• HOME
  • »
  • NEWS
  • »
  • sports
  • »
  • ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയതിന് പിന്നാലെ ലോവ്‌ലീനയുടെ വീട്ടിലേക്ക് പുതിയ റോഡ്

ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയതിന് പിന്നാലെ ലോവ്‌ലീനയുടെ വീട്ടിലേക്ക് പുതിയ റോഡ്

താരത്തെ ഗ്രാമത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനായാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡ് വെട്ടിയിരിക്കുന്നത്.

Credit: Twitter| Editorji

Credit: Twitter| Editorji

  • Share this:
    ടോക്യോ ഒളിമ്പക്‌സില്‍ ലോവ്‌ലീന ബോര്‍ഗോഹൈനിലൂടെ ഇന്ത്യ മറ്റൊരു മെഡല്‍ കൂടി സ്വന്തമായിരിക്കുകയാണ്. ബോക്‌സിങ്ങില്‍ വനിതകളുടെ 69 കിലോ വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തിലാണ് ലവ്‌ലിന ഇന്ത്യക്കായി വെങ്കല മെഡല്‍ നേടിയത്. ഇന്ന് നടന്ന സെമി പോരാട്ടത്തില്‍ ലോക ചാമ്പ്യനായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെനെലിയോട് താരം തോല്‍വി വഴങ്ങിയെങ്കിലും, ഒളിമ്പിക്‌സില്‍ ബോക്‌സിങ്ങില്‍ സെമിയില്‍ എത്തിയാല്‍ മെഡല്‍ ഉറപ്പായതിനാല്‍ താരത്തിന് വെങ്കലം ലഭിക്കുകയായിരുന്നു.

    മത്സരശേഷം തന്റെ വെങ്കല മെഡല്‍ നേട്ടം തന്റെ രാജ്യത്തെ ആളുകള്‍ക്ക് സമര്‍പ്പിക്കുന്നതായി ലോവ്‌ലീന പറഞ്ഞിരുന്നു. താരത്തിന്റെ മെഡല്‍ നേട്ടത്തില്‍ വളരെയധികം സന്തോഷത്തിലാണ് നാട്ടുകാരും. 2012 ല്‍ അസമിലെ ഗോലഘട്ട് ജില്ലയിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) യില്‍ നിന്നുള്ള ഒരു ബോക്സിംഗ് പരിശീലകനാണ് ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ എന്ന 14 വയസ്സുകാരിയിലെ പ്രതിഭയെ കണ്ടെത്തിയത്. ഗോര്‍ഘട്ടിലെ ബരോമുഖിയ ഗ്രാമത്തില്‍ നിന്നുള്ള ഒരു ഇടത്തരം കുടുംബത്തിലെ മൂന്ന് പെണ്‍മക്കളില്‍ ഏറ്റവും ഇളയവളായ ബോര്‍ഗോഹെയ്ന്‍, തുടര്‍ന്ന് ഗുവാഹത്തിയിലെ സായിയില്‍ പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

    ഇപ്പോഴിതാ താരത്തിന്റെ മെഡല്‍ നേട്ടം താരത്തിന്റെ ഗ്രാമത്തിലേക്ക് പുതിയ റോഡ് എന്ന സ്വപ്നം കൂടി നിറവേറ്റിയിരിക്കുകയാണ്. താരത്തെ ഗ്രാമത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനായാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡ് വെട്ടിയിരിക്കുന്നത്. 'ഈ റോഡ് ലോവ്‌ലീനക്കായാണ് നിര്‍മിക്കുന്നത്. അവള്‍ ആസാമിന്റെ അഭിമാനമാണ്. കഴിഞ്ഞ അഞ്ചുദിവസമായി ഞങ്ങള്‍ റോഡുവെട്ടുന്ന തിരക്കിലാണ്. നാളെ തീരുമെന്നാണ് കരുതുന്നത്'' - റോഡ് നിര്‍മാണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന റാം ബഹദൂര്‍ പ്രധാന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇതുവഴി റോഡ് സ്ഥാപിക്കുന്നതെന്നും അതിന് കാരണമായത് ലോവ്‌ലീനയാണെന്നും പ്രദേശവാസി എ.എന്‍.ഐയോട് പ്രതികരിച്ചു.

    'ഇത് ലോവ്‌ലീനയ്ക്ക് ഞങ്ങളുടെ ഒരു സമ്മാനമാണ്. മഴക്കലാമായാല്‍ ഇത് പെട്ടെന്ന് തീരുമായിരുന്നില്ല. അതുകൊണ്ടാണ് എത്രയും പെട്ടെന്ന് തന്നെ ഇത് ചെയ്യുന്നത്.'- ലോക്കല്‍ എം എല്‍ എ ബിശ്വജിത്ത് ഫുകാന്‍ പറഞ്ഞു.

    ടോക്യോയില്‍ ബോക്‌സിങ്ങിലൂടെ മറ്റൊരു മെഡല്‍ കൂടി ഇന്ത്യക്ക് സമ്മാനിച്ച താരത്തിന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. ലോവ്‌ലിനയുടെ മെഡല്‍ നേട്ടത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലവ്‌ലിനയെ അഭിനന്ദിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി തന്റെ അഭിനന്ദനം അറിയിച്ചത്. ലോവ്ലിനയുടെ ബോക്സിങ്ങിലെ വിജയം ഒരുപാട് ഇന്ത്യക്കാര്‍ക്ക് പ്രചോദനമാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അവളുടെ നിശ്ചയദാര്‍ഡ്യം സ്തുത്യര്‍ഹമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

    Also read: മെഡൽ നേട്ടം എല്ലാ ഇന്ത്യക്കാർക്കും സമർപ്പിച്ച് ലവ്ലിന; മെഡൽ നേട്ടം രാജ്യത്തിന് പ്രചോദനമെന്ന് പ്രധാനമന്ത്രി

    ലോക ചാമ്പ്യനായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെനെലി ഇന്ത്യന്‍ താരത്തിനെതിരെ അനായാസ വിജയമാണ് നേടിയെടുത്തത്. സ്‌കോര്‍ 5-0. മത്സരത്തില്‍ ഒരു ഘട്ടത്തില്‍ പോലും മേധാവിത്വം നേടിയെടുക്കാന്‍ ലവ്‌ലിനയ്ക്ക് കഴിഞ്ഞില്ല. മത്സരം ജയിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്‌സില്‍ ബോക്‌സിങ്ങില്‍ ഫൈനല്‍ കളിക്കുന്ന ആദ്യ താരം എന്ന ചരിത്ര നേട്ടം ഇന്ത്യന്‍ താരത്തിന് നേടാന്‍ കഴിയുമായിരുന്നു.
    Published by:Sarath Mohanan
    First published: