സൂപ്പര്‍ താരം ലയണല്‍ മെസ്സി ബാഴ്‌സലോണയുമായുള്ള ദീർഘകാലത്തെ ബന്ധം അവസാനിപ്പിച്ച് വികാരധീനനായി ന്യൂകാമ്പിന്റെ പടിയിറങ്ങുമ്പോൾ സ്പാനിഷ് ലീഗിലെ വമ്പന്മാരായ ബാഴ്‌സലോണയ്ക്ക് അവരുടെ ഏറ്റവും മികച്ച താരത്തെ മാത്രമല്ല നഷ്ടപ്പെടുന്നത് ഒപ്പം ക്ലബ്ബിന്റെ ഒരു വലിയ ശതമാനം വരുമാനത്തിന്റെ ഭാഗം കൂടിയാകും. കണ്‍സല്‍ട്ടിങ് സ്ഥാനപനമായ ബ്രാന്‍ഡ് ഫിനാന്‍സാണ് ബാഴ്സക്ക് 137 ദശലക്ഷം യൂറോയുടെ (ഏകദേശം 1195 കോടിരൂപ) നഷ്ടമുണ്ടാകുമെന്ന് വ്യക്തമാക്കിയത്.
സ്പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ ബാഴ്സക്ക് 77 ദശലക്ഷം യൂറോ നഷ്ടം വരുമെന്ന് കണക്കാക്കുമ്പോൾ, ജേഴ്‌സിയടക്കമുല്ല സ്പോര്‍ട്സ് ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ നിന്നും 43 ദശലക്ഷം യൂറോയുടെ വരുമാനത്തിന്റെയും നഷ്ടമുണ്ടാകും.
ഇതിനുപുറമെ ടിക്കറ്റ് വില്‍പനയിലൂടെയും സമ്മാനത്തുകയിലൂടെയുമുള്ള വരുമാനത്തിലും ബാഴ്‌സയുടെ മുഖമായിരുന്ന മെസ്സിയുടെ അസാന്നിധ്യം പ്രതിഫലിക്കും എന്ന് ഉറപ്പാണ്. ബ്രാന്‍ഡ് മൂല്യത്തിന്‍റെ കാര്യത്തില്‍ റയല്‍ മഡ്രിഡിന് തൊട്ടുപിറകില്‍ ലോകത്ത് രണ്ടാമതാണ് ബാഴ്സലോണ (1266 ദശലക്ഷം യൂറോ). മെസ്സി ടീം വിടുന്നതോടെ ബാഴ്‌സയുടെ ബ്രാന്‍ഡ് മൂല്യത്തില്‍ 11 ശതമാനമാണ് ഇടിവ് സംഭവിക്കുക.
'ബാഴ്സലോണയിലെ മെസ്സിയുടെ സാന്നിധ്യം ആരാധകര്‍, സീസണ്‍ ടിക്കറ്റ് ഉടമകള്‍, മികച്ച കളിക്കാര്‍, ഡയറക്ടര്‍മാര്‍, വാണിജ്യ കരാറുകാര്‍ എന്നിവരെ ആകര്‍ഷിക്കാനും ട്രോഫികള്‍ നേടാനും ക്ലബിനെ സഹായിച്ചിരുന്നു. അദ്ദേഹം പോകുന്നതോടെ ബാഴ്‌സയുടെ ബ്രാന്‍ഡ് മൂല്യത്തിന് വലിയ ഇടിവാകും സംഭവിക്കുക.' - ബ്രാന്‍ഡ് ഫിനാന്‍സ് സ്പെയിനിന്റെ ജനറല്‍ ഡയറക്ടറായ തെരേസ ഡി ലിമസ് പറഞ്ഞു.
Brand Finance estimates that Lionel #Messi’s departure could decrease @FCBarcelona’s brand value by 11%. The club could see €137m knocked off its 2021 valuation of €1,266m and fall down the ranking of the world's top #footballbrands.
PRESS RELEASE: https://t.co/Gzt94Vnplo pic.twitter.com/QeR4c9JWpU
— Brand Finance (@BrandFinance) August 6, 2021
നേരത്തെ അഞ്ച് വർഷത്തേക്ക് തന്റെ വേതനത്തിന്റെ 50 ശതമാനത്തോളം കുറച്ച് കൊണ്ട് ബാഴ്‌സയിൽ തുടരാമെന്നതിൽ മെസ്സിയും ബാഴ്‌സയും തമ്മിൽ വാക്കാൽ കരാറിലെത്തിയിരുന്നു. ഈ കരാറിൽ മെസ്സി ഒപ്പിടാനിരുന്നതുമാണ്. എന്നാൽ ഫുട്‍ബോൾ ആരാധകരെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് മെസ്സിക്ക് പുതിയ കരാര്‍ നല്‍കാന്‍ കഴിയില്ലെന്ന് ബാഴ്സലോണ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ബാഴ്‌സലോണ അടക്കമുള്ള ക്ലബുകള്‍ നേരിടുന്നത്. നിശ്ചിത പരിധിക്കപ്പുറമുള്ള തുക കളിക്കാര്‍ക്കായി ചെലവഴിക്കാനുമാകില്ല. മറ്റ് താരങ്ങളുടെ വേതനം കുറയക്കാനും ചില കളിക്കാരെ കൈമാറ്റം ചെയ്യാനും ബാഴ്‌സ നടത്തിയ നീക്കങ്ങള്‍ വിജയം കണ്ടതുമില്ല. ലാ ലിഗയുടെ നിയമമനുസരിച്ച് ക്ലബിന്‍റെ വാര്‍ഷിക വരുമാനത്തിന്‍റെ 70 ശതമാനം മാത്രമാണ് താരങ്ങള്‍ക്ക് പ്രതിഫലമായി നല്‍കാന്‍ കഴിയുക. താരത്തെ നിലനിര്‍ത്താന്‍ ബാഴ്സക്കും ക്ലബിനൊപ്പം തുടരാന്‍ മെസ്സിക്കും താല്‍പര്യം ഉണ്ടായിരുന്നുവെന്നും, എന്നാല്‍ ലാ ലിഗ നിയമങ്ങളാണ് അതിനു തടസം സൃഷ്ടിച്ചതെന്ന് ബാഴ്‌സയുടെ പ്രെസിഡന്റായ ലപ്പോർട്ട വ്യക്തമാക്കിയിരുന്നു.
21 വര്‍ഷം മുമ്പ് പതിമൂന്നാം വയസില്‍ ബാഴ്‌സ അക്കാദമിയിലെത്തിയ മെസ്സി, മറ്റൊരു ക്ലബിന് വേണ്ടിയും ഇതുവരെ ബൂട്ടണിഞ്ഞിട്ടില്ല. കറ്റാലന്‍ ക്ലബിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതും ഏറ്റവുമധികം ഗോളടിച്ചതും മെസ്സിയാണ്. 778 കളികളില്‍ നന്ന് 672 ഗോള്‍. ഇക്കാലയളവില്‍ 10 സ്പാനിഷ് ലീഗും 4 ചാമ്പ്യന്‍സ് ട്രോഫിയുമടക്കം നിരവധി കിരീടങ്ങളാണ് മെസ്സിയുടെ മികവില്‍ ബാഴ്‌സ സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണിൽ ക്ലബ്ബിൽ നിന്ന് വിടപറയാൻ ഒരുങ്ങിയതാണെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. എന്നാൽ ഈ സീസണിൽ മെസ്സി ബാഴ്‌സയിൽ തന്നെ തുടരാനിരുന്നതാണ്. പക്ഷെ ലാലിഗയുടെ കരാർ നിയമങ്ങൾ അതിന് തിരിച്ചടിയായി.
അതേസമയം ബാഴ്‌സ വിടുന്ന മെസ്സി ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയിലേക്ക് തന്നെയായിരിക്കും പോവുക എന്ന സൂചനകളാണ് ലഭിക്കുന്നത്. മെസ്സിയും പി എസ് ജിയും തമ്മിലുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്. മെസിക്കായി 2023വരെയുള്ള പ്രാഥമിക കരാര്‍ പി എസ് ജി വാഗ്ദാനം ചെയ്തു കഴിഞ്ഞു. മെസിയുടെ പിതാവായ ജോര്‍ഗെ മെസ്സിയാണ് ചര്‍ച്ചകള്‍ നയിക്കുന്നതെന്നും ഉടന്‍ ഈ കരാര്‍ മെസ്സി അംഗീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം മെസ്സി പാരീസിലേക്ക് വരുന്നു എന്ന അഭ്യൂഹങ്ങൾ ഉയർന്നതോടെ അവിടത്തെ വിമാനത്താവളത്തിൽ താരത്തെ കാണാനായി ആരാധകർ തടിച്ചുകൂടിയെങ്കിലും, അവർ താരം വരുന്നില്ല എന്നറിഞ്ഞതോടെ നിരാശരായി മടങ്ങുകായായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: FC Barcelona, Lionel messi, Messi Barcelona, Messi news, PSG