ഇന്റർഫേസ് /വാർത്ത /Sports / മെഡൽ നേട്ടം എല്ലാ ഇന്ത്യക്കാർക്കും സമർപ്പിച്ച് ലവ്ലിന; മെഡൽ നേട്ടം രാജ്യത്തിന് പ്രചോദനമെന്ന് പ്രധാനമന്ത്രി

മെഡൽ നേട്ടം എല്ലാ ഇന്ത്യക്കാർക്കും സമർപ്പിച്ച് ലവ്ലിന; മെഡൽ നേട്ടം രാജ്യത്തിന് പ്രചോദനമെന്ന് പ്രധാനമന്ത്രി

Lovlina Borgohain

Lovlina Borgohain

ബോക്സിങ്ങിൽ വനിതകളുടെ 69 കിലോ വെൽറ്റർവെയ്റ്റ് വിഭാഗത്തിലാണ് ലവ്ലിന ഇന്ത്യക്കായി മെഡൽ നേടിയത്

  • Share this:

ടോക്യോ ഒളിമ്പിക്സിലെ വെങ്കല മെഡൽ നേട്ടം തന്റെ രാജ്യത്തെ ആളുകൾക്ക് സമർപ്പിച്ച ഇന്ത്യൻ ബോക്സിങ് താരം ലവ്ലിന ബോർഗോഹെയ്ൻ. ബോക്സിങ്ങിൽ വനിതകളുടെ 69 കിലോ വെൽറ്റർവെയ്റ്റ് വിഭാഗത്തിലാണ് ലവ്ലിന ഇന്ത്യക്കായി മെഡൽ നേടിയത്. ഇന്ന് നടന്ന സെമി പോരാട്ടത്തിൽ ലോക ചാമ്പ്യനായ തുർക്കിയുടെ ബുസെനാസ് സുർമെനെലിയോട് താരം തോൽവി വഴങ്ങിയെങ്കിലും, ഒളിമ്പിക്സിൽ ബോക്സിങ്ങിൽ സെമിയിൽ എത്തിയാൽ മെഡൽ ഉറപ്പായതിനാൽ താരത്തിന് വെങ്കലം ലഭിക്കുകയായിരുന്നു.

ടോക്യോയിൽ ബോക്സിങ്ങിലൂടെ മറ്റൊരു മെഡൽ കൂടി ഇന്ത്യക്ക് സമ്മാനിച്ച താരത്തിന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. ലവ്ലിനയുടെ മെഡൽ നേട്ടത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലവ്ലിനയെ അഭിനന്ദിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി തന്റെ അഭിനന്ദനം അറിയിച്ചത്. ലവ്‌ലിനയുടെ ബോക്‌സിങ്ങിലെ വിജയം ഒരുപാട് ഇന്ത്യക്കാര്‍ക്ക് പ്രചോദനമാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അവളുടെ നിശ്ചയദാര്‍ഡ്യം സ്തുത്യര്‍ഹമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോക ചാമ്പ്യനായ തുർക്കിയുടെ ബുസെനാസ് സുർമെനെലി ഇന്ത്യൻ താരത്തിനെതിരെ അനായാസ വിജയമാണ് നേടിയെടുത്തത്. സ്കോർ 5-0. മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും മേധാവിത്വം നേടിയെടുക്കാൻ ലവ്ലിനയ്ക്ക് കഴിഞ്ഞില്ല. മത്സരം ജയിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്സിൽ ബോക്സിങ്ങിൽ ഫൈനൽ കളിക്കുന്ന ആദ്യ താരം എന്ന ചരിത്ര നേട്ടം ഇന്ത്യൻ താരത്തിന് നേടാൻ കഴിയുമായിരുന്നു.

ആദ്യ റൗണ്ടില്‍ നന്നായി തുടങ്ങിയെങ്കിലും ലോക ഒന്നാം നമ്പർ താരത്തിനെതിരെ ആ മികവ് തുടരാൻ ലവ്ലിനയ്ക്ക് കഴിഞ്ഞില്ല. ബുസെനാസിന്റെ കരുത്തുറ്റ പഞ്ചുകള്‍ക്കെതിരെ ആക്രമിക്കാനുള്ള ശ്രമം ലവ്‌ലിനയുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ഇന്ത്യന്‍ താരത്തിന്റെ പഞ്ചുകള്‍ മികച്ച രീതിയിൽ ബ്ലോക്ക് ചെയ്തുകൊണ്ട് തുർക്കി താരം തന്റെ ആക്രമണം ശക്തമാക്കി കൊണ്ടിരുന്നു. ആദ്യ റൗണ്ട് സ്വന്തമാക്കിയതിന് പിന്നാലെ രണ്ടാം റൗണ്ടിലും തുർക്കി താരം ലീഡ് നേടിയതോടെ ലവ്ലിനയുടെ സാധ്യതകൾ മറയുകയായിരുന്നു.

വിജേന്ദർ സിങ് (2008), മേരി കോം (2012) എന്നിവർക്ക് ശേഷം ഇന്ത്യക്ക് വേണ്ടി ബോക്സിങ്ങിൽ മെഡൽ നേടുന്ന മൂന്നാമത്തെ താരമാണ് ലവ്‌ലിന. മേരി കോമിന് ശേഷം ഇന്ത്യക്ക് വേണ്ടി ബോക്സിങ്ങിൽ മെഡൽ നേടുന്ന ആദ്യ വനിത എന്ന നേട്ടം കൂടി ഇതിനോടൊപ്പം താരത്തിന് സ്വന്തമായി. രണ്ട് തവണ ലോക - ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽ വെങ്കലം നേടിയ താരമാണ് ലവ്‌ലിന. 2017,21 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും 201819 ലോക ചാംപ്യൻഷിപ്പുകളിൽ നിന്നുമായിരുന്നു ഇന്ത്യൻ താരത്തിന്റെ മെഡൽ നേട്ടം. അസം സ്വദേശിനിയായ താരം ഒളിമ്പിക്സിലേക്ക് ആദ്യം യോഗ്യത നേടുന്ന അസം വനിത കൂടിയാണ്.

First published:

Tags: Boxing, Lovlina Borgohain, Narendra modi, Tokyo Olympics, Tokyo Olympics 2020