HOME /NEWS /Sports / പീഡനകാലം കഴിഞ്ഞു; മാറക്കാനയില്‍ കാല്‍പന്തു കളിയുടെ മിശിഹാ ഉയിര്‍ത്തു

പീഡനകാലം കഴിഞ്ഞു; മാറക്കാനയില്‍ കാല്‍പന്തു കളിയുടെ മിശിഹാ ഉയിര്‍ത്തു

Lionel Messi

Lionel Messi

മുമ്പ് നാലു തവണ അര്‍ജന്റീനക്ക് ഒപ്പം മേജര്‍ ഫൈനലില്‍ പങ്കെടുത്ത് പരാജയത്തിന്റെ വേദന അറിഞ്ഞ താരമാണ് മെസ്സി.

  • Share this:

    ഒടുവില്‍ കാല്‍പ്പന്തു കളിയിലെ മിശിഹാ പൂര്‍ണനായിരിക്കുകയാണ്. രാജ്യാന്തര കരിയറില്‍ കിരീടം വെക്കാത്ത രാജാവായി കളിക്കളം വിടേണ്ടി വരുമോ എന്ന ആരാധകരുടെ നോവിന് വിരാമമായിരിക്കുന്നു. ഒരു ലോകകിരീടം ആധുനിക ഫുട്ബോളിലെ രാജാവിനെ അലങ്കരിച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള അര്‍ജന്റീനയുടെ ആരാധകര്‍ ആവേശത്തിന്റെ കൊടുമുടിയിലാണ്. അവര്‍ കാത്തിരുന്ന സുന്ദര നിമിഷത്തിന് വേദിയായത് ബ്രസീലിന്റെ തറവാട്ടു മുറ്റമായ 'മാറക്കാന'യാണെന്നത് വിജയത്തിന്റെ മധുരം വര്‍ധിപ്പിക്കുകയാണ്.

    ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടത്തിലേക്കുള്ള അര്‍ജന്റീനയുടെ യാത്രയില്‍ മെസ്സി പോക്കറ്റിലാക്കിയത് നാലു ഗോളുകളാണ്. അഞ്ച് തവണ ഗോളിന് വഴിയൊരുക്കി. അയാളുടെ വേഗമേറിയ കാലുകളെ ഒരു രാജ്യം എത്ര മേല്‍ ആശ്രയിച്ചിരിക്കുന്നു എന്നതിന്റെ നേര്‍സാക്ഷ്യങ്ങളാണിതെല്ലാം. എതിരാളികള്‍ കെട്ടിയ ശക്തമായ പ്രതിരോധ മതിലുകളില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ടാണ് അയാള്‍ ഇത്രയും തവണ ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചത്. ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുത്തിരിക്കുന്നതും മെസ്സിയെയാണ്.

    28 വര്‍ഷം നീണ്ട അര്‍ജന്റീനയുടെ കിരീട വരള്‍ച്ചയ്ക്ക് അറുതി വരുത്തിയ നായകന്‍ എന്ന വിശേഷണമാണ് ഇപ്പോള്‍ ലയണല്‍ മെസ്സിക്ക് ലോകമെമ്പാടുമുള്ള ആരാധകര്‍ ചാര്‍ത്തി നല്‍കുന്നത്. കിരീടങ്ങളാല്‍ സമ്പന്നമായ കരിയര്‍ എന്നും വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയത് ഒറ്റക്കാരണത്താലായിരുന്നു. 'ക്ലബ്ബിന് വേണ്ടി കിരീടങ്ങള്‍ നേടുമ്പോഴും രാജ്യത്തിനായി കിരീടം നേടാനാകുന്നില്ല.' ഒടുവില്‍ ഫുട്‌ബോള്‍ ദൈവങ്ങള്‍ മെസ്സിക്ക് മുന്നില്‍ കണ്ണു തുറന്നിരിക്കുന്നു. കിരീട നേട്ടം കളിച്ച ആറാമത്തെ കോപ്പയില്‍ ആയതിനാല്‍ 'ആറാം തമ്പുരാന്‍' എന്നാണ് മലയാളി ആരാധകര്‍ നല്‍കുന്ന പുതിയ വിശേഷണം.

    മുമ്പ് നാലു തവണ അര്‍ജന്റീനക്ക് ഒപ്പം മേജര്‍ ഫൈനലില്‍ പങ്കെടുത്ത് പരാജയത്തിന്റെ വേദന അറിഞ്ഞ താരമാണ് മെസ്സി. 2007ലെ കോപ അമേരിക്ക ഫൈനല്‍ ആയിരുന്നു മെസ്സിയുടെ ആദ്യത്തെ ഫൈനല്‍. അന്ന് ബ്രസീലിനോട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് അര്‍ജന്റീന പരാജയപ്പെട്ടു. 2014ലെ വേദനിപ്പിക്കുന്ന ലോകകപ്പ് ഫൈനല്‍ ആയിരുന്നു രണ്ടാമത്തെ ഫൈനല്‍. അന്ന് അവസാന നിമിഷത്തില്‍ ഗോട്‌സെയുടെ ഏക ഗോള്‍ മെസ്സിയില്‍ നിന്നും അര്‍ജന്റീനയ്ക്ക് കിരീടം നഷ്ടമായി. പിന്നീട് 2015ലും 2016ലും ചിലിക്കു മുന്നില്‍ കോപ അമേരിക്ക ഫൈനലുകളിലും മെസ്സിയും സംഘവും പരാജയപ്പെട്ടു. 2016ലെ കോപ്പ ഫൈനല്‍ തോല്‍വിയേക്കാള്‍ ഏറെ ആരാധകരെ നൊമ്പരപ്പെടുത്തിയത് മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനമായിരുന്നു.

    ഈ നാലു ഫൈനലിലും മെസ്സി ഒരു ഗോള്‍ പോലും നേടിയിരുന്നില്ല. ഇന്നും മെസ്സി ഗോള്‍ നേടിയില്ല എങ്കിലും ഈ കിരീടം മെസ്സി മുന്നില്‍ നിന്ന് നയിച്ചു നേടിയത് തന്നെയാണ്. തങ്ങളുടെ പ്രിയ ക്യാപ്റ്റന് കിരീടം നേടിക്കൊടുക്കാന്‍ ഉറച്ച് തന്നെയാണ് അര്‍ജന്റീന താരങ്ങളും ഇന്നിറങ്ങിയത്. ആതിഥേയരായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന തകര്‍ത്തത്. അര്‍ജന്റീനയ്ക്കായി സീനിയര്‍ താരം എയ്ഞ്ചല്‍ ഡീ മരിയയാണ് ഗോള്‍ സ്‌കോര്‍ ചെയ്തത്.

    First published:

    Tags: Argentina, Argentina vs Brazil, Copa America, Copa America final, Lionel messi