ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസ്സി ധരിച്ചിരുന്ന പത്താം നമ്പർ ജേഴ്‌സിക്ക് പുതിയ അവകാശിയെ കണ്ടെത്തി ബാഴ്‌സലോണ. ബാഴ്‌സയുടെ ബ്രസീലിയൻ താരമായ ഫിലിപ്പെ കൂട്ടീഞ്ഞോയാകും ഈ സീസണിൽ പത്താം നമ്പർ ജേഴ്‌സി ധരിക്കുക എന്നതാണ് പുറത്ത് വരുന്ന റിപോർട്ടുകൾ.
മെസ്സി ബാഴ്‌സ വിട്ടതോടെ താരം ധരിച്ചിരുന്ന പത്താം നമ്പർ ജേഴ്‌സി റിട്ടയർ ചെയ്യണം എന്ന് ആഹ്വാനവുമായി ആരാധകർ രംഗത്ത് വന്നിരുന്നെങ്കിലും, ക്ലബ് അതിലേക്ക് കടക്കുന്നില്ല എന്ന സൂചന നൽകുന്നതാണ് പുറത്തുവരുന്ന ഈ റിപ്പോർട്ടുകൾ നൽകുന്നത്. ജേഴ്‌സി നമ്പറുകൾക്ക് മേൽ ലാലിഗയുടെ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാണ് മെസ്സിയുടെ ജേഴ്‌സി റിട്ടയർ ചെയ്യാൻ ബാഴ്‌സയ്ക്ക് കഴിയാത്തത്.
സ്പാനിഷ് ലീഗായ ലാലിഗയിൽ 1 മുതല്‍ 25 നമ്പർ വരെയുള്ള ജേഴ്സികള്‍ നിര്‍ബന്ധമായും ക്ലബുകള്‍ ഉപയോഗിക്കണമെന്ന് ലീഗിലെ നിയമങ്ങൾ നിഷ്കർഷിക്കുന്നുണ്ട്. ഇത് മറികടന്ന് ബാഴ്‌സ മെസ്സിയുടെ ജേഴ്‌സി റിട്ടയർ ചെയ്യുകയാണെങ്കിൽ അവർക്ക് പിന്നീട് അവരുടെ സംഘത്തിലേക്ക് 25 കളിക്കാരുടെ സ്ഥാനത്ത് 24 കളിക്കാരെ മാത്രമേ ഉൾപ്പെടുത്താൻ കഴിയുകയുള്ളൂ. ഇത്തരം സങ്കീർണ സ്ഥിതിയിലേക്ക് പോകാൻ ബാഴ്‌സ തത്ക്കാലം താത്പര്യപ്പെടുന്നുണ്ടാകില്ല. അതിനാലാണ് അവർ പത്താം നമ്പർ ജേഴ്‌സി ബ്രസീലിയൻ താരമായ കൂട്ടീഞ്ഞോയ്ക്ക് നൽകാൻ ഉദ്ദേശിക്കുന്നത്.
ബാഴ്‌സയിലേക്ക് ഈ സീസണിൽ എത്തിയ മുൻ മാഞ്ചെസ്റ്റർ സിറ്റി താരമായ സെര്‍ജിയോ അഗ്വേറൊ, മുൻ ഒളിമ്പിക് ലിയോൺ താരമായ മെംഫിസ് ഡീപെ എന്നിവർ അവരുടെ മുൻ ക്ലബ്ബുകളിൽ പത്താം നമ്പർ ജേഴ്‌സിയാണ് അണിഞ്ഞിരുന്നത്. എന്നാല്‍ ഇരുവർക്കും ബാഴ്‌സ ജേഴ്‌സി നമ്പർ നൽകിക്കഴിഞ്ഞു.അഗ്വേറൊയ്ക്ക് 19ാ൦ നമ്പർ നൽകിയപ്പോൾ ഡീപെയ്ക്ക് ഒമ്പതാം നമ്പർ ആണ് നൽകിയത്. ബാഴ്‌സയിലുള്ള താരങ്ങളിൽ കുട്ടീഞ്ഞോയ്ക്ക് മാത്രമാണ് ജേഴ്‌സി നമ്പർ ലഭിച്ചിട്ടില്ലാത്തത്. യുവതാരം പെഡ്രിക്ക് ഈ സീസണിൽ പത്താം നമ്പർ നൽകുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും സീസണിലെ ആദ്യ മത്സരത്തിൽ ഇറങ്ങിയ പെഡ്രി താൻ കഴിഞ്ഞ സീസണിൽ ഉപയോഗിച്ച അതേ നമ്പർ (16) ധരിച്ചാണ് ഇറങ്ങിയത്.
ലീഗിൽ റയൽ സോസിഡാഡിനെതിരായ ആദ്യ മത്സരത്തിൽ കൂട്ടീഞ്ഞോ കളിച്ചിരുന്നില്ല. വരും മത്സരങ്ങളിൽ താരം പത്താം നമ്പർ ധരിച്ച് ഇറങ്ങിയേക്കും. അതേസമയം ബാഴ്‌സ വിട്ട മെസ്സി പി എസ് ജിയിൽ 30ാ൦ നമ്പർ ജേഴ്‌സിയാണ് തിരഞ്ഞെടുത്തത്. ഫ്രഞ്ച് ക്ലബിൽ പത്താം നമ്പർ ധരിച്ചു കളിക്കുന്ന മെസ്സിയുടെ അടുത്ത സുഹൃത്തായ നെയ്മർ താരത്തിന് വേണ്ടി ഈ നമ്പർ ഒഴിഞ്ഞുകൊടുക്കാമെന്ന് പറഞ്ഞെങ്കിലും മെസ്സി അത് വേണ്ടെന്ന് വെക്കുകയായിരുന്നു.
Also read- ജേഴ്‌സി നമ്പറില്‍ ചരിത്രം ആവര്‍ത്തിച്ച് മെസി, ബാഴ്‌സയില്‍ തുടക്കം കുറിച്ച 30ആം നമ്പര്‍ തന്നെ പിഎസ്ജിയിലുംഅതേസമയം മെസ്സിയിലാതെ സ്പാനിഷ് ലീഗിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ബാഴ്‌സ റയൽ സോസിഡാഡിനെതിരെ തകർപ്പൻ ജയമാണ് നേടിയത്. മാർട്ടിൻ ബ്രാത്വെയ്റ്റ് നേടിയ ഇരട്ട ഗോളുകളുടെ മികവിൽ സോസിഡാഡിനെതിരെ 4-2 എന്ന സ്കോറിനാണ് ബാഴ്‌സ ജയം നേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.