സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്കൊപ്പം (Barcelona) വീണ്ടും ഒന്നിക്കുന്നതിന്റെ സൂചനകൾ നൽകി അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സി (Lionel Messi). സ്പാനിഷ് മാധ്യമമായ സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്നുവെന്ന കാര്യം വ്യക്തമാക്കിയത്.
ബാഴ്സയുടെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളും ആരാധകരുടെ പ്രിയ താരവുമായ മെസ്സി തിരിച്ചെത്തിയേക്കും എന്നത് ബാഴ്സയുടെ ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമായി. അതേസമയം, ബാഴ്സയിലേക്ക് തിരിച്ചെത്തുമ്പോൾ പുതിയ റോൾ ആയിരിക്കും താൻ കൈകാര്യം ചെയ്യുക എന്നതാണ് മെസ്സി സൂചന നൽകിയത്. പിഎസ്ജിയുമായുള്ള (PSG) കരാർ അവസാനിച്ചാൽ താനും കുടുംബവും ബാഴ്സലോണയിലേക്ക് മടങ്ങുമെന്നും ബാഴ്സയുടെ ടെക്നിക്കൽ ഡയറക്ടറുടെ സ്ഥാനത്ത് എത്താൻ ആഗ്രഹിക്കുന്നുവെന്നും ബാഴ്സയോടൊപ്പം താൻ ചിലവഴിച്ച ദിനങ്ങൾ മിസ് ചെയ്യുന്നുണ്ടെന്നും മെസ്സി പറഞ്ഞു.
'പിഎസ്ജിയുമായുളള കരാര്‍ തീര്‍ന്നാല്‍ എന്താകും സംഭവിക്കുക എന്നത് അറിയില്ല. പക്ഷെ ഉറപ്പുള്ള ഒരു കാര്യം ഞാനും കുടുംബവും ബാഴ്സലോണയില്‍ തിരിച്ചെത്തും. ശിഷ്ടകാലം അവിടെയായിരിക്കും ചെലവഴിക്കുക. അക്കാര്യം ഞാനും എന്റെ ഭാര്യയും ആഗ്രഹിക്കുന്ന ഒന്നാണ്. പക്ഷെ പിഎസ്ജിയുമായുള്ള കരാര്‍ തീരുമ്പോള്‍ എന്താണ് സംഭവിക്കുക എന്ന് ഇപ്പോള്‍ പറയാനാവില്ല. പക്ഷെ എപ്പോഴായാലും ബാഴ്സയിലേക്ക് തന്നെ ഞാൻ തിരിച്ചെത്തും.' - മെസ്സി പറഞ്ഞു.
'ഞാൻ എപ്പോഴും പറയുന്ന ഒരു കാര്യമാണ്. ബാഴ്സയ്ക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ ഞാൻ തയാറാണ് എന്നത്. അതുകൊണ്ടാണ് ടീമിന്റെ ടെക്നിക്കൽ ഡയറക്ടർ സ്ഥാനത്തേക്ക് എത്തണമെന്ന ആഗ്രഹം ഞാൻ പങ്കുവെച്ചത്. എന്നാൽ അത് സംഭവിക്കുമോ അതോ മറ്റേതെങ്കിലും ചുമതലയാകുമോ എനിക്ക് ലഭിക്കുക എന്നറിയില്ല. എങ്ങനെയായാലും ബാഴ്സയിൽ തിരിച്ചെത്താൻ അവസരം ലഭിച്ചാൽ അത് എന്ത് തന്നെയായാലും ടീമിന് വേണ്ടി മികച്ചത് നൽകാൻ ഞാൻ പ്രവർത്തിക്കും. കാരണം ഞാൻ ഏറെ സ്നേഹിക്കുന്ന ക്ലബിനെ എപ്പോഴും മികച്ചതായി നിർത്തുക എന്നത് എന്റെ ആഗ്രഹമാണ്.' - മെസ്സി കൂട്ടിച്ചേർത്തു.
ബാഴ്സലോണയിൽ 21 വർഷം നീണ്ടുനിന്ന ഫുട്ബോൾ കരിയറിനൊടുവിൽ ഈ സീസണിൽ സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെയാണ് മെസ്സി ബാഴ്സയിൽ നിന്നും പിഎസ്ജിയിലേക്ക് എത്തിയത്. ലാലിഗയിലെ സാമ്പത്തിക നടപടിക്രമങ്ങളെ തുടർന്ന് മെസ്സിയുമായി കരാർ പുതുക്കാൻ കഴിയാതെ വന്നതോടെയാണ് ബാഴ്സയ്ക്ക് മെസ്സിയെ കൈവിടേണ്ടി വന്നത്. തുടർന്ന് ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി രണ്ട് വർഷ കരാറിൽ മെസ്സി ഒപ്പുവെക്കുകയായിരുന്നു.
ബാഴ്സയില്‍ നിന്ന് പിഎസ്ജിയിലെത്തിയ മെസ്സിക്ക് പക്ഷെ സ്പാനിഷ് ലീഗിൽ ബാഴ്സയ്ക്കൊപ്പം നടത്തിയ പ്രകടനം പിഎസ്ജി ജേഴ്സിയിൽ ആവര്‍ത്തിക്കാന്‍ ഇതുവരെയായിട്ടില്ല. ഇതിനിടെ കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ മെസ്സിയെ പരിശീലകന് ഇടയ്ക്ക് പിന്‍വലിക്കുകയും ചെയ്തിരുന്നു. അതേസമയം, മെസ്സി പോയതിന് ശേഷം സ്പാനിഷ് ലീഗില്‍ തുടർപരാജയങ്ങളുമായി വലയുകയാണ് ബാഴ്സലോണ. സീസണില്‍ ഇതുവരെ 11മത്സരങ്ങൾ കളിച്ച ബാഴ്സയ്ക്ക് നാല് ജയങ്ങൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. 16 പോയിന്റുമായി ലീഗിലെ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് അവർ. സീസണിൽ താളം കണ്ടെത്താൻ പാടുപെടുന്ന അവർ കഴിഞ്ഞയാഴ്ച നടന്ന എൽക്ലാസിക്കോ പോരാട്ടത്തിൽ റയലിനോട് തോൽവി വഴങ്ങിയിരുന്നു. മോശം പ്രകടനം മൂലം ബാഴ്സ മാനേജ്മെന്റ് അവരുടെ പരിശീലകനായിരുന്ന റൊണാൾഡ് കൂമാനെ പുറത്താക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.