നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Lionel Messi| പിഎസ്ജിയിൽ അരങ്ങേറ്റം കുറിക്കാൻ മെസ്സി; റെയിംസിനെതിരെ ഇന്നിറങ്ങിയേക്കും

    Lionel Messi| പിഎസ്ജിയിൽ അരങ്ങേറ്റം കുറിക്കാൻ മെസ്സി; റെയിംസിനെതിരെ ഇന്നിറങ്ങിയേക്കും

    രണ്ടാഴ്ച മുൻപ് തന്നെ മെസ്സി പി എസ് ജിക്കൊപ്പം ചേർന്നെങ്കിലും കോപ്പ അമേരിക്ക ടൂർണമെന്റ് കഴിഞ്ഞതിന് ശേഷം ഏകദേശം ഒരു മാസത്തോളം കാര്യമായ പരിശീലനം ഒന്നും തന്നെ ഇല്ലാതിരുന്നതിനാലാണ് മെസ്സിയുടെ പി എസ് ജി അരങ്ങേറ്റം വൈകിയത്.

    Credits: Twitter| Paris Saint-Germain

    Credits: Twitter| Paris Saint-Germain

    • Share this:
      ലയണൽ മെസ്സിയുടെ പി എസ് ജി അരങ്ങേറ്റത്തിനായുള്ള താരത്തിന്റെയും ഒപ്പം തന്നെ ആരാധകരുടെയും കാത്തിരിപ്പ് ഇന്ന് അവസാനിക്കും. ലീഗ് വണ്ണിൽ ഇന്ന് റെയിംസിനെ നേരിടാൻ പി എസ് ജി കളത്തിൽ ഇറങ്ങുമ്പോൾ ടീമിനൊപ്പം മെസ്സിയും ഉണ്ടാകും എന്നാണ് വിവരം. മത്സരത്തിനായുള്ള ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യ ഇലവനിൽ താരം കളിക്കുമോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല.

      ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ പി എസ് ജി പരിശീലകനായ മൗറീഷ്യോ പോച്ചട്ടീനോയോട് മെസ്സിയുടെ അരങ്ങേറ്റത്തെ കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായ സൂചനകൾ നൽകാതെയാണ് അദ്ദേഹം പ്രതികരിച്ചത്. ടീമിൽ ഉൾപ്പെട്ടിട്ടുണ്ട് എങ്കിലും മെസ്സിക്ക് കളിക്കാൻ കഴിയുമോ എന്നത് അദ്ദേഹവുമായി കൂടിയാലോചിച്ചതിന് ശേഷമാകും തീരുമാനം എന്നാണ് പി എസ് ജി പരിശീലകൻ പറഞ്ഞത്. മെസ്സിയുടെ അരങ്ങേറ്റത്തിനായി അക്ഷമയോടെ കാത്തിരിക്കുന്ന ആരാധകരുടെ സസ്പെൻസ് കൂട്ടുന്നതാണ് പോച്ചട്ടീനോയുടെ വാക്കുകൾ. മെസ്സിക്ക് പുറമെ ഈ സീസണിൽ ടീമിലെത്തിയ ഇറ്റാലിയൻ ഗോൾകീപ്പർ ഡൊന്നരുമ, സ്പാനിഷ് പ്രതിരോധ താരം സെർജിയോ റാമോസ് എന്നിവരുടേയും അരങ്ങേറ്റത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. പരിക്കിന്റെ പിടിയിലുള്ള റാമോസിന്റെ അരങ്ങേറ്റം ഇനിയും വൈകിയേക്കും എന്നാണ് വിവരങ്ങൾ. അതേസമയം, ടീമിലെ താരങ്ങളായ നെയ്മർ, സറാബി എന്നിവരും ഈ സീസണിലെ ആദ്യ മത്സരം കളിക്കാനായി ഇന്നിറങ്ങിയേക്കും.

      രണ്ടാഴ്ച മുൻപ് തന്നെ മെസ്സി പി എസ് ജിക്കൊപ്പം ചേർന്നെങ്കിലും കോപ്പ അമേരിക്ക ടൂർണമെന്റ് കഴിഞ്ഞതിന് ശേഷം ഏകദേശം ഒരു മാസത്തോളം കാര്യമായ പരിശീലനം ഒന്നും തന്നെ ഇല്ലാതിരുന്നതിനാലാണ് മെസ്സിയുടെ പി എസ് ജി അരങ്ങേറ്റം വൈകിയത്. മാച്ച് ഫിറ്റ്നസ് കൈവരിക്കുന്നതിന് വേണ്ടിയും, പുതിയ ക്ലബും, ഇവിടത്തെ ശൈലിയുമായി ഇണങ്ങി ചേരുന്നതിന് വേണ്ടിയുമാണ് പി എസ് ജി മെസ്സിയെ അവരുടെ ആദ്യ മത്സരങ്ങളിൽ ഇറക്കാതിരുന്നത്.

      ബാഴ്സലോണയില്‍ നിന്ന് അപ്രതീക്ഷിതമായ നീക്കത്തിലൂടെ ആയിരുന്നു മെസ്സി പി എസ് ജിയില്‍ എത്തിയത്. മെസ്സി പി എസ് ജിയിൽ എത്തിയപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് അവരുടെ മുന്നേറ്റ നിരയെ കുറിച്ചാണ്. നേരത്തെ തന്നെ ടീമിലുള്ള സൂപ്പർ താരങ്ങളായ നെയ്മർ, എംബാപ്പെ എന്നിവരുടെ കരുത്തിൽ ഗോളുകൾ അടിച്ചുകൂട്ടുന്ന പി എസ് ജിയിലേക്ക് മെസ്സി കൂടി എത്തുന്നതോടെ മറ്റ് ടീമുകളുടെ കാര്യം കൂടുതൽ കഷ്ടമാകും എന്നാണ് വിലയിരുത്തൽ.

      ഇതിൽ ഫ്രഞ്ച് താരമായ എംബാപ്പെ ക്ലബ് വിടണം എന്ന് ആവശ്യപ്പെടുന്നുണ്ട് എങ്കിലും ഇന്നത്തെ മത്സരത്തിൽ താരത്തെ കളിപ്പിക്കാൻ തന്നെയാണ് പി എസ് ജിയുടെ തീരുമാനം. സീസണിൽ പി എസ് ജിക്കായി എംബാപ്പെ ആദ്യ മത്സരങ്ങളിൽ കളത്തിൽ ഇറങ്ങിയിരുന്നു. ഇന്നത്തെ മത്സരത്തിൽ ഫ്രഞ്ച് താരത്തിനൊപ്പം മെസ്സിയും നെയ്മറും കൂടി ഇറങ്ങുകയാണെങ്കിൽ, ഫുട്‍ബോൾ ആരാധകർ കാത്തിരിക്കുന്ന ആ സ്വപ്ന ത്രയത്തിന്റെ സംഗമം ഇന്ന് കാണാൻ കഴിയും.

      നിലവിൽ ലീഗിൽ കളിച്ച മൂന്ന് മത്സരവും ജയിച്ച് ഒമ്പത് പോയിന്റോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. പി എസ് ജി ഇന്ന് നേരിടാൻ പോകുന്ന റെയിംസ് മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് സമനിലയോടെ മൂന്ന് പോയിന്റുമായി 12ാ൦ സ്ഥാനത്താണ്. ഇന്ത്യൻ സമയം രാത്രി 12.15നാണ് മത്സരം. ഇന്ത്യയിൽ ലീഗ് വൺ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നില്ല. ഓൺലൈൻ സ്ട്രീമിംഗ് സൈറ്റുകളിൽ മത്സരം കാണാം. വയാകോം 18, ജിയോ ടിവി എന്നിവയിൽ മത്സരങ്ങൾ തത്സമയം കാണാം.
      Published by:Naveen
      First published:
      )}