1993 മുതലുള്ള നീണ്ട കാലത്തെ കിരീട കാത്തിരിപ്പിന് ഇന്ന് സ്കലോണിയുടെ അര്‍ജന്റീന ടീം അന്ത്യം കുറിച്ചിരിക്കുകയാണ്. ഫുട്ബോള്‍ ലോകം ഒന്നടങ്കം സ്വപ്നഫൈനല്‍ എന്ന് വിശേഷിപ്പിച്ച മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന ബ്രസീലിനെ തകര്‍ത്തത്. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി രാജ്യാന്തര കരിയറില്‍ കിരീടം വെക്കാത്ത രാജാവായി കളം വിടേണ്ടി വരുമോ എന്ന ആരാധകരുടെ നോവിനും ഇതോടെ വിരാമമായി. ലോകമെമ്പാടുമുള്ള അര്‍ജന്റീനയുടെ ആരാധകര്‍ ആവേശത്തിന്റെ കൊടുമുടിയിലാണ്. മെസ്സിയുടെ കരിയറിലെ വലിയ കാത്തിരിപ്പിന്റെ അവസാനം കൂടിയാണിത്.
ഇത്തവണത്തെ കോപ്പ അമേരിക്കയില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയിരിക്കുന്നതും ലയണല്‍ മെസ്സി തന്നെയാണ്. ആകെ നാലു ഗോളുകളാണ് മെസ്സി ടൂര്‍ണമെന്റില്‍ നേടിയത്. ഇത്തവണത്തെ കോപ്പയില്‍ മത്സരങ്ങളെല്ലാം പൂര്‍ത്തിയായപ്പോള്‍ ആകെ പിറന്ന ഗോളുകളുടെ എണ്ണം 60 ആണ്. കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്നും അര്‍ജന്റീന ടീം നേടിയത് 12 ഗോളുകളാണ്. തിരികെ വഴങ്ങിയത് മൂന്ന് ഗോളുകള്‍. മറുഭാഗത്ത് ബ്രസീലും ഇത്ര തന്നെ ഗോളുകള്‍ സ്കോര്‍ ചെയ്യുകയും വഴങ്ങുകയും ചെയ്തിട്ടുണ്ട്.
കിരീടത്തിലേക്കുള്ള അര്‍ജന്റീനയുടെ യാത്രയില്‍ മെസ്സി പോക്കറ്റിലാക്കിയത് നാലു ഗോളുകളാണ്. അഞ്ച് തവണ ഗോളിന് വഴിയൊരുക്കി. അസിസ്റ്റുകളുടെ കാര്യത്തിലും മെസ്സി തന്നെയാണ് മുന്‍പന്തിയില്‍. ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുത്തിരിക്കുന്നതും മെസ്സിയെയാണ്. 4 ഗോളുകള്‍ നേടിയ കൊളംബിയയുടെ ലൂയിസ് ഡയസാണ് ഗോള്‍വേട്ടക്കാരില്‍ രണ്ടാമന്. അര്‍ജന്റീനയുടെ തന്നെ ലൗട്ടാരോ മാര്‍ട്ടിനെസാണ് മൂന്നാമത്. രണ്ട് ഗോളുകളാണ് ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ക്കുള്ളത്. മൂന്ന് അസിസ്റ്റുകളും നെയ്മറുടെ പേരിലുണ്ട്.
ആറാമത് കോപ്പ അമേരിക്ക കളിച്ച മെസിയുടെ ആകെ ഗോള്‍ ശേഖരം 13 ആയി ഉയര്‍ന്നിട്ടുണ്ട്. 17 ഗോളുകള്‍ വീതം നേടിയ അര്‍ജന്റീനയുടെ നോര്‍ബര്‍ട്ടോ മെന്‍ഡസും ബ്രസീലിന്റെ സിസിഞ്ഞോയുമാണ് കോപ്പ അമേരിക്ക ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാര്‍.
മുമ്പ് നാലു തവണ അര്‍ജന്റീനക്ക് ഒപ്പം മേജര്‍ ഫൈനലില്‍ പങ്കെടുത്ത് പരാജയത്തിന്റെ വേദന അറിഞ്ഞ താരമാണ് മെസ്സി. 2007ലെ കോപ അമേരിക്ക ഫൈനല്‍ ആയിരുന്നു മെസ്സിയുടെ ആദ്യത്തെ ഫൈനല്‍. അന്ന് ബ്രസീലിനോട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് അര്‍ജന്റീന പരാജയപ്പെട്ടു. 2014ലെ വേദനിപ്പിക്കുന്ന ലോകകപ്പ് ഫൈനല്‍ ആയിരുന്നു രണ്ടാമത്തെ ഫൈനല്‍. അന്ന് അവസാന നിമിഷത്തില്‍ ഗോട്സെയുടെ ഏക ഗോള്‍ മെസ്സിയില്‍ നിന്നും അര്‍ജന്റീനയ്ക്ക് കിരീടം നഷ്ടമായി. പിന്നീട് 2015ലും 2016ലും ചിലിക്കു മുന്നില്‍ കോപ അമേരിക്ക ഫൈനലുകളിലും മെസ്സിയും സംഘവും പരാജയപ്പെട്ടു. 2016ലെ കോപ്പ ഫൈനല്‍ തോല്‍വിയേക്കാള്‍ ഏറെ ആരാധകരെ നൊമ്പരപ്പെടുത്തിയത് മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനമായിരുന്നു.
ഈ നാലു ഫൈനലിലും മെസ്സി ഒരു ഗോള്‍ പോലും നേടിയിരുന്നില്ല. ഇന്നും മെസ്സി ഗോള്‍ നേടിയില്ല എങ്കിലും ഈ കിരീടം മെസ്സി മുന്നില്‍ നിന്ന് നയിച്ചു നേടിയത് തന്നെയാണ്. തങ്ങളുടെ പ്രിയ ക്യാപ്റ്റന്‍ കിരീടം നേടിക്കൊടുക്കാന്‍ ഉറച്ച് തന്നെയാണ് അര്‍ജന്റീന താരങ്ങളും ഇന്നിറങ്ങിയത്. അര്‍ജന്റീനയ്ക്കായി സീനിയര്‍ താരം എയ്ഞ്ചല്‍ ഡീ മരിയയാണ് ഗോള്‍ സ്കോര്‍ ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Argentina football, Argentina vs Brazil, Copa America final, Lionel messi, Neymar