ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസ്സി ധരിച്ചിരുന്ന പത്താം നമ്പർ ജേഴ്‌സിക്ക് പുതിയ അവകാശിയെ കണ്ടെത്തി ബാഴ്‌സലോണ. ബാഴ്‌സയിൽ മെസ്സി അനശ്വരമാക്കിയ ഈ ജേഴ്‌സി ഇനി ക്ലബിലെ യുവതാരവും ഭാവിയിലേക്കുള്ള ബാഴ്‌സയുടെ കണ്ടെത്തലുമായ അൻസു ഫാറ്റി അണിയും.
ആരാധകർക്കിടയിൽ ഒരുപാട് ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും ഉയർന്നുകൊണ്ടിരിക്കെ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ബാഴ്‌സലോണ തന്നെയാണ് പുറത്തുവിട്ടത്. 22ാ൦ നമ്പർ ജേഴ്‌സിയാണ് അന്‍സു ഫാറ്റി ഇതുവരെ ധരിച്ചിരുന്നത്. ദീര്‍ഘകാലമായി പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്താണെങ്കിലും ബാഴ്‌സലോണയുടെ ഭാവി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് സ്പാനിഷ് താരമായ അൻസു ഫാറ്റി അറിയപ്പെടുന്നത്.
Our new number 🔟
Made in La Masia 💙❤️
⭐️ @ANSUFATI ⭐️ pic.twitter.com/co6NcpjxOx
— FC Barcelona (@FCBarcelona) September 1, 2021
മെസ്സിയുടെ പത്താം നമ്പർ ലഭിച്ച താരത്തിന് മുന്നിലേക്ക് വലിയ ഉത്തരവാദിത്തമാണ് വന്നു ചേർന്നിരിക്കുന്നത്. മെസ്സിക്ക് പുറമെ ക്ലബിലെ മികച്ച താരങ്ങൾ ധരിച്ചിട്ടുള്ള ജേഴ്‌സിയാണ് പത്താം നമ്പർ. മെസ്സിക്ക് മുൻപ് ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡീഞ്ഞോയാണ് ഈ ജേഴ്‌സി ധരിച്ചിരുന്നത്. റൊണാൾഡീഞ്ഞോ ക്ലബ് വിട്ടതിന് ശേഷം മെസ്സി ഈ ജേഴ്‌സി സ്വീകരിക്കുകയായിരുന്നു. ഈ വേളയിൽ മെസ്സി ബാഴ്‌സയെ 10 ലാലിഗ കിരീടങ്ങൾ, നാല് യൂറോപ്യൻ കിരീടങ്ങൾ ഉൾപ്പെടെ 34 മേജർ കിരീടങ്ങളും 674 ഗോളുകൾ നേടി ക്ലബിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായത് ഈ ജേഴ്‌സി ധരിച്ചായിരുന്നു. അതുകൊണ്ട് തന്നെ അടുത്ത തലമുറയിലെ സൂപ്പർ സ്റ്റാർ എന്ന വിശേഷണം സ്വന്തമായുള്ള അൻസു ഫാറ്റിക്ക് ജേഴ്‌സിയുടെ വലിപ്പത്തിനൊപ്പമുള്ള പ്രകടനം നടത്താൻ കഠിന പ്രയത്‌നം തന്നെ നടത്തേണ്ടി വരും.
ക്ലബ് ഫുട്‌ബോളില്‍ 2019ൽ ബാഴ്‌സലോണക്കായി അരങ്ങേറിയ അന്‍സു ഫാറ്റി 42 മത്സരങ്ങളിൽ നിന്നായി 13 ഗോളുകൾ നേടി, ലാലിഗയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. 16 വയസും 318 ദിവസവും പ്രായമുള്ളപ്പോഴായിരുന്നും ഗിനിയന്‍ വംശജനായ സ്‌പാനിഷ് താരം ലാലിഗയില്‍ ഗോള്‍ നേട്ടം സ്വന്തമാക്കിയത്.
അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ സ്‌പെയിന് വേണ്ടി ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും അന്‍സു ഫാറ്റിയുടെ പേരിലാണ്. യുവേഫ നേഷന്‍സ് ലീഗില്‍ ഉക്രെയിനെതിരെ മാഡ്രിഡില്‍ നടന്ന മത്സരത്തിലാണ് അന്‍സു ഫാറ്റിയുടെ ആദ്യ അന്താരാഷ്‌ട്ര ഗോള്‍ പിറന്നത്. ഗോള്‍ നേടുമ്പോൾ 17 വയസും 311 ദിവസും മാത്രമായിരുന്നു ആന്‍സു ഫാറ്റിയുടെ പ്രായം.
അതേസമയം ബാഴ്‌സ വിട്ട മെസ്സി പി എസ് ജിയിൽ 30ാ൦ നമ്പർ ജേഴ്‌സിയാണ് തിരഞ്ഞെടുത്തത്. ഫ്രഞ്ച് ക്ലബിൽ പത്താം നമ്പർ ധരിച്ചു കളിക്കുന്ന മെസ്സിയുടെ അടുത്ത സുഹൃത്തായ നെയ്മർ താരത്തിന് വേണ്ടി ഈ നമ്പർ ഒഴിഞ്ഞുകൊടുക്കാമെന്ന് പറഞ്ഞെങ്കിലും മെസ്സി അത് വേണ്ടെന്ന് വെക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Barcelona fc, Lionel messi, Messi Barcelona