• HOME
  • »
  • NEWS
  • »
  • sports
  • »
  • Messi PSG| മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിൽ പിഎസ്ജിക്ക് ജയം; എംബാപ്പെയ്ക്ക് ഇരട്ട ഗോൾ

Messi PSG| മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിൽ പിഎസ്ജിക്ക് ജയം; എംബാപ്പെയ്ക്ക് ഇരട്ട ഗോൾ

രണ്ടാം പകുതിയിൽ, 66ാ൦ മിനിറ്റിൽ നെയ്മറിന് പകരക്കാരനായാണ് മെസ്സി പിഎസ്ജിക്ക് വേണ്ടി കളത്തിലിറങ്ങിയത്.

  • Last Updated :
  • Share this:
    ഫുട്‍ബോൾ ആരാധകർ കാത്തിരുന്ന ആ നിമിഷം സംഭവിച്ചു. ലോക ഫുട്‍ബോളിലെ സൂപ്പർ താരങ്ങളില്‍ ഒരാളായ ലയണല്‍ മെസ്സി ഫ്രഞ്ച് ക്ലബ് പിഎസ്ജി ജേഴ്‌സിയിൽ അരങ്ങേറി. ബാഴ്സലോണ അല്ലാത്ത ഒരു ക്ലബിന്റെ ജേഴ്‌സിയിൽ മെസ്സി ആദ്യമായി ഇറങ്ങിയ മത്സരത്തിൽ ജയം നേടിയാണ് പിഎസ്ജി കളത്തിൽ നിന്നും തിരികെ കയറിയത്. പിഎസ്ജിയുടെ എവേ മത്സരത്തിൽ ആതിഥേയരായ റെയിംസിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയ പിഎസ്ജി മെസ്സിയുടെ അരങ്ങേറ്റ മത്സരം താരത്തിനും ആരാധകർക്കും മികച്ച അനുഭവമാക്കി മാറ്റി. ക്ലബ് വിടാൻ കാത്തുനിൽക്കുന്ന ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയാണ് ഇരട്ട ഗോളുകളോടെ ടീമിന്റെ വിജയശില്പി ആയത്.

    റെയിംസിനെതിരെയുള്ള മത്സരത്തിൽ ടീമിൽ ഉൾപ്പെട്ടിരുന്നുവെങ്കിലും മത്സരത്തിന്റെ രണ്ടാം പകുതിക്ക് ശേഷമാണ് മെസ്സിയെ പിഎസ്ജി പരിശീലകനായ പൊച്ചട്ടീനോ കളത്തിലിറക്കിയത്. മത്സരത്തിൽ മെസ്സിയെ ബെഞ്ചില്‍ ഇരുത്തി മുന്നേറ്റത്തിൽ നെയ്മർ, എംബാപ്പെ, ഡി മരിയ എന്നിവരെയാണ് പിഎസ്ജി പരിശീലകൻഇറക്കിയത്. മത്സരം തുടങ്ങി 16ാ൦ മിനിറ്റിൽ തന്നെ പിഎസ്ജി മുന്നിലെത്തി. വലത് ഭാഗത്ത് നിന്നും ബോക്സിലേക്ക് ഡി മരിയ ഉയർത്തിവിട്ട മനോഹരമായ ക്രോസിൽ നിന്നും ഹെഡറിലൂടെയാണ് എംബാപ്പെ പിഎസ്ജിയെ മുന്നിൽ എത്തിച്ചത്.

    രണ്ടാം പകുതിയില്‍ റെയിംസ് ഗോൾ മടക്കിയെങ്കിലും വാർ പരിശോധനയിലൂടെ റഫറി അത് നിഷേധിച്ചു. പിന്നാലെയാണ് പിഎസ്ജി തങ്ങളുടെ രണ്ടാം ഗോൾ നേടി ലീഡുയർത്തിയത്. 64ാ൦ മിനിറ്റിൽ പിറന്ന മനോഹരമായ ഒരു ടീം ഗോളിലൂടെയാണ് പിഎസ്ജി തങ്ങളുടെ ലീഡ് ഉയർത്തിയത്. പിഎസ്ജി പ്രതിരോധ നിരയിൽ നിന്നും ലഭിച്ച പന്തുമായി മുന്നേറിയ വലത് വിങ് ബാക്കായ അഷ്‌റഫ് ഹക്കീമി ബോക്‌സിന് സമീപത്ത് നിന്നും സെക്കന്റ് പോസ്റ്റിലേക്ക് നീട്ടി നൽകിയ ലോ ക്രോസിൽ നിന്നുമാണ് എംബാപ്പെ ഫ്രഞ്ച് ടീമിന്റെ രണ്ടാം ഗോൾ കണ്ടെത്തിയത്.

    രണ്ടാം ഗോൾ നേടിയതിന് പിന്നാലെ 66ാ൦ മിനിറ്റിൽ നെയ്മറിനെ പിൻവലിച്ചാണ് പൊച്ചട്ടീനോ മെസ്സിയെ ഇറക്കിയത്. താരത്തെ ഇറക്കുമ്പോൾ സ്റ്റേഡിയത്തിൽ നിന്നും വലിയ ആരവമാണ് ഉയർന്നത്. തന്റെ ആദ്യ മത്സരത്തിൽ ഗോൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും മികച്ച ടച്ചുകളും പാസുകളുമായി താരം കളം നിറഞ്ഞു.

    അതേസമയം റെയിംസിനെതിരെ കൂടി ജയിച്ചതോടെ പിഎസ്ജി ലീഗിൽ അവരുടെ അപരാജിത കുതിപ്പ് തുടരുകയാണ്. നാല് മത്സരങ്ങളിൽ നിന്നും നാല് ജയവുമായി 12 പോയിന്റോടെ പിഎസ്ജി തന്നെയാണ് പോയിന്റ് പട്ടികയിൽ തലപ്പത്ത് നിൽക്കുന്നത്. മത്സരത്തിൽ തോറ്റ റെയിംസ് 17ാ൦ സ്ഥാനത്തേക്ക് വീണു. മത്സരത്തിന് മുൻപ് അവർ 12ാ൦ സ്ഥാനത്തായിരുന്നു. നാല് മത്സരങ്ങൾ കളിച്ച അവർക്ക് മൂന്ന് സമനിലയും ഒരു തോൽവിയുമടക്കം മൂന്ന് പോയിന്റാണുള്ളത്.

    സെപ്റ്റംബർ 12ന് ക്ലർമോണ്ട് ഫൂട്ടിനെതിരെയാണ് പിഎസ്ജിയുടെ അടുത്ത മത്സരം. പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡി പ്രിൻസസിലാണ് ഈ മത്സരം നടക്കുന്നത്. പിഎസ്ജി ജേഴ്‌സിയിൽ അവരുടെ ഹോം ഗ്രൗണ്ടിലെ മെസ്സിയുടെ അരങ്ങേറ്റം ഈ മത്സരത്തിലൂടെയാവും.
    Published by:Naveen
    First published: