• HOME
  • »
  • NEWS
  • »
  • sports
  • »
  • Lionel Messi| 'ബാഴ്‌സിലോണ വിടാൻ താൻ ആഗ്രഹിച്ചിരുന്നില്ല' - കണ്ണീരോടെ ബാഴ്‌സയോട് വിട പറഞ്ഞ്​ മെസ്സി

Lionel Messi| 'ബാഴ്‌സിലോണ വിടാൻ താൻ ആഗ്രഹിച്ചിരുന്നില്ല' - കണ്ണീരോടെ ബാഴ്‌സയോട് വിട പറഞ്ഞ്​ മെസ്സി

ഭാവിയിൽ ബാഴ്‌സയിലേക്ക് തിരികെയെത്താൻ കഴിയുമെന്ന പ്രതീക്ഷയും മെസ്സി പങ്കുവെച്ചു.

കണ്ണീരോടെയാണ് ബാഴ്‌സയുമായി വേർപിരിയുകയാണെന്ന് മെസ്സി പ്രഖ്യാപിച്ചത്.

കണ്ണീരോടെയാണ് ബാഴ്‌സയുമായി വേർപിരിയുകയാണെന്ന് മെസ്സി പ്രഖ്യാപിച്ചത്.

  • Share this:
ബാഴ്‌സിലോണയും മെസ്സിയും തമ്മിലുണ്ടായിരുന്ന 22 വർഷത്തെ ബന്ധം അവസാനിച്ചു. ബാഴ്‌സയിൽ നിന്നും താൻ വിടപറയുകയാണെന്ന് മെസ്സി സ്ഥിരീകരിച്ചു. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ്നൗവിൽ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ്​ മെസ്സി ഇക്കാര്യം സ്​ഥിരീകരിച്ചത്​.

താരം ക്ലബ്ബ് വിടുകയാണെന്ന വാർത്ത നേരത്തെ തന്നെ ബാഴ്‌സിലോണ പുറത്ത് വിട്ടിരുന്നുവെങ്കിലും ലയണൽ മെസ്സി ഇക്കാര്യത്തിൽ തന്റെ പ്രതികരണം അറിയിച്ചിരുന്നില്ല, മെസ്സിയുടെ പ്രതികരണത്തിനായി കാത്തുനിന്ന ആരാധകർക്ക് വേണ്ടിയാണ് അദ്ദേഹം പത്രസമ്മേളനം നടത്തി തന്റെ പ്രിയപ്പെട്ട ക്ലബ്ബുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചത്. താൻ ബാഴ്‌സ വിടുകയാണെന്ന വാർത്ത കണ്ണീരോടെയാണ് അദ്ദേഹം പങ്കുവെച്ചത്.

താൻ ഇത്രയും വർഷം ബാഴ്സലോണയിൽ കളിച്ചിട്ടും യാത്ര പറയാൻ തയ്യാറായിരുന്നില്ല എന്ന് മെസ്സി പറഞ്ഞു. തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും താൻ ചിലവഴിച്ചത് ബാഴ്‌സയിൽ ആയിരുന്നെന്നും ക്ലബിനൊപ്പം ചേർന്നത് മുതൽ തനിക്ക് ഇത് ഒരു വീടായിരുന്നെന്നും താരം കൂട്ടിച്ചേർത്തു. കഴിഞ്ഞ സീസണിൽ താൻ ക്ലബ് വിടാൻ ആലോചിച്ചിരുന്നു. എന്നാൽ ഇത്തവണ ബാഴ്സലോണയിൽ തുടരാൻ തന്നെ ആയിരുന്നു തീരുമാനം. എന്നാൽ കാര്യങ്ങൾ എല്ലാം അപ്രതീക്ഷിതമായി മാറിമറഞ്ഞു. മെസ്സി പറഞ്ഞു.

അവസാന ഒന്നര വർഷമായി കാണികൾ ഇല്ലാത്ത ക്യാമ്പനൗവിലാണ് താൻ കളിക്കുന്നത്. നേരത്തെ തന്നെ വിടപറയാൻ തീരുമാനിച്ചിരുന്നെങ്കിൽ ഇതിലും നല്ല രീതിയിൽ യാത്ര പറയുമായിരുന്നു. അവസാന 21 വർഷം താൻ ഇവിടെയാണ് നിന്നത്. ഇപ്പോൾ ഇവിടുന്ന് വിടപറയുകയാണെങ്കിലും കുറച്ച് വർഷങ്ങൾക്ക് ശേഷം ഇവിടേക്ക് തന്നെ തിരിച്ചുവരാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഭാവിയിൽ തിരിച്ചുവന്ന് ടീമിന് ഇനിയും മികച്ച നേട്ടങ്ങൾ നൽകാൻ കഴിയുമെന്ന വിശ്വാസമുണ്ട്. ലോകത്തെ മികച്ച ക്ലബ്ബുകളിൽ ഒന്നായ ബാഴ്‌സയെ എപ്പോഴും മികച്ചതാക്കി നിർത്തേണ്ടതുണ്ട്. - മെസ്സി പറഞ്ഞു.

ബാഴ്‌സിലോണ ക്ലബ്ബും ടീമിന്റെ ആരാധകരും തന്നോട് ഇത്രയും കാലം കാണിച്ച സ്നേഹത്തിന് എന്നും നന്ദിയുണ്ടായിരിക്കും എന്നും മെസ്സി പറഞ്ഞു. വളരെയധികം വികാരാധീനനായാണ് താരം പത്രസമ്മേളനം അവസാനിപ്പിച്ചത്.

അതേസമയം ബാഴ്‌സ വിടുന്ന മെസ്സി ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയിലേക്ക് തന്നെയായിരിക്കും പോവുക എന്ന സൂചനകളാണ് ലഭിക്കുന്നത്. മെസ്സിയും പി എസ് ജിയും തമ്മിലുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്. മെസിക്കായി 2023വരെയുള്ള പ്രാഥമിക കരാര്‍ പി എസ് ജി വാഗ്ദാനം ചെയ്തു കഴിഞ്ഞു. മെസിയുടെ പിതാവായ ജോര്‍ഗെ മെസ്സിയാണ് ചര്‍ച്ചകള്‍ നയിക്കുന്നതെന്നും ഉടന്‍ ഈ കരാര്‍ മെസ്സി അംഗീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ അഞ്ച് വർഷത്തേക്ക് തന്റെ വേതനത്തിന്റെ 50 ശതമാനത്തോളം കുറച്ച് കൊണ്ട് ബാഴ്‌സയിൽ തുടരാമെന്നതിൽ മെസ്സിയും ബാഴ്‌സയും തമ്മിൽ വാക്കാൽ കരാറിലെത്തിയിരുന്നു. ഈ കരാറിൽ മെസ്സി ഒപ്പിടാനിരുന്നതുമാണ്. എന്നാൽ ഫുട്‍ബോൾ ആരാധകരെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് മെസ്സിക്ക് പുതിയ കരാര്‍ നല്‍കാന്‍ കഴിയില്ലെന്ന് ബാഴ്സലോണ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഫ്രീ ഏജന്റായ താരത്തെ സ്വന്തമാക്കാന്‍ സാധ്യത കല്‍പ്പിക്കുന്ന ടീമുകളിലൊന്ന് പി എസ് ജി തന്നെയാണ്. ലയണല്‍ മെസിയുടെ കരാര്‍ പുതുക്കി നല്‍കാന്‍ എഫ്സി ബാഴ്സലോണക്ക് കഴിയാതിരുന്നതിനെ കുറിച്ചും താരവുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങളെപ്പറ്റിയും പ്രതികരിച്ച് ക്ലബ് പ്രസിഡന്റ് യോന്‍ ലപോര്‍ട്ട രംഗത്തെത്തിയിരുന്നു. താരത്തെ നിലനിര്‍ത്താന്‍ ബാഴ്സക്കും ക്ലബിനൊപ്പം തുടരാന്‍ മെസിക്കും താല്‍പര്യം ഉണ്ടായിരുന്നുവെന്നും, എന്നാല്‍ ലാ ലിഗ നിയമങ്ങളാണ് അതിനു തടസം സൃഷ്ടിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ബാഴ്‌സലോണ അടക്കമുള്ള ക്ലബുകള്‍ നേരിടുന്നത്. നിശ്ചിത പരിധിക്കപ്പുറമുള്ള തുക കളിക്കാര്‍ക്കായി ചെലവഴിക്കാനുമാകില്ല. മറ്റ് താരങ്ങളുടെ വേതനം കുറയക്കാനും ചില കളിക്കാരെ കൈമാറ്റം ചെയ്യാനും ബാഴ്‌സ നടത്തിയ നീക്കങ്ങള്‍ വിജയം കണ്ടതുമില്ല.

21 വര്‍ഷം മുമ്പ് പതിമൂന്നാം വയസില്‍ ബാഴ്‌സ അക്കാദമിയിലെത്തിയ മെസ്സി, മറ്റൊരു ക്ലബിന് വേണ്ടിയും ഇതുവരെ ബൂട്ടണിഞ്ഞിട്ടില്ല. കറ്റാലന്‍ ക്ലബിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതും ഏറ്റവുമധികം ഗോളടിച്ചതും മെസ്സിയാണ്. 778 കളികളില്‍ നന്ന് 672 ഗോള്‍. ഇക്കാലയളവില്‍ 10 സ്പാനിഷ് ലീഗും 4 ചാമ്പ്യന്‍സ് ട്രോഫിയുമടക്കം നിരവധി കിരീടങ്ങളാണ് മെസ്സിയുടെ മികവില്‍ ബാഴ്‌സ സ്വന്തമാക്കിയത്.
Published by:Naveen
First published: