2021-22 സീസണിലെ ആദ്യ ലീഗ് മത്സരത്തിനിറങ്ങാൻ ഒരുങ്ങി പി എസ് ജി. സീസണിലെ ആദ്യ ലീഗ് മത്സരത്തിൽ സ്റ്റ്രാസ്ബര്‍ഗിനെ നേരിടാൻ ഇറങ്ങുമ്പോൾ ഫുട്ബോള്‍ ആരാധകരെല്ലാം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ലയണല്‍ മെസ്സി പി എസ് ജിക്കായി അരങ്ങേറ്റം നടത്തുമോ എന്നതാണ്. മെസ്സി പി എസ് ജിയിലേക്ക് ചേർന്നതിന് ശേഷം ഏവരും ഫ്രഞ്ച് ലീഗ് തുടങ്ങാൻ വേണ്ടി ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു.
എന്നാല്‍ ഇന്നത്തെ മത്സരത്തിൽ മെസ്സി കളിക്കാന്‍ സാധ്യതയില്ല എന്നതാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ക്ലബ്ബിന്റെ പ്രീ സീസൺ ക്യാമ്പുകളിൽ ഇല്ലാതിരുന്ന മെസ്സി ആകെ മൂന്ന് ട്രെയിനിങ് സെഷനില്‍ മാത്രമെ ഇതുവരെ പങ്കെടുത്തിട്ടുള്ളു എന്നതിനാൽ താരത്തെ ഇന്ന് കളിപ്പിച്ച് വലിയ സാഹസത്തിന് മുതിരാൻ പി എസ് ജി ഒരുക്കമായിരിക്കില്ല.
അതുകൊണ്ട് തന്നെയാണ് ലീഗിലെ ആദ്യ മത്സരത്തിൽ മെസ്സിയെ ഉൾപ്പെടുത്താതെയുള്ള ടീമിനെ പി എസ് ജി പ്രഖ്യാപിച്ചിരിക്കുന്നത്. മെസ്സിക്ക് പുറമെ ക്ലബ്ബിൽ പുതുതായി എത്തിയ സെർജിയോ റാമോസ്, ഡൊന്നരുമ എന്നിവരും ഇന്നത്തെ മത്സരത്തിനുള്ള ടീമിൽ ഉൾപ്പെട്ടിട്ടില്ല. അതേസമയം വൈനാൾഡവും ഹക്കീമിയും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഇവർക്ക് പുറമെ ബ്രസീൽ താരം നെയ്മർ, അർജന്റീനയുടെ ഡി മരിയ, പരാഡെസ് എന്നിവരും ടീമിൽ ഉൾപ്പെട്ടിട്ടില്ല.
¡Los convocados para el regreso al Parc ! 📋🔴🔵#PSGRCSA pic.twitter.com/nmN3rIV3L4
— Paris Saint-Germain (@PSG_espanol) August 14, 2021
ഒരാഴ്ച കൂടി ടീമിനൊപ്പം പരിശീലിച്ച് ടീമിന്റെ ശൈലിയിലേക്ക് പൂർണമായി ഇണങ്ങുകയും താരത്തിന്റെ പരിപൂർണ ഫിറ്റ്നസിൽ എത്തിയതിന് ശേഷമാകും മെസ്സിയെ പി എസ് ജി കളത്തിൽ ഇറക്കുക. മെസ്സിയെ ഇന്നത്തെ മത്സരത്തിൽ ഇറക്കിയില്ലെങ്കിലും താരത്തെ ആരാധകർക്ക് മുന്നിൽ മത്സരത്തിന് മുൻപ് അവതരിപ്പിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ പി എസ് ജി ജേഴ്‌സിയിൽ മെസ്സിയെ കാണാൻ വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫുട്‍ബോൾ ആരാധകർക്ക് ഇതൊരു സന്തോഷ വാർത്ത തന്നെയാണ്.
ഇന്ന് രാത്രി 12.30ന് പി എസ് ജിയുടെ ഹോം ഗ്രൗണ്ടായ പാർക്ക് ഡി പ്രിൻസസ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്. ഫ്രഞ്ച് ലീഗ് മത്സരങ്ങൾ ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ സ്ട്രീമിങ് സൈറ്റുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികള്‍.
ബാഴ്‌സയുമായി കരാറിലെത്താൻ കഴിഞ്ഞ മെസ്സിയെ പി എസ് ജി രണ്ട് വർഷത്തേക്കാണ് കരാർ നൽകിയിരിക്കുന്നത്. സീസണില്‍ 35 ദശലക്ഷം യൂറോ ആയിരിക്കും മെസ്സിയുടെ പ്രതിഫലം. രണ്ടു വര്‍ഷത്തേക്കാണ് പ്രാഥമിക കരാറെങ്കിലും ഇത് 2024വരെ നീട്ടാമെന്നും ധാരണയുണ്ട്. പി എസ് ജിയിൽ മെസ്സി 30ാ൦ നമ്പർ ജേഴ്‌സി ധരിച്ചാകും കളിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Lionel messi, Paris Saint-Germain, PSG