ഫുട്ബോൾ ലോകത്ത് ഏറ്റവും സജീവ ചർച്ചാവിഷയമായിരുന്നു ലയണൽ മെസ്സിയും താരത്തിന്റെ ട്രാൻസ്ഫർ വിഷയവും. ബാഴ്സ വിട്ട താരം ഫ്രഞ്ച് ക്ലബായ പി എസ് ജിയിൽ ചേർന്നെങ്കിലും താരത്തെയും താരത്തെ കുറിച്ചുള്ള വിഷയങ്ങളിലും ആരാധകരുടെ ചർച്ച തുടരുകയായിരുന്നു. ഇപ്പോഴിതാ ആ ചർച്ച സമൂഹമാധ്യമങ്ങളിലേക്കും കടന്നിരിക്കുകയാണ്. ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്നതിനുള്ള മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ 'ലൈക്ക്' നൽകിയ ചിത്രങ്ങളിൽ ആദ്യ മൂന്ന് സ്ഥാനത്ത് നിൽക്കുന്ന ചിത്രങ്ങൾ ഈ അർജന്റീന സൂപ്പർ താരത്തിന്റേതാണ്.
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന വ്യക്തി എന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ് എന്നിരിക്കെയാണ് കൂടുതൽ ലൈക്കുകൾ വാരിക്കൂട്ടിയ ചിത്രങ്ങളിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളും പിടിച്ച് ലയണൽ മെസ്സിയുടെ മുന്നേറ്റം.
കോപ്പ അമേരിക്ക കിരീടം നെഞ്ചോട് ചേർത്ത് പിടിച്ച് നിൽക്കുന്ന മെസ്സിയുടെ ചിത്രമാണ് ഏറ്റവും കൂടുതൽ ലൈക്ക് നേടിയ സ്പോർട്സ് സംബന്ധമായ ചിത്രം. 21 മില്യണിലധികം ലൈക്കുകളാണ് മെസ്സിയുടെ അക്കൗണ്ടിലുള്ള ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രാജ്യാന്തര തലത്തിൽ മെസ്സിക്ക് കിരീടമില്ല എന്നതിന്റെ കുറവ് നികത്തി ഇത്തവണ കോപ്പ അമേരിക്ക ടൂർണമെന്റിൽ ചിരവൈരികളായ ബ്രസീലിനെ തോൽപ്പിച്ച് കിരീടം നേടിയതിന്റെ ആഘോഷം ആരാധകരുമായി പങ്കുവെക്കാൻ വേണ്ടി താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ ചിത്രം പോസ്റ്റ് ചെയ്തത്.
മറഡോണയുടെ മരണത്തിനു ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ട് റൊണാള്‍ഡോ പോസ്റ്റു ചെയ്ത ചിത്രം കൂടുതല്‍ ലൈക്ക് നേടിയിട്ടുണ്ടെങ്കിലും അത് സ്പോര്‍ട്സ് സംബന്ധമായ ചിത്രമായല്ല കണക്കാക്കുന്നത് എന്നതിനാലാണ് മെസ്സിയുടെ ചിത്രത്തിന് ഈ റെക്കോർഡ് ലഭിച്ചത്.
ഇതേ വിഭാഗത്തിൽ കൂടുതൽ ലൈക്കുകൾ ലഭിച്ചതിനുള്ള രണ്ടാമത്തെ ചിത്രം മെസ്സി പി എസ് ജിയിലേക്ക് കൂടുമാറിയതിന് ശേഷം ക്ലബിൽ തന്റെ ജേഴ്സി നമ്പറായ 30ാ൦ നമ്പർ ജേഴ്സി പിടിച്ചു നിൽക്കുന്ന ചിത്രത്തിനാണ് രണ്ടാം സ്ഥാനം. 21 മില്യൺ ലൈക്കുകൾ ലഭിച്ച ഈ ചിത്രം വൈകാതെ തന്നെ മെസ്സി കോപ്പ അമേരിക്ക കിരീടം പിടിച്ചു നിൽക്കുന്ന ചിത്രത്തിന് ലഭിച്ച ലൈക്കുകളെ മറികടക്കും എന്നാണ് വിലയിരുത്തൽ.
ബാഴ്സയിൽ പത്താം നമ്പർ ജേഴ്സിയിൽ കളിച്ചിരുന്ന താരം പി എസ് ജിയിൽ എത്തിയപ്പോൾ തന്റെ കരിയറിന്റെ തുടക്ക കാലത്ത് ഉപയോഗിച്ചിരുന്ന 30ാ൦ നമ്പറാണ് തിരഞ്ഞെടുത്തത്. പത്താം നമ്പർ മെസ്സിക്ക് വേണ്ടി ഒഴിഞ്ഞുകൊടുക്കാൻ മെസ്സിയുടെ സുഹൃത്തായ ബ്രസീലിയൻ താരം നെയ്മർ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും മെസ്സി അത് വേണ്ടെന്ന് വെക്കുകയായിരുന്നു. പി എസ് ജിയിൽ മെസ്സി 30ാ൦ നമ്പർ സ്വീകരിച്ച് നിമിഷനേരങ്ങൾക്കകം തന്നെ ക്ലബിന്റെ ഈ ജേഴ്സി വളരെ പെട്ടെന്ന് തന്നെ വിറ്റുപോവുകയും ചെയ്തിരുന്നു.
ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ലഭിച്ച മൂന്നാമത്തെ ചിത്രം ബാഴ്സയുടെ മൈതാനമായ ന്യൂക്യാമ്പിൽ ബാഴ്സയിൽ നിന്നും താൻ വിടപറയുകയാണ് എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനായി മെസ്സി സംഘടിപ്പിച്ച പത്രസമ്മേളനത്തിന് ഇടയിൽ എടുത്ത ചിത്രമാണ്.
ബാഴ്സയുമായി 21 വർഷത്തോളം ഉണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ച് പടിയിറങ്ങിയ മെസ്സി വളരെയധികം വികാരധീനനായാണ് തന്റെ പ്രസ്താവന അറിയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.