• HOME
  • »
  • NEWS
  • »
  • sports
  • »
  • LIONEL MESSI WOULD PLAY AGAINST BRAZIL WORLD CUP QUALIFIERS SAYS ARGENTINA COACH LIONEL SCALONI

Messi Argentina| ബ്രസീലിനെതിരെ മെസ്സി കളിക്കും; അർജന്റീന ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയെന്ന് സ്കലോണി

കഴിഞ്ഞ ദിവസം വെനസ്വേലക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ അർജന്റീനയുടെ ക്യാപ്റ്റൻ കൂടിയായ ലയണൽ മെസ്സി കടുത്ത ഫൗളിന് വിധേയനായിരുന്നു. ഇതിൽ താരത്തിന് പരിക്ക് പറ്റിയെന്നും ബ്രസീലിനെതിരെ കളിക്കാൻ കഴിയില്ലെന്നുമുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

Lionel Messi

Lionel Messi

  • Share this:
    ബ്രസീലിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ മെസ്സി കളിക്കും. അർജന്റീനയുടെ സൂപ്പർ താരം കളിക്കുമെന്ന കാര്യത്തിൽ സ്ഥിരീകരണം നൽകി ടീമിന്റെ പരിശീലകനായ ലയണൽ സ്കലോണി.

    കഴിഞ്ഞ ദിവസം വെനസ്വേലക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ അർജന്റീനയുടെ ക്യാപ്റ്റൻ കൂടിയായ ലയണൽ മെസ്സി കടുത്ത ഫൗളിന് വിധേയനായിരുന്നു. വെനസ്വേലൻ പ്രതിരോധ താരം അഡ്രിയാൻ മാർട്ടിനസിന്റെ ഫൗളിൽ ലയണൽ മെസ്സിക്ക് പരിക്ക് പറ്റിയെന്നും താരത്തിന് ഇന്ന് ബ്രസീലിനെതിരായ മത്സരത്തിൽ കളിക്കാൻ കഴിയില്ല എന്നുമുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

    ഈ അഭ്യൂഹങ്ങൾ അവസാനിപ്പിച്ചാണ് മെസ്സിക്ക് കുഴപ്പം ഒന്നുമില്ല എന്നും, മത്സരത്തിന് മുൻപ് തന്റെ പരിപൂർണ ഫിറ്റ്നസിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ചൂണ്ടിക്കാട്ടി അർജന്റൈൻ പരിശീലകൻ ലയണൽ സ്കലോണി രംഗത്തെത്തിയത്. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു അർജന്റൈൻ ആരാധകർക്ക് ആശ്വാസം നൽകുന്ന വാർത്ത സ്കലോണി നൽകിയത്.

    "ലിയോ സുഖമായിരിക്കുന്നു. അന്നത്തെ മത്സരത്തിലെ ഫൗൾ വളരെയധികം അപകടം നിറഞ്ഞ ഒന്നായിരുന്നു, എന്നാൽ ഭാഗ്യവശാൽ അദ്ദേഹത്തിന് യാതൊരു പ്രശ്നവുമില്ല. മത്സരത്തിന് മുന്നോടിയായി നടക്കുന്ന പരിശീലനത്തിൽ അദ്ദേഹത്തിന്റെ സ്ഥിതി വീണ്ടും വിലയിരുത്തും." സ്കലോണി പറഞ്ഞു.

    "ആരുടെയൊക്കെ എതിരെ കളിച്ചാലും ബ്രസീൽ എല്ലായ്പ്പോഴും പ്രധാനപ്പെട്ട ഒരു എതിരാളിയാണ്. അവർക്കെതിരെ നടക്കുന്ന ഈ മത്സരം സാഹചര്യം ആവശ്യപ്പെടുന്ന പ്രതിബദ്ധതയോടെ തന്നെ ഞങ്ങൾ നേരിടും. ടീം എങ്ങനെ അണിനിരത്തുമെന്നതിനെക്കുറിച്ച് എനിക്കൊരു ധാരണയുണ്ട്. എന്നാൽ വെനസ്വേലക്കെതിരെ കളിച്ച താരങ്ങളുമായി ഇതു വരെ ഒരു പരിശീലന സെഷൻ നടത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ടീമിൽ ചില ‌മാറ്റങ്ങൾ വരുത്തും." സ്കലോണി പറഞ്ഞു.

    അതേസമയം കോപ്പ അമേരിക്ക ഫൈനലിൽ മാറക്കാനയിൽ നടന്ന ഫൈനലിൽ ഡി മരിയ നേടിയ ഒറ്റ ഗോളിന്റെ ബലത്തിലാണ് ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന കിരീടം ചൂടിയത്. അന്നത്തെ മത്സരത്തിലെ തോൽവിക്ക് പകരം വീട്ടാൻ ഉറച്ച് ബ്രസീൽ ഇറങ്ങുമ്പോൾ മറുവശത്ത് ജയം തുടരാൻ തന്നെയാകും അർജന്റീനയും ലക്ഷ്യമിടുന്നത്. ഇരുവർക്കും മത്സരം അഭിമാന പോരാട്ടം ആണെന്നതിനാൽ മത്സരം ആവേശകരമായിരിക്കും. ബ്രസീലിലെ കൊറിന്ത്യന്‍സ് അരീനയിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം ആരഭിക്കുന്നത്.

    അവസാനം നടന്ന മത്സരങ്ങൾ ജയിച്ചാണ് ബ്രസീലും അർജന്റീനയും ഈ മത്സരത്തിനിറങ്ങുന്നത്. അര്‍ജന്റീന ഒന്നിനെതിരെ മൂന്ന് ഗോളിന് വെനസ്വേലയെ തകർത്തപ്പോൾ ബ്രസീല്‍ ഒറ്റ ഗോളിന് ചിലെയെ മറികടന്നാണ് വരുന്നത്.

    ബാഴ്‌സലോണ വിട്ട് പി എസ് ജിയിൽ എത്തി സഹതാരങ്ങൾ ആയതിന് ശേഷം മെസ്സിയും നെയ്മറും തമ്മിൽ പരസ്പരം ഏറ്റുമുട്ടുന്ന ആദ്യ മത്സരം എന്ന പ്രത്യേകതയും നാളെ നടക്കുന്ന ബ്രസീൽ അർജന്റീന പോരാട്ടത്തിനുണ്ട്.

    ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളിൽ ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിലെ ഏഴ് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ 21 പോയിന്റുമായി ബ്രസീലാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. അര്‍ജന്റീന 15 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.

    മത്സരം ഇന്ത്യയിൽ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതല്ല. ഫുബോ ടിവി സ്ട്രീമിങ് ആപ്പിലൂടെ മത്സരം തത്സമയം കാണാം.
    Published by:Naveen
    First published:
    )}