• HOME
  • »
  • NEWS
  • »
  • sports
  • »
  • Lionel Messi | ലയണൽ മെസി എവിടേക്ക്? ബാഴ്സയിൽ തുടരുമോ?

Lionel Messi | ലയണൽ മെസി എവിടേക്ക്? ബാഴ്സയിൽ തുടരുമോ?

കറ്റാലൻ ക്ലബുമായുള്ള 21 വർഷത്തെ ബന്ധം ലയണൽ മെസി ബുധനാഴ്ച അർദ്ധരാത്രിയോടെ അവസാനിപ്പിക്കുമോയെന്നാണ് ഫുട്ബോൾ ലോകം ഉറ്റു നോക്കുന്നത്.

മെസ്സി

മെസ്സി

  • Share this:
ലയണൽ മെസി, സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ. പന്തടക്കത്തിലും വേഗതയിലും ഫിനിഷിങിലുമൊക്കെ എതിരാളികളെ ഭീതിപ്പെടുത്തുന്ന അതുല്യ പ്രതിഭ. മെസിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് 2021 ജൂൺ 30. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി ഒപ്പമുണ്ടായിരുന്ന ബാഴ്സലോണയിൽ ഇനി മെസി തുടരുമോയെന്നതാണ് ഫുട്ബോൾ ലോകത്തെ ഈ നിമിഷത്തിലെ ഏറ്റവും വലിയ ചോദ്യം. ബാഴ്സലോണയുമായുള്ള കരാർ ഇന്ന് അവസാനിക്കാനിരിക്കെ മെസി കരാർ പുതുക്കുമോ അതോ പുതിയ താവളത്തിലേക്ക് ചേക്കേറുമോ?

മെസി ബാഴ്സയിൽ തുടരുമോയെന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ല. കഴിഞ്ഞ കുറച്ചു കാലങ്ങളായി മെസിയും ക്ലബ് നേതൃത്വവും തമ്മിലുള്ള ബന്ധം അത്ര നല്ല നിലയിലല്ല. മറുവശത്ത് പി.എസ്.ജി, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ വമ്പൻമാർ മെസിയെ വലവീശിപിടിക്കാൻ ശ്രമിക്കുന്നുമുണ്ട്. ഇപ്പോൾ കോപ്പ അമേരിക്ക ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കളിക്കുന്ന അർജന്‍റീന ടീമിനൊപ്പമാണ് മെസി. മികച്ച ഫോമിൽ കളിക്കുന്ന ഈ 34കാരൻ അർജന്‍റീനയുടെ അവസാന രണ്ടു കളികളിലെ ജയത്തിന് ഗോളടിച്ചും ഗോളടിപ്പിച്ചും അടിത്തറയേകി.

മെസിയോ അദ്ദേഹത്തിന്‍റെ ഏജന്‍റോ ഇതുവരെ പുതിയ കരാറിനെ കുറിച്ച് മനസ് തുറന്നിട്ടില്ല. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരം, ഇത്രയും കാലം തന്റെ കരിയർ മുഴുവൻ ചെലവഴിച്ച ക്ലബാണ് ബാഴ്സലോണ. കറ്റാലൻ ക്ലബുമായുള്ള 21 വർഷത്തെ ബന്ധം ബുധനാഴ്ച അർദ്ധരാത്രിയോടെ അവസാനിപ്പിക്കുമോയെന്നാണ് ഫുട്ബോൾ ലോകം ഉറ്റു നോക്കുന്നത്.

2000 സെപ്റ്റംബറിൽ 13 വയസുകാരനായിരുന്ന ആ അർജന്‍റീനൻ ബാലൻ ബാഴ്സലണോയിലെത്തുമ്പോൾ, സ്പാനിഷ് ക്ലബിന്‍റെ എക്കാലത്തെയും മികച്ച താരമാണതെന്ന് അന്ന് ആരും കരുതിയിട്ടുണ്ടാകില്ല. ചൊവ്വാഴ്ച ലോകത്തെ പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ബാഴ്സലോണ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ മെസ്സിയുടെ കരാർ പുതുക്കുമോയെന്ന കാര്യത്തിൽ പ്രതികരണം നൽകാൻ അവർ വിസമ്മതിച്ചു.

മെസി ബാഴ്സയിൽ തുടരണമെങ്കിൽ ഇന്ന് അർദ്ധരാത്രിക്ക് മുമ്പ് ഒരു കരാർ ഒപ്പുവെക്കേണ്ടതുണ്ട്. മെസിയുമായി കരാർ ഉണ്ടാക്കാൻ ബാഴ്സലോണ പരാജയപ്പെട്ടാൽ അത് ക്ലബിനും പ്രസിഡന്റ് ജോവാൻ ലാപോർട്ടയ്ക്കും നാണക്കേടാണ്. എന്നാൽ മെസിയെ പിടിച്ചുനിർത്തണമെങ്കിൽ വൻ തുക വാഗ്ദാനം ചെയ്തേ മതിയാകൂ. ലോകത്തെ വമ്പൻ ക്ലബുകൾ റെക്കോർഡ് പ്രതിഫലവുമായി മെസിയുടെ പിന്നാലെയുണ്ട്. എന്നാൽ ബാഴ്സലോണയുടെ ഇപ്പോഴത്തെ സാമ്പത്തിക നില അപകടകരമായ അവസ്ഥയിലാണെന്ന വിവരവുമുണ്ട്. ക്ലബിന്റെ മൊത്തം കടം ഒരു ബില്യൺ യൂറോയിലധികമാണ്.

മുൻ മേധാവി ജോസെപ് മരിയ ബാർട്ടോമിയുമായി തെറ്റിയ മെസി കഴിഞ്ഞ വർഷം ക്ലബ് വിടാൻ ശ്രമിച്ചെങ്കിലും പുതിയതായി പ്രസിഡന്‍റ് സ്ഥാനത്തെത്തിയ ലാപോർട്ട അർജന്‍റീനൻ താരത്തെ നൂ കാമ്പിൽ പിടിച്ചുനിർത്തുകയായിരുന്നു. പുതിയ സാഹചര്യത്തിൽ മെസിയുടെ മനസിൽ എന്താണുള്ളതെന്ന് ബാഴ്സലോണ അധികൃതർക്ക് അറിയില്ല. മെസി മറ്റെവിടേക്കെങ്കിലും പോകുമോ, അതോ ബാഴ്സയിൽ തുടരുമോ എന്നതാണ് അവിടുത്തെ ആരാധകരെ പോലെ ക്ലബ് നേതൃത്വത്തെയും കുഴപ്പിക്കുന്നത്. “മെസ്സി എന്താണ് ചെയ്യുന്നതെന്ന് കഴിയുന്നതും വേഗം ഞങ്ങളോട് പറയണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അത് ഞങ്ങളെ പല രീതിയിൽ സഹായിക്കും,” ലാപോർട്ട, ലാ വാൻഗാർഡിയ പത്രത്തോട് പറഞ്ഞു.

"ഞങ്ങൾ മെസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്, മെസിയുടെ കാര്യത്തിൽ ഞങ്ങൾക്കും, ബാഴ്സയുടെ കാര്യത്തിൽ അദ്ദേഹത്തിനും വലിയ പ്രതീക്ഷയാണുള്ളത്. ഇത്രയും കാലം ഒപ്പം നിൽക്കാനുള്ള സന്നദ്ധത കാണിച്ചതിന് ഞാൻ അദ്ദേഹത്തോട് നന്ദിയുള്ളവനാണ്." കഴിഞ്ഞയാഴ്ച 34 വയസ്സ് തികഞ്ഞ മെസ്സി തിങ്കളാഴ്ച അർജന്റീനയ്ക്കുവേണ്ടി ഏറ്റവുമധികം മത്സരം കളിച്ച താരമായി. കോപ അമേരിക്കയിൽ ബൊളീവിയയ്‌ക്കെതിരെ 4-1 ന് അർജന്‍റീന ജയിച്ചപ്പോൾ രണ്ട് ഗോൾ മെസിയുടെ വകയായിരുന്നു.
Published by:Anuraj GR
First published: