നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Messi PSG Debut| പിഎസ്ജിയിൽ അരങ്ങേറ്റം; എതിർ ടീമിലെ ഗോൾകീപ്പറുടെ മകനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് മെസ്സി

    Messi PSG Debut| പിഎസ്ജിയിൽ അരങ്ങേറ്റം; എതിർ ടീമിലെ ഗോൾകീപ്പറുടെ മകനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് മെസ്സി

    റെയിംസ് ഗോൾകീപ്പറായ പ്രഡ്രാഗ് രാജ്കോവിക്കാണ് തന്റെ മകനുമൊത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യുമോ എന്ന് മെസ്സിയോട് ചോദിച്ചത്. മെസ്സി രാജ്കോവിക്കിന്റെ മകനെ കയ്യിലെടുത്ത് കൊണ്ട് നിൽക്കുന്ന ചിത്രം പകർത്തിയത് അദ്ദേഹം തന്നെയായിരുന്നു.

    • Share this:
      പിഎസ്ജി ജേഴ്‌സിയിൽ മെസ്സി അരങ്ങേറി. ഇന്നലെ റെയിംസെനിതിരെ നടന്ന ലീഗ് വൺ മത്സരത്തിലൂടെയാണ് ഫ്രഞ്ച് ക്ലബിനായി സൂപ്പർ താരം അരങ്ങേറിയത്. ബാഴ്‌സലോണ അല്ലാതെ ഒരു ക്ലബിന് വേണ്ടി മെസ്സി ആദ്യമായി ബൂട്ട് കെട്ടിയ മത്സരം കൂടിയായിരുന്നു ഇത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ, 66ാ൦ മിനിറ്റിൽ ബ്രസീലിയൻ താരം നെയ്മറിന് പകരക്കാരനായാണ് മെസ്സി പിഎസ്ജിക്കായി ആദ്യമായി കളത്തിലിറങ്ങിയത്. പിഎസ്ജിയുടെ എവേ മത്സരമായിരുന്നിട്ട് കൂടി മെസ്സി ഇറങ്ങിയപ്പോൾ സ്റ്റേഡിയത്തിൽ വലിയ ആരവമാണ് ഉയർന്നത്.

      മത്സരത്തിൽ 30 മിനിറ്റോളം ഗ്രൗണ്ടിൽ ചിലവഴിച്ച താരത്തിന് പക്ഷെ ഗോൾ ഒന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും, പ്രതിഭാധനമായ നീക്കങ്ങൾ മെസ്സിയുടെ കാലുകളിൽ നിന്നും വിരിഞ്ഞിരുന്നു. ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പെ നേടിയ ഇരട്ട ഗോളുകളുടെ ബലത്തിൽ റെയിംസിനിതെരെ പിഎസ്ജി ജയം സ്വന്തമാക്കി.

      മത്സരശേഷം കളത്തിൽ നിന്നും തിരികെ മടങ്ങുകയായിരുന്ന മെസ്സിയോട് ഒരു ചോദ്യം, "എന്റെ മകനുമൊത്തുള്ള ഫോട്ടോ എടുക്കാന്‍ അനുവദിക്കുമോ?" റെയിംസിലെ ഗോൾകീപ്പറായ പ്രഡ്രാഗ് രാജ്കോവിക്കാണ് സൂപ്പർ താരത്തോട് ഈ ചോദ്യം ചോദിച്ചത്. ഒരു മടിയും കൂടാതെ സമ്മതം മൂളിയ മെസ്സി രാജ്കോവിക്കിന്റെ മകനെ കയ്യിലെടുത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്തു. തന്റെ മകനെയും എടുത്ത് കൊണ്ട് നിൽക്കുന്ന മെസ്സിയുടെ ചിത്രം പകർത്തിയത് രാജ്‌കോവിക് തന്നെ ആയിരുന്നു. ഈ ചിത്രങ്ങൾ എടുക്കുമ്പോൾ ഒരു മെസ്സി ആരാധകന്റെ മുഖത്ത് വിരിയുന്ന സകല ഭാവങ്ങളും അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായിരുന്നു. രാജ്‌കോവിക് പകർത്തിയ ഈ ചിത്രം നിമിഷ നേരം കൊണ്ട് ഇന്റർനെറ്റിൽ വൈറലാവുകയും ചെയ്തു.


      രാജ്കോവിക്കിന് പുറമെ മറ്റ് റെയിംസ് താരങ്ങളും മെസ്സിയോട് സംസാരിക്കാനും താരത്തിനൊപ്പം ചിത്രങ്ങൾ എടുക്കാനുമുള്ള തിടുക്കത്തിൽ ആയിരുന്നു. തന്റെ അടുത്ത് വന്ന ആരെയും നിരാശരാക്കാതെ താരം അവരോട് സംസാരിക്കുകയും ഒപ്പം ചിത്രങ്ങൾ എടുക്കുകയും ചെയ്തു.

      അതേസമയം റെയിംസിനെതിരെ കൂടി ജയിച്ചതോടെ പിഎസ്ജി ലീഗിൽ അവരുടെ അപരാജിത കുതിപ്പ് തുടരുകയാണ്. നാല് മത്സരങ്ങളിൽ നിന്നും നാല് ജയവുമായി 12 പോയിന്റോടെ പിഎസ്ജി തന്നെയാണ് പോയിന്റ് പട്ടികയിൽ തലപ്പത്ത് നിൽക്കുന്നത്. മത്സരത്തിൽ തോറ്റ റെയിംസ് 17ാ൦ സ്ഥാനത്തേക്ക് വീണു. മത്സരത്തിന് മുൻപ് അവർ 12ാ൦ സ്ഥാനത്തായിരുന്നു. നാല് മത്സരങ്ങൾ കളിച്ച അവർക്ക് മൂന്ന് സമനിലയും ഒരു തോൽവിയുമടക്കം മൂന്ന് പോയിന്റാണുള്ളത്.

      സെപ്റ്റംബർ 12ന് ക്ലർമോണ്ട് ഫൂട്ടിനെതിരെയാണ് പിഎസ്ജിയുടെ അടുത്ത മത്സരം. പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡി പ്രിൻസസിലാണ് ഈ മത്സരം നടക്കുന്നത്. പിഎസ്ജി ജേഴ്‌സിയിൽ അവരുടെ ഹോം ഗ്രൗണ്ടിലെ മെസ്സിയുടെ അരങ്ങേറ്റം ഈ മത്സരത്തിലൂടെയാവും.
      Published by:Naveen
      First published:
      )}