HOME /NEWS /Sports / മെസ്സി ബാഴ്‌സയിൽ തന്നെ, കരാർ അഞ്ച് വർഷത്തേക്ക്; വേതനം പകുതിയായി കുറച്ചു

മെസ്സി ബാഴ്‌സയിൽ തന്നെ, കരാർ അഞ്ച് വർഷത്തേക്ക്; വേതനം പകുതിയായി കുറച്ചു

മെസ്സി

മെസ്സി

തന്റെ പ്രിയപ്പെട്ട ക്ലബ്ബുമായി നീണ്ട അഞ്ച് വർഷത്തേക്കാണ് താരത്തിന്റെ പുതിയ കരാർ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

  • Share this:

    ഒടുവിൽ ഫുട്‍ബോൾ ലോകം കാത്തിരുന്ന വാർത്തയെത്തി. ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസ്സി ബാഴ്‌സയുമായി പുതിയ കരാർ ഒപ്പുവെച്ചു. കഴിഞ്ഞ കൊല്ലം മുതൽ താരത്തിന്റെ പേരിൽ ഉയർന്ന ട്രാൻസ്ഫർ അഭ്യുഹങ്ങൾക്കെല്ലാം ഒടുവിൽ വിരാമമായി. തന്റെ പ്രിയപ്പെട്ട ക്ലബ്ബുമായി നീണ്ട അഞ്ച് വർഷത്തേക്കാണ് താരത്തിന്റെ പുതിയ കരാർ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മെസ്സി ബാഴ്‌സ വിട്ടു പോകുന്നില്ല എന്ന വാർത്ത ബാഴ്‌സയുടെയും മെസ്സിയുടെയും ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയായി.

    നേരത്തെ മെസ്സിയുമായി കരാറിലെത്താൻ ഉണ്ടായിരുന്ന സാങ്കേതിക പ്രശ്നങ്ങൾ ബാഴ്‌സ പരിഹരിച്ചതോടെയാണ് താരം നൗകാമ്പിൽ തന്നെ തുടരുമെന്ന് ഉറപ്പായത്. പ്രധാനമായും മെസ്സിയുടെ വേതനത്തെ ചൊല്ലിയായിരുന്നു പ്രശ്‌നം ഉയർന്നിരുന്നത്. കഴിഞ്ഞ സീസണുകളിൽ മെസ്സിക്ക് ബാഴ്‌സ നൽകിയ ശമ്പളം പുതിയ സീസണിലും നൽകാൻ കഴിയില്ല എന്ന ലാലിഗ പ്രസിഡന്റ് ഹവിയർ ടെബാസിന്റെ പ്രഖ്യാപനം മെസ്സിയും ബാഴ്‌സയും തമ്മിലുള്ള കരാറിനെ കൂടുതൽ സങ്കീർണമാക്കിയിരുന്നു. എന്നാൽ തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ക്ലബ്ബിൽ തുടരാൻ സൂപ്പർ താരം പ്രതിഫലം കുറയ്ക്കാൻ തയ്യാർ ആയതോടെ ഈ പ്രശ്‌നം നീങ്ങുകയായിരുന്നു. തനിക്ക് ഉണ്ടായിരുന്ന വേതനത്തിന്റെ പകുതിയോളം കുറച്ചാണ് മെസ്സി കരാർ ഒപ്പിട്ടതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. മെസ്സിയുടെ കരാർ ലാലിഗ അംഗീകരിച്ചതോടെ ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് കരുതുന്നത്.

    മെസ്സിയുടെ പുതിയ കരാർ പ്രകാരം 600 മില്യൺ റിലീസ് ക്ലോസ് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ ജൂൺ 30 അർദ്ധരാത്രിയോടെ ബാഴ്‌സയുമായുള്ള കരാർ അവസാനിച്ച മെസ്സി ഫ്രീ ഏജന്റ് ആയി മാറുകയായിരുന്നു. സൂപ്പർ താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി, പി എസ് ജി പോലുള്ള വമ്പൻ ക്ലബ്ബുകൾ രംഗത്ത് ഉണ്ടായിരുന്നെങ്കിലും താരത്തിന്റെ വേതനം പ്രശ്നമായതിനാൽ ഇവർ താരവുമായി കരാറിലെത്താൻ മടിച്ചു നിൽക്കുകയായിരുന്നു. ബാഴ്‌സിലോണ തങ്ങളുടെ സൂപ്പർ താരത്തെ ഒപ്പം നിർത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയായിരുന്നു. നിലവിലെ ബാഴ്‌സ പ്രെസിഡന്റായ ജുവാൻ ലപ്പോർട്ട നടത്തിയ ശ്രമങ്ങളാണ് ഒടുവിൽ ഫലം കണ്ടത്. ലപ്പോർട്ടക്ക് മെസ്സിയുമായുള്ള അടുത്ത ബന്ധവും ഇതിന് കാരണമായെന്ന് വേണം കരുതാൻ.

    ഇതിനു പുറമെ മെസ്സിയെ ടീമിൽ പിടിച്ചുനിർത്താൻ വേണ്ടി മികച്ച താരങ്ങളെ ബാഴ്‌സ ടീമിലെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരവും അർജന്റീന ടീമിലെ മെസ്സിയുടെ സഹതാരവും ഉറ്റസുഹൃത്തുമായ സെർജിയോ അഗ്വേറോയെ ബാഴ്‌സ ടീമിലെടുത്തത്. ഇതിനു പുറമെ മെംഫിസ് ഡീപേ, എമേഴ്‌സൺ റോയൽ, എറിക് ഗാർഷ്യ എന്നിങ്ങനെ ഒരുപിടി മികച്ച താരങ്ങളെ കൂടി ബാഴ്‌സ ടീമിലെടുത്തിരുന്നു. ഇനി കുറച്ച് താരങ്ങളെ വിറ്റു കൊണ്ട് സാലറി ക്യാപ് കുറക്കുക ആകും ബാഴ്‌സയുടെ ലക്ഷ്യം.

    കോപ്പ അമേരിക്കയിലെ കിരീട നേട്ടത്തിന്റെ നിറവിൽ നിൽക്കുന്ന താരം നിലവിൽ തന്റെ കുടുംബത്തോടൊപ്പം അവധിയിലാണ്. കരാർ പുതുക്കിയ സാഹചര്യത്തിൽ തന്റെ ക്ലബ്ബിനൊപ്പം പിന്നീട് ചേരുന്നതായിരിക്കും. അന്താരാഷ്ട്ര മത്സരങ്ങൾ എല്ലാം അവസാനിച്ച അവസരത്തിൽ ലീഗുകളെല്ലാം പുതിയ സീസണിനായി തയ്യാറെടുക്കുകയാണ്. ലാലിഗയിൽ റയൽ സോസിഡാഡിനെതിരായ സീസണിലെ ആദ്യ മത്സരത്തിന് മുൻപ് മെസ്സി തന്റെ ടീമിനൊപ്പം ചേരും.

    First published:

    Tags: Barcelona, Lionel messi, Messi Barcelona, Messi news, Spanish laliga