മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര് (Ballon d'Or) പുരസ്കാരം വീണ്ടും കൈക്കലാക്കിയിരിക്കുകയാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി (Lionel Messi). പാരീസില്‍ വെച്ച് നടന്ന അവാര്‍ഡ് ദാന ചടങ്ങിലാണ് മെസ്സിയെ ഈ വര്‍ഷത്തെ പുരസ്കാര ജേതാവായി പ്രഖ്യാപിച്ചത്. സമാനതകളില്ലാത്ത നേട്ടമാണ് മെസ്സി ഇതോടെ സ്വന്തമാക്കിയിരിക്കുന്നത്.
ഫുട്ബോള്‍ ലോകം മെസ്സിയെ ഒന്നടങ്കം പ്രശംസിക്കുമ്പോള്‍ റയല്‍ മാഡ്രിഡ് താരം ടോണി ക്രൂസിന്(Toni Kroos) പറയാനുള്ളത് മറ്റൊന്നാണ്. ലയണല്‍ മെസ്സി ബാലണ്‍ ഡി ഓറിന് അര്‍ഹനല്ലെന്നാണ് ടോണി ക്രൂസ് പറയുന്നത്. 'മെസ്സിയുമായി താരതമ്യപ്പെടുത്തിയാല്‍ ക്രിസ്റ്റ്യാനോ ഇത്തവണ ബഹുദൂരം മുന്നിലാണ്, ഒരിക്കലും മെസ്സി ഈ ബാലണ്‍ ഡി ഓര് അര്‍ഹിക്കുന്നില്ല.'- ക്രൂസ് പറഞ്ഞു.
കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച താരങ്ങളാണ് റൊണാള്‍ഡോയും മെസ്സിയും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ എന്തുകൊണ്ടും മെസ്സിയേക്കാള്‍ മുന്നിലാണ് ക്രിസ്റ്റ്യാനോ. ഈ ബാലണ്‍ ഡി ഓര് മെസ്സി അര്‍ഹിക്കുന്നില്ല. എന്തുകൊണ്ട് ക്രിസ്റ്റ്യാനോയെയും മെസ്സിയെയും മാറ്റിനിര്‍ത്തി മറ്റൊരു താരത്തിന് അവാര്‍ഡ് കൊടുത്തുകൂട, ടോണി ക്രൂസ് ചോദിച്ചു. ഇത്തവണത്തെ ബാലണ്‍ ഡി ഓര് പുരസ്കാരത്തിന് ഏറ്റവും അര്‍ഹന്‍ റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കരീം ബെന്‍സേമ ആണെന്നും ക്രൂസ് കൂട്ടിച്ചേര്‍ത്തു.
ബാലണ്‍ ഡി ഓര് വോട്ടിങ്ങില്‍ നാലാം സ്ഥാനത്തായിരുന്നു ബെന്‍സേമ. റയലിനായി മികച്ച പ്രകടനം നടത്തിയെങ്കിലും പ്രധാന കിരീടങ്ങളിലൊന്നും പങ്കാളിയാവാന്‍ ഫ്രഞ്ച് താരത്തിന് കഴിഞ്ഞില്ല. മാത്രമല്ല, ഫ്രാന്‍സിന് യൂറോകപ്പ് ഉയര്‍ത്താന്‍ കഴിയാതെ പോയതും താരത്തെ പിന്നോട്ടാക്കി.
Ballon d'Or |ബാലണ്‍ ഡി ഓര് ലെവന്‍ഡോസ്കിയ്ക്ക് സമ്മാനിക്കണം; ആവശ്യവുമായി ലയണല്‍ മെസ്സിജര്മ്മന് ടീം ബയേണ്‍ മ്യൂണിച്ചിന്റെ പോളണ്ടുകാരനായ ഫോര്‍വേഡ് റോബര്‍ട്ട് ലെവന്‍ഡോസ്കിയെ(Robert Lewandowski) മറികടന്നാണ് മെസ്സി ഇത്തവണ ബാലണ്‍ ഡി ഓര് പുരസ്കാരം കൈക്കലാക്കിയത്. ലെവന്‍ഡോസ്കിയുടെ എതിരാളിയായതില്‍ ഏറെ അഭിമാനമുണ്ടെന്നും കഴിഞ്ഞ വര്‍ഷത്തെ പുരസ്കാരം താരത്തിന് സമ്മാനിക്കണമെന്നും മെസ്സി പറഞ്ഞു.
കോവിഡ് മഹാമാരി മൂലം ഒഴിവാക്കപ്പെട്ട 2020ലെ ബാലണ്‍ ഡി ഓര് പുരസ്കാരം ലെവന്‍ഡോസ്കിയ്ക്ക് സമ്മാനിക്കണമെന്നാണ് ഫ്രാന്‍സ് ഫുട്ബോളിനോട് ലയണല്‍ മെസ്സി ആവശ്യപ്പെട്ടത്. ഇന്നലെ നടന്ന ചടങ്ങില്‍ 2021 വര്‍ഷത്തിലെയും തന്റെ കരിയറില്‍ ഏഴാമത്തെയും ബാലണ്‍ ഡി ഓര് നേടിയതിനു ശേഷം സംസാരിക്കുമ്പോഴാണ് മെസി ഇക്കാര്യം ആവശ്യപ്പെട്ടത്.
'റോബര്‍ട്ട് ലെവന്ഡോസ്കിയോടൊപ്പം മത്സരിക്കാന്‍ കഴിഞ്ഞത് ഒരു അഭിമാനമാണെന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ ബാലണ്‍ ഡി ഓര് അര്‍ഹിക്കുന്നു. കഴിഞ്ഞ വര്‍ഷം എല്ലാവരും നിങ്ങളാണ് വിജയിയെന്ന് അംഗീകരിച്ചിരുന്നു. ഫ്രാന്‍സ് ഫുട്ബോള്‍ നിങ്ങള്‍ക്ക് അര്‍ഹതയുള്ള ബാലണ്‍ ഡി ഓര് നല്‍കണം എന്നാണു ഞാന്‍ കരുതുന്നത്. ഫ്രാന്‍സ് ഫുട്ബോളത് നല്‍കുമെന്നും നിങ്ങള്‍ക്കത് വീട്ടിലേക്ക് കൊണ്ടു പോകാന്‍ കഴിയുമെന്നും അവിടെ സൂക്ഷിക്കാന്‍ കഴിയുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.' മെസി പുരസ്കാരം നേടിയതിനു ശേഷം പറഞ്ഞു.
2019/20 സീസണില്‍ അന്പത്തിയഞ്ചു ഗോളുകള്‍ നേടിയ ലെവന്‍ഡോസ്കി ചാമ്പ്യന്‍സ് ലീഗുള്‍പ്പെടെ നിരവധി കിരീടങ്ങളും സ്വന്തമാക്കിയിരുന്നു. ആ വര്‍ഷത്തെ ബാലണ്‍ ഡി ഓര് താരത്തിനു തന്നെയെന്ന് ഏവരും ഉറപ്പിച്ചിരിക്കുന്ന സമയത്താണ് കോവിഡ് മഹാമാരിയെത്തുടര്‍ന്ന് പുരസ്കാരം ഒഴിവാക്കപ്പെടുന്നത്. 2020/21 സീസണില്‍ 48 ഗോളുകള്‍ ലെവന്‍ഡോസ്കി കുറിച്ചെങ്കിലും മെസിയുടെ നേട്ടങ്ങള്‍ക്കു മുന്നില്‍ അത് അപ്രസക്തമായതിനെ തുടര്‍ന്ന് താരം ബാലണ്‍ ഡി ഓറില്‍ രണ്ടാം സ്ഥാനത്താണ് എത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.