ഇന്റർഫേസ് /വാർത്ത /Sports / മെസ്സിക്ക് ജോലിഭാരം; അർജന്റീന ജേഴ്സിയിൽ ഒരു മത്സരത്തിൽ 20 മിനിറ്റ് കളിച്ചാൽ മതിയെന്ന് പിഎസ്ജി

മെസ്സിക്ക് ജോലിഭാരം; അർജന്റീന ജേഴ്സിയിൽ ഒരു മത്സരത്തിൽ 20 മിനിറ്റ് കളിച്ചാൽ മതിയെന്ന് പിഎസ്ജി

Lionel Messi (Image: Twitter)

Lionel Messi (Image: Twitter)

വെള്ളിയാഴ്ച ഉറുഗ്വായ്‌ക്കെതിരെ നടന്ന മത്സരത്തിൽ 76-ാം മിനിറ്റിലാണ് അർജന്റീന പരിശീലകൻ സ്കലോണി മെസ്സിയെ കളത്തിലിറക്കിയത്.

  • Share this:

ചാമ്പ്യൻസ്​ ലീഗില്‍ (Champions League) റെഡ്ബുൾ ലെപ്‌സിഗിനെതിരായ നിർണായക മത്സരത്തില്‍ പരിക്കേറ്റ സൂപ്പര്‍ താരം ലയണല്‍ മെസ്സി (Lionel Messi) ഇല്ലാതെയായിരുന്നു  പിഎസ്ജി (PSG) ഇറങ്ങിയത്. പരിക്ക്​ മാറാന്‍ മെസ്സിക്ക്​ ഒരാഴ്ച വിശ്രമം വേണമെന്ന്​ ടീം ഡോക്​ടര്‍മാര്‍ ആവശ്യപ്പെടുകയും ചെയ്​തിരുന്നു. എന്നാല്‍, അന്താരാഷ്​ട്ര ഇടവേള വന്നതോടെ അർജന്റൈൻ താരത്തെ ദേശീയ ടീമിനൊപ്പം കളിക്കുന്നതിന് വേണ്ടി ടീമിന്റെ പരിശീലകനായ ലയണൽ സ്കലോണി (Lionel Scaloni) തിരിച്ചു വിളിച്ചു.

ദേശീയ ടീമിന് വേണ്ടി കളിക്കുന്നതിനാകും പ്രാധാന്യം നൽകുക എന്ന കരാറോടെയാണ് മെസ്സി പിഎസ്ജിയുമായി കരാറിൽ എത്തിയിരുന്നതെങ്കിലും, ടീം മാനേജ്‌മെന്റിന് സൂപ്പർ താരം ദേശീയ ടീമിന് വേണ്ടി കളിക്കാൻ പോയത് ഇഷ്ടപ്പെട്ടിരുന്നില്ല. മാഡ്രിഡിലെ ക്ലിനിക്കിൽ ചികിത്സയിൽ ആയിരുന്ന മെസ്സി പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് മത്സരം നടക്കുന്നതിനിടയിൽ അർജന്റീനയ്‌ക്കൊപ്പം (Argentina) ചേരാൻ വേണ്ടി മടങ്ങിയെതാണ് ക്ലബ് അധികൃതരുടെ അതൃപ്തിക്ക് ഇടയാക്കിയത്.

ഇതിന് പിന്നാലെയാണ്​ പിഎസ്ജിയും അർജന്‍റീന ഫുട്ബോൾ ഫെഡറേഷനും തമ്മിലുള്ള 'ഡീല്‍' പുറത്തുവരുന്നത്​. സ്കലോണി പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷം കോപ്പ അമേരിക്ക കിരീടം ഉൾപ്പെടെ നേടി മികച്ച പ്രകടനം നടത്തുന്ന അർജന്റീന ടീമിന് മെസ്സിയുടെ സാന്നിധ്യം എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ് ഇരുവരും ചർച്ച ചെയ്തത്. മെസ്സിയുടെ ജോലിഭാരം കുറയ്ക്കാൻ വേണ്ടി ദേശീയ ടീമിനൊപ്പം മെസ്സി 20 മിനിറ്റ് കളിച്ചാൽ മതിയെന്ന തീരുമാനമാണ് പിഎസ്ജി മുന്നോട്ട് വെച്ചത്.

വെള്ളിയാഴ്ച ഉറുഗ്വായ്‌ക്കെതിരെ നടന്ന മത്സരത്തിൽ അവസാന നിമിഷമാണ്​ മെസ്സി കളത്തിൽ ഇറങ്ങിയത്. അഞ്ച് വർഷത്തിനിടെ ഇതാദ്യമായിട്ടായിരുന്നു ഒരു അന്താരാഷ്ട്ര മത്സരത്തിൽ മെസ്സി സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടാതിരുന്നത്. 76-ാം മിനിറ്റിൽ മെസ്സിയെ സ്കലോണി കളത്തിൽ ഇറക്കിയെങ്കിലും പിന്നീടുള്ള 20 മിനിറ്റിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞതുമില്ല.

എന്നാൽ അടുത്ത മത്സരത്തിൽ അർജന്റീനയ്ക്ക് നേരിടാനുള്ളത് കരുത്തരായ ബ്രസീലിനെതിരെയാണ്​. ബ്രസീലിനെതിരെയും മെസ്സിയെ സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടുത്താതെ അവസാന നിമിഷങ്ങളിൽ മാത്രം കളത്തിലിറക്കാനുള്ള ധൈര്യം സ്കലോണി കാണിക്കുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. 17നാണ് അർജന്റീന - ബ്രസീൽ (Argentina vs Brazil) മത്സരം.

ഖത്തർ ലോകകപ്പിന് (FIFA World Cup Qatar 2022) യോഗ്യത നേടുന്നതിന് അരികിലാണ് അർജന്റീന നിൽക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഉറുഗ്വായെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചതോടെയാണ് അവർ യോഗ്യതയ്ക്ക് തൊട്ടരികിൽ എത്തിയത്. 12 മത്സരങ്ങളിൽ നിന്നും എട്ട് ജയവും നാല് സമനിലയും സഹിതം 28 പോയിന്റോടെ ലാറ്റിൻ അമേരിക്കൻ യോഗ്യത റൗണ്ടിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് അർജന്റീന. 34 പോയിന്റോടെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ബ്രസീൽ നേരത്തെ യോഗ്യത നേടിയിരുന്നു.

അടുത്ത അഞ്ച് മത്സരങ്ങളിൽ ഒരു ജയം നേടുകയോ അല്ലെങ്കിൽ കൊളംബിയ, ചിലെ, ഉറുഗ്വെ ടീമുകൾ ഒരു മത്സരം തോൽക്കുകയോ ചെയ്‌താൽ തന്നെ അർജന്‍റീനയ്ക്ക് യോഗ്യത ഉറപ്പാക്കാം.

First published:

Tags: Argentina, Lionel messi, PSG