• HOME
  • »
  • NEWS
  • »
  • sports
  • »
  • റെക്കോർഡ് നേട്ടം ഗോളടിച്ചും ഗോളടിപ്പിച്ചും ആഘോഷമാക്കി മെസ്സി

റെക്കോർഡ് നേട്ടം ഗോളടിച്ചും ഗോളടിപ്പിച്ചും ആഘോഷമാക്കി മെസ്സി

ബാഴ്‌സയ്‌ക്കായി ഏറ്റവും കൂടതൽ മത്സരം - 767 മത്സരങ്ങൾ എന്ന സാവിയുടെ റെക്കോർഡിനൊപ്പം എത്തിയ മെസ്സി തൻ്റെ നേട്ടം ആഘോഷിച്ചത് രണ്ട് ഗോളുകളും ഒരു അസിസ്റ്റും നൽകിക്കൊണ്ടാണ്.

ലയണൽ മെസി

ലയണൽ മെസി

  • Share this:
മാഡ്രിഡ്: ബാഴ്സ ജഴ്സിയിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരത്തിനുള്ള സാവിയുടെ റെക്കോർഡിനൊപ്പം എത്തിയ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി കളം നിറഞ്ഞ് മെസ്സി.
ലാലിഗയിൽ ഹുയെസ്കയുമായുള്ള മത്സരത്തിൽ ഇരട്ട ഗോൾ അടിച്ച് താരം ബാഴ്സയുടെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചു. ഈ ജയത്തോടെ ലീഗിൽ ബാഴ്സ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിൻ്റ് വ്യത്യാസം നാലായി കുറച്ചു.

ബാഴ്‌സയ്‌ക്കായി ഏറ്റവും കൂടതൽ മത്സരം - 767 മത്സരങ്ങൾ എന്ന സാവിയുടെ റെക്കോർഡിനൊപ്പം എത്തിയ മെസ്സി തൻ്റെ നേട്ടം ആഘോഷിച്ചത് രണ്ട് ഗോളുകളും ഒരു അസിസ്റ്റും നൽകിക്കൊണ്ടാണ്. ആദ്യ പകുതിയിലെ 13ാം മിനുട്ടിൽ തകർപ്പൻ ഗോൾ നേടിയാണ് മെസ്സി തുടങ്ങിയത്. സെർജിയോ ബുസ്‌ക്കറ്റ്സിൽ നിന്നും പന്ത് സ്വീകരിച്ച മെസ്സി തൻ്റെ ഇടം കാലു കൊണ്ട് തൊടുത്ത ഷോട്ട് ക്രോസ്ബാറിൽ തട്ടി വലയിലേക്ക് കേറി. ഗോളുകൾ നേടുന്നത് ശീലമാക്കിയ മെസ്സി തൻ്റെ ക്ലബ്ബിൻ്റെ കൂടെയുള്ള ഈ നേട്ടത്തിലും ആ ശീലത്തിന് മുടക്കം വരുത്തിയില്ല. റെക്കോർഡിന് തിലകം ചാർത്തി ഒരു അതിമനോഹരമായ ഗോൾ. മെസ്സി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. രണ്ടാം ഗോൾ ഗ്രീസ്മാൻ നേടിയ ശേഷം ഒരു ഗോൾ പെനാൾട്ടിയിലൂടെ ഹുയെസ്ക മടക്കിയെങ്കിലും രണ്ട് ഗോളുകൾ കൂടി നേടി ബാഴ്സ കളി തങ്ങളുടെതാക്കി. ഓസ്കാർ മിൻഗ്വേസ നേടിയ മൂന്നാം ഗോളിന് വഴിയൊരുക്കിയത് മെസ്സി ആയിരുന്നു. താരം തന്നെയാണ് ബാഴ്സയുടെ നാലാം ഗോളും നേടിയത്.

Also Read- ശ്രീലങ്കൻ താരങ്ങൾക്ക് മാച്ച് ഫീയുടെ 40 ശതമാനം പിഴ 

“ബാഴ്‌സയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് അദ്ദേഹം, അതിലും വലിയ കാര്യമെന്തെന്നാൽ അദ്ദേഹം ഇപ്പോഴും നമ്മോടൊപ്പമുണ്ട്". - കളിക്ക് ശേഷം ബാഴ്സ കോച്ച് മെസ്സിയെ കുറിച്ച് പറഞ്ഞതാണിത്.

കളിയിലെ ജയത്തോടെ ബാഴ്സ ലീഗിലെ കിരീടപ്പൊരാട്ടം കുറച്ചുകൂടി കടുപ്പമുള്ളതാക്കി. ലീഗിലെ കഴിഞ്ഞ 12 കളികളിൽ ബാഴ്സ തോറ്റിട്ടില്ല. 11 ജയവും ഒരു സമനിലയുമായി അസാമാന്യ ഫോമിലാണ് ടീം കളിക്കുന്നത്.

സാവിയുടെ റെക്കോർഡിനൊപ്പമെത്തിയ മെസ്സി ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ റയൽ സോസിദാദിനെതിരെ കളിച്ചാൽ ബാഴ്സക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന താരമാകും. ബാഴ്സയുടെ കൂടെ ഇത്രയും വലിയ നേട്ടത്തിൽ എത്തിയ താരത്തിന് വേണ്ടി ക്ലബ്ബ് അധികൃതർ ആദരസൂചകമായി ഒരു വീഡിയോയും ഇറക്കിയിരുന്നു. ക്ലബ്ബിന് വേണ്ടി ഇപ്പോൾ കളിക്കുന്നതും മുൻപ് മെസ്സിയുടെ കൂടെ കളിച്ചിട്ടുള്ളതുമായ താരങ്ങളുടെ ആശംസകൾ ആയിരുന്നു അതിലുണ്ടായിരുന്നത്. ജെറാർഡ് പിക്കെ, സെർജിയോ ബുസ്ക്കറ്റ്സ്, ലൂയിസ് സുവാരസ്, നെയ്മർ, ആൻഡ്രസ് ഇനിയേസ്റ്റ, കാർലോസ് പുയോൾ, പിന്നെ സാക്ഷാൽ സാവി എന്നിവരാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.

" നിങ്ങൾ ഇപ്പോഴും റെക്കോർഡുകൾ തകർത്തുകൊണ്ടിരിക്കുന്നു. ഒരു കളിക്കാരനെന്ന നിലയിലും ബാഴ്‌സലോണ എന്ന ക്ലബ്ബിനെ പ്രതിനിധീകരിക്കുന്നതിനെക്കുറിച്ചും ഇത് ധാരാളം പറയുന്നുണ്ടെന്ന് ഞാൻ കരുതുന്നു." എന്ന് സുവാരസ് പറഞ്ഞു.
മെസ്സിയെ അസാധാരണമായ ഒരു മനുഷ്യൻ ആണെന്നും മറ്റൊരു ഗ്രഹത്തിൽ നിന്നും വന്ന ആളാണെന്നുമാണ് നെയ്മർ വിശേഷിപ്പിച്ചത്.

മെസ്സി ഏതായാലും തൻ്റെ സുന്ദരമായ കളി കൊണ്ട് ലോകത്തെ ഒരു കാൽപന്താക്കി മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്. താൻ ഇനിയും ഇവിടെ ഇങ്ങനെയൊക്കെ തന്നെ ഉണ്ടാവുമെന്ന് തൻ്റെ കളിയിലൂടെ കാണിച്ച് തരികായാണ് മെസ്സി. കാത്തിരിക്കാം ഇനിയും വരാനുള്ള മെസ്സി മാജിക്കിനായി.

Summary-  Messi celebrates his milestone of equalling of playing most number of matches with two goals and an assist
Published by:Rajesh V
First published: