• HOME
  • »
  • NEWS
  • »
  • sports
  • »
  • Ballon d'Or | ഏഴഴകിൽ മിശിഹാ! ബാലൺ ഡി ഓർ സ്വന്തമാക്കി ലയണൽ മെസ്സി

Ballon d'Or | ഏഴഴകിൽ മിശിഹാ! ബാലൺ ഡി ഓർ സ്വന്തമാക്കി ലയണൽ മെസ്സി

ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കി, ചെൽസി താരം ജോർജീഞ്ഞോ എന്നിവരെ മറികടന്നാണ് മെസ്സി ഏഴാം തവണയും ബാലൺ ഡി ഓർ സ്വന്തമാക്കിയത്.

(Image: PSG, Twitter)

(Image: PSG, Twitter)

  • Share this:
ബാലൺ ഡി ഓർ (Ballon d'Or) വേദിയിൽ വീണ്ടുമൊരിക്കൽ കൂടി മിന്നിത്തിളങ്ങി അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സി (Lionel Messi). 2021ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം വീണ്ടും കൈക്കലാക്കി മെസ്സി. പാരീസിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിലാണ് മെസ്സിയെ ഈ വർഷത്തെ പുരസ്‌കാര ജേതാവായി പ്രഖ്യാപിച്ചത്. സമാനതകളില്ലാത്ത നേട്ടമാണ് മെസ്സി ഇതോടെ സ്വന്തമാക്കിയിരിക്കുന്നത്.

ഇത് ഏഴാം തവണയാണ് അർജന്റീന സൂപ്പർതാരം ഈ വ്യക്തിഗത ബഹുമതി സ്വന്തമാക്കുന്നത്. തന്റെ സമകാലികനായ പോർച്ചുഗൽ താരം റൊണാൾഡോയെക്കാൾ (Cristiano Ronaldo) രണ്ടടി മുന്നിലാണ് മെസ്സിയിപ്പോൾ നിൽക്കുന്നത്. റൊണാൾഡോ അഞ്ച് ബാലൺ ഡി ഓർ പുരസ്‌കാരങ്ങളാണ് നേടിയിട്ടുള്ളത്. 34 കാരനായ മെസ്സി 2009, 2010, 2011, 2012, 2015, 2019, ഇപ്പോൾ 2021 വർഷങ്ങളിലായാണ് ബാലൺ ഡി ഓർ നേടിയിട്ടുള്ളത്. കോവിഡ് മഹാമാരി പടർന്ന് പിടിച്ചത് മൂലം കഴിഞ്ഞ വർഷം ബാലൺ ഡി ഓർ നൽകിയിരുന്നില്ല.

ഇത്തവണ ബാലൺ ഡി ഓർ നേടാൻ കൂടുതൽ സാധ്യത കൽപിച്ചിരുന്ന ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കി (Robert Lewandowski), ചെൽസി താരം ജോർജീഞ്ഞോ (Jorginho) എന്നിവരെ മറികടന്നാണ് മെസ്സി വീണ്ടും ബാലൺ ഡി ഓർ സ്വന്തമാക്കിയത്. ലെവൻഡോസ്‌കി രണ്ടാം സ്ഥാനത്തും, ജോർജീഞ്ഞോ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്‌തപ്പോൾ, അഞ്ച് തവണ അവാർഡ് കരസ്ഥമാക്കിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ആറാം സ്ഥാനത്തായാണ് എത്തിയത്.


വനിതാ ഫുട്ബോൾ താരങ്ങൾക്കുള്ള ബാലൺ ഡി ഓർ ബാഴ്‌സലോണയുടെ വനിതാ ടീം താരം അലക്സിയ പുറ്റെല്ലാസ് നേടി. യുവതാരങ്ങൾക്കായി നൽകുന്ന കോപ ട്രോഫി ബാഴ്സയുടെ തന്നെ സ്‍പാനിഷ് താരമായ പെഡ്രി സ്വന്തമാക്കി.

ബാലൺ ഡി ഓർ നേടിയതിൽ സന്തോഷം പ്രകടിപ്പിച്ച അർജന്റൈൻ സൂപ്പർ സ്റ്റാർ, പുരസ്‌കാര പോരാട്ടത്തിൽ തനിക്ക് മികച്ച വെല്ലുവിളി ഉയർത്തി ഒപ്പമുണ്ടായിരുന്ന ലെവൻഡോസ്‌കിയെ അഭിനന്ദിക്കുകയും ചെയ്തു. "കളത്തിൽ ഇനി എത്ര വർഷം ബാക്കിയുണ്ടെന്ന് എനിക്കറിയില്ല, പക്ഷേ ഇനിയും ഒരുപാട് മുന്നേറാനുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം ഈ കളി ഞാൻ വളരെയധികം ആസ്വദിക്കുന്നു," പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു മെസ്സി ലെവൻഡോസ്‌കിയെ കുറിച്ച് സംസാരിച്ചത്. "നിങ്ങൾ ബാലൺ ഡി ഓർ അർഹിക്കുന്നു, കഴിഞ്ഞ വർഷത്തെ പുരസ്‌കാരം സ്വന്തമാക്കുമെന്ന് ഏവരും ഒരുപോലെ കരുതിയിരുന്ന വ്യക്തിയാണ് താങ്കൾ, വൈകാതെ തന്നെ ഈ നേട്ടം സ്വന്തമാക്കാൻ കഴിയട്ടെ." - മെസ്സി പറഞ്ഞു. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ വർഷത്തെ പുരസ്‌കാര ദാനം റദ്ദാക്കിയപ്പോൾ അത് ഏറ്റവും വലിയ നിരാശ നൽകിയത് ലെവൻഡോസ്‌കിക്ക് ആയിരുന്നു. ബയേണിനായി തകർപ്പൻ പ്രകടനമായിരുന്നു ലെവൻഡോസ്‌കി നടത്തിയത്. കഴിഞ്ഞ സീസണിലെ പ്രകടനം ഈ സീസണിലും ലെവൻഡോസ്‌കി തുടർന്നെങ്കിലും ദേശീയ ടീമിനൊപ്പം കിരീട നേട്ടങ്ങളില്ല എന്നത് പോളിഷ് താരത്തിന് ചെറിയ തിരിച്ചടി ആവുകയായിരുന്നു.

കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുകയും, കോപ്പ അമേരിക്കയിൽ അർജന്റീനയുടെ വിജയത്തിൽ നിർണായക സാന്നിധ്യമായതുമാണ് മുൻ വർഷങ്ങളേക്കാൾ ശക്തമായ പോരാട്ടം കണ്ട ഇത്തവണ അവാർഡിന് മെസ്സിയെ അർഹനാക്കിയത്. അർജന്റീന ജേഴ്സിയിൽ ആദ്യത്തെ കിരീടനേട്ടം കൂടിയാണ് മെസ്സി കോപ്പ നേടിയതോടെ സ്വന്തമാക്കിയത്. കോപ്പ അമേരിക്ക ഫൈനലിൽ ചിരവൈരികളായ ബ്രസീലിനെ ഒരു ഗോളിന് തോൽപിച്ചാണ് അർജന്റീന കിരീടം ചൂടിയത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനവുമായി മിന്നിയ മെസ്സിയുടെ കാലിൽ നിന്നായിരുന്നു ഫൈനൽ മത്സരത്തിലെ ഏക ഗോളിനുള്ള അസിസ്റ്റ് പിറന്നത്.

ബാലൺ ഡി ഓർ - ജേതാവിനെ കണ്ടെത്തുന്നത് എങ്ങനെ?

ഫ്രഞ്ച് ഫുട്ബോൾ മാസികയായ ഫ്രാൻസ് ഫുട്ബോളാണ് ലോകത്തെ മികച്ച ഫുട്‍ബോളർക്ക് ബാലൺ ഡി ഓർ പുരസ്‌കാരം നൽകുന്നത്. 2021ലെ ടീം ട്രോഫികളും വ്യക്തിപരമായ പ്രകടനവും, ഓവറോള്‍ കരിയര്‍ പെര്‍ഫോമന്‍സ്, തുടങ്ങി പല ഘടകങ്ങളാണ് ബാലൺ ഡി ഓറിനായുള്ള മാനദണ്ഡമായി പരിഗണിക്കുക.

30 പേരുടെ പട്ടികയിൽ നിന്ന് ആദ്യ ഘട്ട വോ​ട്ടെടുപ്പിലെ ഫലം പരിശോധിച്ച്‌​ അവസാന പത്തു പേരുടെയും പിന്നാലെ മൂന്ന്​ പേരുടെയും ചുരുക്കപ്പട്ടികയുണ്ടാക്കും. വിവിധ രാജ്യങ്ങളുടെയും ​ക്ലബുകളുടെയും പരിശീലകരും ക്യാപ്​റ്റന്മാരും സ്​പോര്‍ട്​സ്​ ജേര്‍ണലിസ്റ്റുകളും വോട്ടിങ്ങില്‍ പ​ങ്കെുടുക്കും. പൊസിഷണല്‍ വോട്ടിങ്​ സിസ്റ്റമാണ്​ രീതി. ഓരോരുത്തര്‍ക്കും അഞ്ച്​, മൂന്ന്​, ഒന്ന്​ വീതം പോയന്‍റുകളുള്ള മൂന്നു വോട്ടുകള്‍ നല്‍കാം. ആകെ പോയന്‍റുകള്‍ ​കൂട്ടിനോക്കിയാണ്​ ജേതാവിനെ കണ്ടെത്തുന്നത്​.
Published by:Naveen
First published: