഉത്തരം ലഭിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള അര്‍ജന്റീനയുടെ ആരാധകര്‍ ആവേശത്തിന്റെ കൊടുമുടിയിലാണ്. അവര്‍ കാത്തിരുന്ന സുന്ദര നിമിഷത്തിന് വേദിയായത് ബ്രസീലിന്റെ തറവാട്ടു മുറ്റമായ 'മാറക്കാന'യാണെന്നത് വിജയത്തിന്റെ മധുരം വര്‍ധിപ്പിക്കുന്നു.

മുമ്പ് നാലു തവണ അര്‍ജന്റീനക്ക് ഒപ്പം മേജര്‍ ഫൈനലില്‍ പങ്കെടുത്ത് പരാജയത്തിന്റെ വേദന അറിഞ്ഞ താരമാണ് മെസ്സി. 2007ലെ കോപ അമേരിക്ക ഫൈനല്‍ ആയിരുന്നു മെസ്സിയുടെ ആദ്യത്തെ ഫൈനല്‍. അന്ന് ബ്രസീലിനോട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് അര്‍ജന്റീന പരാജയപ്പെട്ടു. 2014ലെ വേദനിപ്പിക്കുന്ന ലോകകപ്പ് ഫൈനല്‍ ആയിരുന്നു രണ്ടാമത്തെ ഫൈനല്‍. അന്ന് അവസാന നിമിഷത്തിലെ ഗോട്സെയുടെ ഏക ഗോള്‍ മെസ്സിയില്‍ നിന്നും കിരീടം നഷ്ടമാക്കി. പിന്നീട് 2015, 2016 കോപ അമേരിക്ക ഫൈനലുകളില്‍ ചിലിക്കു മുന്നില്‍ മെസ്സിയും സംഘവും പരാജയപ്പെട്ടു. 2016ലെ കോപ്പ ഫൈനല്‍ തോല്‍വിയേക്കാള്‍ ഏറെ ആരാധകരെ നൊമ്പരപ്പെടുത്തിയത് മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനമായിരുന്നു.

ഈ നാലു ഫൈനലിലും മെസ്സി ഒരു ഗോള്‍ പോലും നേടിയിരുന്നില്ല. ഇന്നും മെസ്സി ഗോള്‍ നേടിയില്ല എങ്കിലും ഈ കിരീടം മെസ്സി മുന്നില്‍ നിന്ന് നയിച്ചു നേടിയത് തന്നെയാണ്. തങ്ങളുടെ പ്രിയ ക്യാപ്റ്റന് കിരീടം നേടിക്കൊടുക്കാന്‍ ഉറച്ച് തന്നെയാണ് അര്‍ജന്റീന താരങ്ങളും ഇന്നിറങ്ങിയത്. ആതിഥേയരായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന തകര്‍ത്തത്. അര്‍ജന്റീനയ്ക്കായി സീനിയര്‍ താരം എയ്ഞ്ചല്‍ ഡീ മരിയയാണ് ഗോള്‍ സ്‌കോര്‍ ചെയ്തത്.
Published by: Sarath Mohanan
First published: July 11, 2021, 1:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories