Lionel Messi| പ്രശ്ന പരിഹാരമുണ്ടാകുമോ? ചർച്ചയ്ക്കായി മെസ്സിയുടെ പിതാവ് ബാഴ്സലോണയിൽ എത്തി

മെസ്സിയുടെ പിതാവിന്റെ വരവോടെ അവ്യക്തതകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമാകുമെന്ന് പ്രതീക്ഷിക്കാം.

News18 Malayalam | news18-malayalam
Updated: September 2, 2020, 4:27 PM IST
Lionel Messi| പ്രശ്ന പരിഹാരമുണ്ടാകുമോ? ചർച്ചയ്ക്കായി മെസ്സിയുടെ പിതാവ് ബാഴ്സലോണയിൽ എത്തി
Jorge messi
  • Share this:
ലയണൽ മെസ്സി ബാഴ്സലോണ വിടുന്നതുമായി ബന്ധപ്പെട്ടുള്ള അവ്യക്തതകൾ ഇനി അധികം നീണ്ടു നിൽക്കില്ല. മെസ്സിയുടെ പിതാവും ഏജന്റുമായ ജോർജി മെസ്സി ബാഴ്സ അധികൃതരുമായുള്ള ചർച്ചയ്ക്കായി സ്പെയിനിൽ എത്തി. ബാഴ്സ പ്രസിഡന്റ് ജോസപ് ബർത്തോമ്യുവുമായും ടീം അധികൃതരുമായും ജോർജി മെസ്സി ചർച്ച നടത്തും. എപ്പോഴാണ് ചർച്ചയെന്ന് വ്യക്തമല്ല.

അർജന്റീനയിൽ നിന്നും സ്പെയിനിലെത്തിയ ജോർജിയെ കാത്ത് നിരവധി മാധ്യമപ്രവർത്തകരും മെസ്സി ആരാധകരും എയർപോർട്ടിൽ തമ്പടിച്ചിരുന്നു. തനിക്ക് ഒന്നും അറിയില്ലെന്ന് മാത്രമായിരുന്നു ജോർജിയുടെ പ്രതികരണം.

കഴിഞ്ഞ ആഴ്ച്ചയാണ് ക്ലബ്ബ് വിടാനുള്ള തീരുമാനം മെസ്സി ബാഴ്സയെ അറിയിച്ചത്. ഇതിന് പിന്നാലെ തിങ്കളാഴ്ച്ച ആരംഭിച്ച പരിശീലനത്തിൽ നിന്നും മെസ്സി വിട്ടു നിന്നു.. എന്നാൽ ക്ലബ്ബ് വിടാനുള്ള മെസ്സിയുടെ തീരുമാനത്തോട് അനുകൂലമായ പ്രതിരണമല്ല ബാഴ്സയിൽ നിന്നും ഉണ്ടായത്.

സീസൺ അവസാനിച്ചതോടെ കരാർ പ്രകാരം ക്ലബ്​ വിടാൻ അനുമതിയുണ്ടെന്ന നിലപാടിലാണ് മെസ്സി. എന്നാൽ, ഇതിന്റെ കാലാവധി ജൂൺ പത്തിന് അവസാനിച്ചെന്നാണ് ബാഴ്സ അധികൃതർ പറയുന്നത്. ഇതിന്റെ പേരിലാണ് അനിശ്ചിതത്വവും തർക്കവും നിലനിൽക്കുന്നത്.

2021 ജൂൺ വരെയാണ് ബാഴ്സയുമായുള്ള കരാർ. മെസ്സിക്ക് ക്ലബ്ബ് വിടണമെങ്കിൽ കരാര്‍ തുകയായ 700 മില്യണ്‍ ഡോളർ നൽകണമെന്നും ബാഴ്സ വ്യക്തമാക്കുന്നു. മെസ്സിയെ പോകാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണു ബാർസ.

രണ്ട് വർഷത്തേക്ക് കരാർ നീട്ടാമെന്ന ഉപാധിയും മെസ്സിക്ക് മുന്നിൽ ബാഴ്സ വെക്കുന്നു. അതായത് 2022-23 സീസൺ കൂടി ബാഴ്സയ്ക്ക് വേണ്ടി മെസ്സി ബൂട്ടണിയേണ്ടി വരും. എന്നാൽ ഈ ഓഫർ മെസ്സി തള്ളിക്കളഞ്ഞതായാണ് റിപ്പോർട്ട്. ടീം മാനേജ്മെൻറിനോടും പരിശീലകന്‍ റൊണാള്‍ഡ് കോമാനുമായും ഒത്തുപോകാനാകില്ലെന്നാണ് മെസ്സിയുടെ നിലപാട്.

മെസ്സിയുടെ പിതാവുമായുള്ള ചർച്ചയ്ക്ക് ശേഷം അനുകൂലമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടീം അധികൃതർ. കൂടാതെ, മെസ്സിയുമായി നേരിട്ട് ചർച്ച നടത്തണമെന്നും ബാഴ്സ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. നേരിട്ടുള്ള ചർച്ചയ്ക്കൊടുവിൽ ക്ലബ്ല് വിടണമെന്ന തീരുമാനം മെസ്സി പുനഃപരിശോധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മെസ്സിയെ അനുനയിപ്പിക്കാന‍് കഴിയാവുന്നതെല്ലാം ചെയ്യാൻ ഒരുക്കമാണെന്നും അധികൃതർ പറയുന്നു.

ക്ലബ്ബ് വിടാനുള്ള തീരുമാനം അറിയിച്ചതിന് ശേഷം ടീം അധികൃതരുമായി മെസ്സി കൂടിക്കാഴ്ച്ച നടത്തിയിട്ടില്ല. മാത്രമല്ല, ചാമ്പ്യൻസ് ലീഗിൽ ബയേണിനോട് 8-2 ന് പരാജയപ്പെട്ടതിന് ശേഷം മെസ്സി യാതൊരു പരസ്യപ്രതികരണവും നടത്തിയിട്ടില്ല.

അതേസമയം, മുൻ ബാഴ്സലോണ പരിശീലകൻ പെപ്​ ഗാർഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ക്ലബായ മാഞ്ചസ്​റ്റർ സിറ്റിയിലേക്ക് മെസ്സി ചേക്കേറും എന്നും റിപ്പോർട്ടുകളുണ്ട്.

മെസ്സിയുടെ പിതാവിന്റെ വരവോടെ അവ്യക്തതകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമാകുമെന്ന് പ്രതീക്ഷിക്കാം.
Published by: Naseeba TC
First published: September 2, 2020, 4:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading