1769-ൽ ഹംഗേറിയൻ എഴുത്തുകാരനും ശാസ്ത്രജ്ഞനുമായിരുന്ന വോൾഫ്ഗാംഗ് വോൺ കെംപെലൻ ദി ടർക്ക് എന്ന പേരിൽ ഒരു ചെസ് കളി ഓട്ടോമേഷൻ സംവിധാനം കണ്ടുപിടിച്ചു. ഇത്തരത്തിലുള്ള മെഷീനുകളിൽ ആദ്യത്തേതായിരുന്നു ഇത്. പിന്നീട് പതിറ്റാണ്ടുകളോളം യൂറോപ്പിലുടനീളമുള്ള ചെസ് കളിക്കാർ ഇത് ഉപയോഗിച്ചു. ജർമ്മൻകാരനായ ജൊഹാൻ നെപോമുക് മാൽസൽ 1825-ൽ ദി ടർക്ക് അമേരിക്കയിലേക്ക് കൊണ്ടുവന്നതോടെയാണ് അതൊരു തട്ടിപ്പായിരുന്നു എന്ന് തെളിഞ്ഞത്. മെട്രോനോം കണ്ടുപിടിച്ചയാൾ കൂടിയാണ് ജൊഹാൻ നെപോമുക് മാൽസൽ.
1836-ൽ എഴുതിയ ഒരു ഉപന്യാസത്തിൽ മാൽസലിൻ്റെ ചെസ് പ്ലെയർ (അമേരിക്കയിൽ ദി ടർക്കിന് ലഭിച്ച പുതിയ പേര്) തട്ടിപ്പാണെന്നും അതിൻ്റെ സൂത്രപ്പണികൾക്ക് പിന്നിൽ ഒരു മനുഷ്യ ചെസ് കളിക്കാരൻ ഒളിഞ്ഞിരിപ്പുണ്ടെന്നും എഡ്ഗർ അലൻ പോ അഭിപ്രായപ്പെട്ടു. മാൽസലിൻ്റെ ചെസ് പ്ലെയർ മിക്ക സമയത്തും ശരിയായി കളിക്കുമെന്നും ഇടയ്ക്ക് തെറ്റുകൾ വരുത്തുമെന്നും അതിനാൽ ഇത് യന്ത്രമാകാൻ സാധ്യതയില്ല എന്നുമായിരുന്നു പോയുടെ ന്യായീകരണം.
ഇതുൾപ്പെടെ മാൽസലിൻ്റെ ചെസ് പ്ലെയറിനെ കുറിച്ച് 1836-ലെ ഉപന്യാസത്തിൽ പോ എഴുതിയ പല അനുമാനങ്ങളും തെറ്റാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. എന്നാൽ, യന്ത്രത്തിനകത്ത് ഒരു മനുഷ്യൻ ഒളിച്ചിരിക്കുന്നുണ്ടെന്ന് കണ്ടെത്തുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്ത ആദ്യ അമേരിക്കക്കാരനല്ല എഡ്ഗർ അലൻ പോ. പക്ഷേ, ഏതാണ്ട് അര നൂറ്റാണ്ടിലധികം നീണ്ടുനിന്ന ജൈത്രയാത്രയ്ക്ക് ശേഷം മാൽസലിൻ്റെ ചെസ് പ്ലെയർ തട്ടിപ്പാണെന്ന് അംഗീകരിക്കപ്പെട്ടു.
ഏകദേശം 200 വർഷത്തിന് ശേഷം ചരിത്രം ആവർത്തിക്കുകയാണ്. അമേരിക്കൻ ചെസ് കളിക്കാരൻ ഹാൻസ് മോക്ക് നീമാൻ (19) കമ്പ്യൂട്ടറുകളുടെ സഹായത്തോടെ ചെസ് ടൂർണമെൻ്റുകളിൽ തുടർച്ചയായി തട്ടിപ്പ് നടത്തുകയാണ് എന്ന് ആരോപിക്കുന്നത് ലോകത്തിലെ ഏറ്റവും ശക്തനായ ചെസ് ചാമ്പ്യനായ മാഗ്നസ് കാൾസൺ ആണ്. സെപ്റ്റംബർ 4-ന് അമേരിക്കയിൽ നടന്ന ഒരു ഓൺലൈൻ ചെസ് ടൂർണമെൻ്റിൽ ലോക 51-ാം റാങ്കുകാരനായ നീമാനോട് തോറ്റതിന് ശേഷമാണ് കാൾസൺ ആരോപണം ഉന്നയിച്ചത്.
ആദ്യ നീക്കം നടത്താനുള്ള അനുകൂല സാഹചര്യവും കാൾസണ് ഉണ്ടായിരുന്നു. ഒരു വർഷത്തിലധികമായി വെള്ള കരുക്കൾ ഉപയോഗിച്ച് കളിച്ചിട്ട് കാൾസൺ തോൽവി അറിഞ്ഞിട്ടില്ല. എന്നാൽ, നീമാൻ അസാധാരണമാം വിധം വേഗത്തിൽ കളിക്കുകയും കാൾസണെ തോൽപ്പിക്കുകയും ചെയ്തു. ഏതാനും കളിക്കാർക്ക് മാത്രമേ ഇതിന് സാധിക്കൂ എന്നാണ് കാൾസൺ ഇതിനെ കുറിച്ച് പറഞ്ഞത്. പിന്നീട് എതിരാളിക്കെതിരെ ആരോപണം ഉന്നയിച്ച കാൾസൺ, പ്രധാന പൊസിഷനുകളിൽ നിൽക്കുമ്പോൾ നീമാൻ കളിയിൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല എന്നും പറഞ്ഞു.
Also read : 'രസഗുളയും ബട്ടർ ചിക്കനും ഒരുമിച്ച് കഴിക്കും'; ഇന്ത്യൻ ക്രിക്കറ്റ് താരത്തിൻെറ വിചിത്ര ആഹാരരീതിയെക്കുറിച്ച് കോലിഏതാനും ആഴ്ചകൾക്ക് ശേഷം ഒരു ഓൺലൈൻ ടൂർണ്ണമെൻ്റിൽ വീണ്ടും കാൾസൻ്റെ എതിരാളി നീമാൻ ആയിരുന്നു. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു നീക്കം നടത്തിയ ശേഷം കാൾസൺ ഗെയിമിൽ നിന്ന് പിന്മാറി. എന്നാൽ, കാൾസൺ പിന്നീട് ടൂർണമെൻ്റ് വിജയിക്കുകയും ചെയ്തു. നീമാന് എതിരെ വളരെ സൂക്ഷിച്ച് മാത്രമാണ് കാൾസൺ ആരോപണം ഉന്നയിക്കുന്നത്. എന്നാൽ, മുൻനിര ചെസ് കളിക്കാർക്കായുള്ള പ്രശസ്ത വെബ്സൈറ്റായ ചെസ് ഡോട്ട് കോമിനോട് കഴിഞ്ഞ ആഴ്ചകളിൽ, അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഇരുവരും ധാരാളം കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.
അതിന് ശേഷം, കാൾസൺ ഉയർത്തി വിട്ട വിവാദത്തെ കുറിച്ച് ചെസ് ഡോട്ട് കോം 72 പേജുള്ള ഒരു റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും നീമാൻ്റെ അക്കൗണ്ട് നിർജ്ജീവമാക്കുകയും ചെയ്തിട്ടുണ്ട്. 12-ാം വയസ്സിൽ ഒരു ഓൺലൈൻ ടൂർണ്ണമെൻ്റിലും 16-ാം വയസ്സിൽ ചില അപ്രധാന ഗെയിമുകളിലും താൻ തട്ടിപ്പ് നടത്തിയതായി നീമാൻ സമ്മതിച്ചിട്ടുണ്ട്. എന്നാൽ, ഒരു ഓഫ്ലൈൻ ടൂർണമെൻ്റ് ഗെയിമിലും താൻ തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് നീമാൻ പറയുന്നു. എന്നാൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയതിൻ്റെ തെളിവുകൾ തങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് ചെസ് ഡോട്ട് കോം അവകാശപ്പെടുന്നു.
ചെസ്സിലെ തട്ടിപ്പുകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏറ്റവും പ്രധാന കാര്യം എന്തെന്നാൽ, അത് ക്ഷമിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് പരിണമിച്ചു എന്നതാണ്. എന്നിട്ടും, ഇതുവരെ അതിനെ ഗൗരവത്തോടെ പരിഗണിച്ചിട്ടില്ല.
ഇതുവരെ നീമാനിതെരായി ഉയർന്നു വന്ന തെളിവുകൾ കോടതിയിൽ അദ്ദേഹത്തിനെതിരെ നിലനിൽക്കില്ലായിരിക്കാം. കാൾസണെ നീമാൻ തോൽപ്പിച്ച യുഎസ് ടൂർണ്ണമെൻ്റായ സിൻക്വിഫീൽഡ് കപ്പിൻ്റെ സംഘാടകർ തന്നെ ഇക്കാര്യത്തിൽ കാൾസണ് ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്. പക്ഷേ, എന്തുതന്നെയായാലും ചെസ്സിനെ സംബന്ധിച്ച് ഇതൊരു പ്രതിസന്ധി ഘട്ടമാണ്. പ്രൊഫഷണൽ ചെസ്സിന് ഈ പ്രതിസന്ധി മറികടക്കാൻ, ഒന്നുകിൽ തട്ടിപ്പ് സംശയത്തിന് അതീതമായി തെളിയിക്കപ്പെടണം അല്ലെങ്കിൽ നീമാന് എതിരായ ആരോപണങ്ങൾ നീക്കം ചെയ്യപ്പെടണം.
ഈ സഹസ്രാബ്ദത്തിൻ്റെ തുടക്കം വരെ, ചെസ് മത്സരത്തിൽ മനുഷ്യന്മാർക്ക് യന്ത്രങ്ങൾക്കു മേൽ വ്യക്തമായ മേൽക്കൈ ഉണ്ടായിരുന്നു. ആ സമയത്താണ് അസാധ്യം എന്ന് കരുതിയിരുന്ന കാര്യം സംഭവിക്കാൻ തുടങ്ങിയത്. തങ്ങളെക്കാൾ നല്ല രീതിയിൽ ചെസ് കളിക്കാൻ കഴിയും വിധം യന്ത്രങ്ങളെ പരിശീലിപ്പിക്കാൻ മനുഷ്യർക്ക് കഴിയുമെന്ന് 1950-കളിൽ തന്നെ കമ്പ്യൂട്ടറുകളുടെ പിതാവായ അലൻ ട്യൂറിംഗ് പ്രവചിച്ചിരുന്നു. 1997-ലെ വേനൽക്കാലത്ത്, ഐബിഎമ്മിൻ്റെ ഡീപ് ബ്ലൂ സൂപ്പർ കമ്പ്യൂട്ടറിനോട് അന്നത്തെ ലോക ചാമ്പ്യൻ ഗാരി കാസ്പറോവ് തോൽവി വഴങ്ങിയതോടെ, കമ്പ്യൂട്ടറുകളുടെ വൻ ശക്തിക്കു മുന്നിൽ മനുഷ്യരുടെ കഴിവ് തോൽക്കുന്ന വിധത്തിൽ ചെസ്സിൻ്റെ വിധി തിരുത്തി എഴുതപ്പെട്ടു.
ഏതാണ്ട് രണ്ട് പതിറ്റാണ്ട് മുൻപു വരെ കാസ്പറോവിനെ പോലെയുള്ള കളിക്കാർക്ക് കമ്പ്യൂട്ടറുകളെ തോൽപ്പിക്കാൻ കഴിയുമായിരുന്നു. ഇതിൽ മനസ്സിൻ്റെ അന്തർജ്ഞാനമായിരുന്നു പ്രധാന പങ്ക് വഹിച്ചിരുന്നത്. ഹൗ ലൈഫ് ഇമിറ്റേറ്റ്സ് ചെസ് എന്ന തൻ്റെ 2007-ലെ പുസ്തകത്തിൽ, നമുക്ക് മനസ്സിലാകുന്നതിനെക്കാൾ കൂടുതൽ നമുക്ക് അറിയാം എന്നാണ് മനസ്സിൻ്റെ അന്തർജ്ഞാനത്തെ കാസ്പറോവ് വിശേഷിപ്പിക്കുന്നത്.
ഈ ജ്ഞാനം എന്നത് ഒരു ആൽഗരിതമായി പരിവർത്തനം ചെയ്യാൻ കഴിയാത്ത കാര്യമാണ്. ചെസ്സിന് വളരെ ആഴത്തിലുള്ള കണക്കുകൂട്ടലുകൾ ആവശ്യമാണ്. കണക്കുകൂട്ടുന്ന കാര്യത്തിൽ സൂപ്പർ കമ്പ്യൂട്ടറുകൾ മനുഷ്യരേക്കാൾ മുന്നിലാണെങ്കിലും അവയ്ക്ക് ഈ അന്തർജ്ഞാനമില്ല. എന്നാൽ, മനുഷ്യരാകട്ടെ, തങ്ങളുടെ അന്തർജ്ഞാനം ഉപയോഗിച്ച് തങ്ങളുടെ പോരായ്മ മറിടകക്കുകയും ചെയ്യും. ശക്തരായ കളിക്കാർക്ക് കൂടുതൽ ജ്ഞാനമുണ്ട്, അതിനാൽ കണക്കുകൂട്ടാനുള്ള തങ്ങളുടെ കഴിവിൽ മാത്രം അവർക്ക് ആശ്രയിക്കേണ്ടി വരുന്നില്ല.
എന്നാൽ, പെൻ്റിയം പ്രോസസറുകൾക്ക് ശേഷമുള്ള കാലയളവിൽ കമ്പ്യൂട്ടറുകൾ തങ്ങളുടെ കണക്കുകൂട്ടലിൻ്റെ വേഗത കൊണ്ട് മാത്രം മനുഷ്യനെ കടത്തിവെട്ടാൻ തുടങ്ങി. കമ്പ്യൂട്ടറുകൾക്ക് നിരവധി കണക്കുകൾ വേഗത്തിൽ ചെയ്യാനും പലപല സാധ്യതകളും പരിഗണിക്കാനും കഴിയും. എന്നാൽ മനുഷ്യന് മനസ്സിൻ്റെ ശക്തികൊണ്ട് ഇതിനെ മറികടക്കാൻ കഴിയാതെയായി. 16X16 ബോർഡിൽ കളിക്കുന്ന ചൈനീസ് ഗെയിമായ ഗോ പോലുള്ള, തന്ത്രപരവും നിരവധി അളവുകോലുകൾ ഉള്ളവയുമായ ഗെയിമുകളിൽ മനുഷ്യൻ്റെ മനസ്സിൻ്റെ ശക്തികൊണ്ട് കമ്പ്യൂട്ടറുകളെ മറികടക്കാൻ കഴിയുമെന്ന് കാസ്പറോവ് പറയുന്നു. എന്നാൽ ചെസ്സിൽ ഇനി ഇത് സാധ്യമല്ല
നീമാൻ്റെ നീക്കങ്ങൾ വിദൂരത്തുള്ള കമ്പ്യൂട്ടറുകൾ വിശകലനം ചെയ്ത്, ബോഡി സ്കാൻ പോലുള്ള പരിശോധനകളിൽ തിരിച്ചറിയാൻ കഴിയാത്ത ഉപകരണങ്ങൾ വഴി മികച്ച നീക്കങ്ങൾ അദ്ദേഹവുമായി ആശയവിനിമയം നടത്തുന്നുണ്ട് എന്നാണ് ആരോപണം. മുൻപ് കളിക്കാർ മൊബൈൽ ഫോണുകൾ പോലുള്ള ഉപകരണങ്ങൾ ബാത്ത്റൂമിലും മറ്റും ഒളിച്ചുവെയ്ക്കുകയും നിർണ്ണായക സന്ദർഭങ്ങളിൽ സ്വന്തം മനസ്സിൻ്റെ തീരുമാനത്തെ ആശ്രയിക്കാനാകില്ല എന്ന് തോന്നുമ്പോൾ ഇവയുടെ സഹായം തേടുകയും ചെയ്യുമായിരുന്നു.
ദീർഘനേരത്തെ കളിക്ക് ശേഷം കളിക്കാർ ക്ഷീണിതരായിരിക്കുമ്പോൾ ഇതെല്ലാം കളിയെ വലിയ തോതിൽ സ്വാധീനിച്ചേക്കാം. മുൻപു പോലും കളിക്കാർ പരിശീലകരോടോ മറ്റ് ആളുകളോടെ ഉപദേശം തേടുന്ന രീതിയുണ്ടായിരുന്നു. ഇവരുടെ ചെറിയ നിർദ്ദേശങ്ങൾ പോലും ചിലപ്പോൾ കളി മാറ്റിമറിച്ചേക്കാം. എന്നാൽ, ശക്തമായ നിയമങ്ങൾ പാലിക്കുന്ന ഇപ്പോഴത്തെ ഓഫ്ലൈൻ ടൂർണ്ണമെൻ്റുകളിൽ പുറത്തുനിന്നുള്ള സഹായം തേടുന്നത് അസാധ്യമാണ് - അല്ലെങ്കിൽ നിലവിലെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അസാധ്യമാണെന്ന് കരുതപ്പെട്ടിരുന്നു.
ചെസ് കളിക്കാരൻ്റെ ശരീരത്തിൽ എവിടെയെങ്കിലും എന്തെങ്കിലും ഉപകരണം ഒളിപ്പിക്കാൻ ഇടമുണ്ടെങ്കിൽ ഒന്നുകിൽ അത് കണ്ടെത്തണം അല്ലെങ്കിൽ ആരോപണം അന്വേഷിച്ച് തള്ളിക്കളയണം. ചെസ്സിൻ്റെ മാന്ത്രികതയും നിഗൂഢതയും നിലനിർത്തുന്നതിന് അത് മനുഷ്യ മസ്തിഷ്കങ്ങൾ തമ്മിലുള്ള മത്സരമായി തന്നെ നിലനിൽക്കുകയാണ് വേണ്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.