പിഎസ്ജി സൂപ്പർ താരം ലയണൽ മെസ്സിക്ക് പരിക്ക്. ഇടത് കാൽമുട്ടിനേറ്റ പരിക്ക് മൂലം താരത്തിന് ഫ്രഞ്ച് ലീഗിൽ അടുത്ത മത്സരം നഷ്ടമാകുമെന്ന് പിഎസ്ജി അറിയിച്ചു. ലീഗ് വണിൽ മെറ്റ്സിനെതിരെയുള്ള പിഎസ്‌ജിയുടെ എവേ മത്സരമാണ് അർജന്റീന സൂപ്പർ താരത്തിന് നഷ്ടമാവുക. ഇതിനുപുറമെ ചാമ്പ്യൻസ് ലീഗിലെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ നിർണായക മത്സരവും മെസ്സിക്ക് നഷ്ടമായേക്കും.
പിഎസ്ജിക്കൊപ്പം ഈ സീസണിൽ ചേർന്ന മെസ്സിക്ക് പക്ഷെ ഇതുവരെ പേരിനൊത്ത പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല. ഫ്രഞ്ച് ലീഗും ചാമ്പ്യൻസ് ലീഗുമടക്കം മൂന്ന് മത്സരങ്ങളിൽ മെസ്സി പിഎസ്ജി ജേഴ്‌സിയിൽ ഇറങ്ങിയെങ്കിലും ഇതുവരെ ഒരു ഗോൾ പോലും നേടാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെയാണ് താരത്തിന് പരിക്കേറ്റതായി ക്ലബ് സ്ഥിരീകരിക്കുന്നത്.
ലിയോണിനെതിരെ 2-1ന്റെ വിജയം പിഎസ്‌ജി കരസ്ഥമാക്കിയ ലീഗ് മത്സരത്തിന്റെ രണ്ടാം പകുതിയിൽ ക്ലബ് പരിശീലകൻ മൗറീഷ്യോ പോച്ചട്ടീനോ മെസ്സിയെ പിൻവലിച്ചത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, മെസ്സിക്ക് പരിക്കേൽക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് താരത്തെ പിൻവലിച്ചതെന്നാണ് മത്സരശേഷം പോച്ചട്ടീനോ വ്യക്തമാക്കിയത്. പരിശീലകന്റെ തീരുമാനം ശരിവെക്കുന്നതാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
മെസ്സിയുടെ ഇടത് കാലിനേറ്റ പരിക്കിനെ തുടർന്ന് നടത്തിയ എംആർഐ സ്‌കാനിൽ താരത്തിന്റെ അസ്ഥിക്ക് ചെറിയ പ്രശ്നം ഉള്ളതായി കണ്ടെത്തിയിരുന്നുവെന്ന് പിഎസ്‌ജി തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ സ്ഥിരീകരിച്ചിട്ടുണ്ട്. 48 മണിക്കൂറിനുള്ളിൽ താരത്തിന് തുടർപരിശോധന നടത്തുമെന്നും ഫ്രഞ്ച് ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്. പരിക്ക് സാരമുള്ളതാണെങ്കിൽ ഒരാഴ്ച എങ്കിലും മെസ്സി പുറത്ത് ഇരിക്കേണ്ടി വന്നേക്കും. മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിന് മുമ്പ് മെസ്സി ഫിറ്റ്നെസ് വീണ്ടെടുക്കണം എന്നാകും പി എസ് ജി ആരാധകർ ആഗ്രഹിക്കുന്നത്.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ട്രാൻസ്ഫറിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ മെസ്സി ഫ്രഞ്ച് ടീമിനൊപ്പം മൂന്ന് മത്സരങ്ങളിലാണ് കളിച്ചത്. റീംസിനെതിരായ ലീഗ് 1 മത്സരത്തിൽ പകരക്കാരനായി കളത്തിലിറങ്ങി തന്റെ പിഎസ്‌ജി അരങ്ങേറ്റം കുറിച്ച താരം, ക്ലബ് ബ്രൂഗിന് എതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരം, ലിയോണിനെതിരെയുള്ള ലീഗ് മത്സരം എന്നിവയിലാണ് ഇത് വരെ കളിച്ചിട്ടുള്ളത്.
ഫ്രഞ്ച് ലീഗിൽ ഇതുവരെ ആറ് മത്സരങ്ങളിൽ നിന്നും ആറ് ജയവുമായി 18 പോയിന്റോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് പിഎസ്ജി. അതേസമയം ചാമ്പ്യൻസ് ലീഗിൽ ദുർബലരായ ക്ലബ് ബ്രൂഗിനോട് സമനില വഴങ്ങിയത് ടീമിന് തിരിച്ചടിയായിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്‌സൈറ്റിൽ വായിക്കൂ.
Tags: Lionel messi, PSG