നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Ballon d'Or |ബാലണ്‍ ഡി ഓര്‍ ലെവന്‍ഡോസ്‌കിയ്ക്ക് സമ്മാനിക്കണം; ആവശ്യവുമായി ലയണല്‍ മെസ്സി

    Ballon d'Or |ബാലണ്‍ ഡി ഓര്‍ ലെവന്‍ഡോസ്‌കിയ്ക്ക് സമ്മാനിക്കണം; ആവശ്യവുമായി ലയണല്‍ മെസ്സി

    ലെവന്‍ഡോസ്‌കിയുടെ എതിരാളിയായതില്‍ ഏറെ അഭിമാനമുണ്ടെന്നും കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം താരത്തിന് സമ്മാനിക്കണമെന്നും മെസ്സി പറഞ്ഞു.

    (Image: PSG, Twitter)

    (Image: PSG, Twitter)

    • Share this:
      മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ (Ballon d'Or) പുരസ്‌കാരം വീണ്ടും കൈക്കലാക്കിയിരിക്കുകയാണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി (Lionel Messi). പാരീസില്‍ വെച്ച് നടന്ന അവാര്‍ഡ് ദാന ചടങ്ങിലാണ് മെസ്സിയെ ഈ വര്‍ഷത്തെ പുരസ്‌കാര ജേതാവായി പ്രഖ്യാപിച്ചത്. സമാനതകളില്ലാത്ത നേട്ടമാണ് മെസ്സി ഇതോടെ സ്വന്തമാക്കിയിരിക്കുന്നത്.

      ജര്‍മ്മന്‍ ടീം ബയേണ്‍ മ്യൂണിച്ചിന്റെ പോളണ്ടുകാരനായ ഫോര്‍വേഡ് റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ(Robert Lewandowski) മറികടന്നാണ് മെസ്സി ഒരിക്കല്‍ കൂടി ഈ നേട്ടത്തിലെത്തിയത്. ലെവന്‍ഡോസ്‌കിയുടെ എതിരാളിയായതില്‍ ഏറെ അഭിമാനമുണ്ടെന്നും കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം താരത്തിന് സമ്മാനിക്കണമെന്നും മെസ്സി പറഞ്ഞു.

      കോവിഡ് മഹാമാരി മൂലം ഒഴിവാക്കപ്പെട്ട 2020ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ലെവന്‍ഡോസ്‌കിയ്ക്ക് സമ്മാനിക്കണമെന്നാണ് ഫ്രാന്‍സ് ഫുട്‌ബോളിനോട് ലയണല്‍ മെസ്സി ആവശ്യപ്പെട്ടത്. ഇന്നലെ നടന്ന ചടങ്ങില്‍ 2021 വര്‍ഷത്തിലെയും തന്റെ കരിയറില്‍ ഏഴാമത്തെയും ബാലണ്‍ ഡി ഓര്‍ നേടിയതിനു ശേഷം സംസാരിക്കുമ്പോഴാണ് മെസി ഇക്കാര്യം ആവശ്യപ്പെട്ടത്.

      'റോബര്‍ട്ട് ലെവന്‍ഡോസ്‌കിയോടൊപ്പം മത്സരിക്കാന്‍ കഴിഞ്ഞത് ഒരു അഭിമാനമാണെന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ ബാലണ്‍ ഡി ഓര്‍ അര്‍ഹിക്കുന്നു. കഴിഞ്ഞ വര്‍ഷം എല്ലാവരും നിങ്ങളാണ് വിജയിയെന്ന് അംഗീകരിച്ചിരുന്നു. ഫ്രാന്‍സ് ഫുട്‌ബോള്‍ നിങ്ങള്‍ക്ക് അര്‍ഹതയുള്ള ബാലണ്‍ ഡി ഓര്‍ നല്‍കണം എന്നാണു ഞാന്‍ കരുതുന്നത്. ഫ്രാന്‍സ് ഫുട്‌ബോളത് നല്‍കുമെന്നും നിങ്ങള്‍ക്കത് വീട്ടിലേക്ക് കൊണ്ടു പോകാന്‍ കഴിയുമെന്നും അവിടെ സൂക്ഷിക്കാന്‍ കഴിയുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.' മെസി പുരസ്‌കാരം നേടിയതിനു ശേഷം പറഞ്ഞു.

      2019/20 സീസണില്‍ അന്‍പത്തിയഞ്ചു ഗോളുകള്‍ നേടിയ ലെവന്‍ഡോസ്‌കി ചാമ്പ്യന്‍സ് ലീഗുള്‍പ്പെടെ നിരവധി കിരീടങ്ങളും സ്വന്തമാക്കിയിരുന്നു. ആ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ താരത്തിനു തന്നെയെന്ന് ഏവരും ഉറപ്പിച്ചിരിക്കുന്ന സമയത്താണ് കോവിഡ് മഹാമാരിയെത്തുടര്‍ന്ന് പുരസ്‌കാരം ഒഴിവാക്കപ്പെടുന്നത്. 2020/21 സീസണില്‍ 48 ഗോളുകള്‍ ലെവന്‍ഡോസ്‌കി കുറിച്ചെങ്കിലും മെസിയുടെ നേട്ടങ്ങള്‍ക്കു മുന്നില്‍ അത് അപ്രസക്തമായതിനെ തുടര്‍ന്ന് താരം ബാലണ്‍ ഡി ഓറില്‍ രണ്ടാം സ്ഥാനത്താണ് എത്തിയത്.

      ഇത് ഏഴാം തവണയാണ് അര്‍ജന്റീന സൂപ്പര്‍താരം ഈ വ്യക്തിഗത ബഹുമതി സ്വന്തമാക്കുന്നത്. തന്റെ സമകാലികനായ പോര്‍ച്ചുഗല്‍ താരം റൊണാള്‍ഡോയെക്കാള്‍ (Cristiano Ronaldo) രണ്ടടി മുന്നിലാണ് മെസ്സിയിപ്പോള്‍ നില്‍ക്കുന്നത്. റൊണാള്‍ഡോ അഞ്ച് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളാണ് നേടിയിട്ടുള്ളത്. 34 കാരനായ മെസ്സി 2009, 2010, 2011, 2012, 2015, 2019, ഇപ്പോള്‍ 2021 വര്‍ഷങ്ങളിലായാണ് ബാലണ്‍ ഡി ഓര്‍ നേടിയിട്ടുള്ളത്.

      റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ചെല്‍സി താരം ജോര്‍ജീഞ്ഞോ (Jorginho) എന്നിവരെ മറികടന്നാണ് മെസ്സി വീണ്ടും ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയത്. ലെവന്‍ഡോസ്‌കി രണ്ടാം സ്ഥാനത്തും, ജോര്‍ജീഞ്ഞോ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തപ്പോള്‍, അഞ്ച് തവണ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആറാം സ്ഥാനത്തായാണ് എത്തിയത്.
      Published by:Sarath Mohanan
      First published: