• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

മലയാളിയുടെ ലോകകപ്പ് ഭ്രമം കുറഞ്ഞു


Updated: July 11, 2018, 6:10 PM IST
മലയാളിയുടെ ലോകകപ്പ് ഭ്രമം കുറഞ്ഞു

Updated: July 11, 2018, 6:10 PM IST
ലോകം മുഴുവൻ കാൽപ്പന്തുകളിയെ നെഞ്ചേറ്റുമ്പോഴും പൊതുവെ ക്രിക്കറ്റിനോടാണ് ഇന്ത്യക്കാർക്ക് പ്രിയം. എന്നാൽ ക്രിക്കറ്റ് പോലെ ഫുട്ബോളിനെ ഒരുപാട് സ്നേഹിക്കുന്നവരാണ് മലയാളികൾ. ബ്രസീലിനെയും അർജന്‍റീനയെയുമൊക്കെ സ്വന്തം രാജ്യത്തെപോലെ കാണുന്നവർ. ഓരോ ലോകകപ്പ് കാലവും മലയാളിക്ക് ഉൽസവമാണ്, പ്രത്യേകിച്ചും മലബാറിലൊക്കെ. ലോകകപ്പ് എത്തുന്നതോടെ ബ്രസീലിന്‍റെയും അർജന്‍റീനയുടെയുമൊക്കെ ആരാധകർ നാട്ടിടവും റോഡുമൊക്കെ കൈയടക്കും. ഫ്ലക്സും ബാനറുമൊക്കെയായി കേരളത്തിലെമ്പാടും ആഘോഷമായിരിക്കും. ഇത്തവണയും ആവേശമൊട്ടും ചോരാതെ തന്നെ മലയാളികൾ ലോകകപ്പിനെ വരവേറ്റു. എന്നാൽ ഓരോ കളി കഴിയുന്തോറും മലയാളികൾ നിരാശരായി. തങ്ങളുടെ പ്രിയ ടീമുകളൊക്കെ പുറത്താകുന്നു. ലോകകപ്പ് കലാശപ്പോരിലേക്ക് എത്തുമ്പോൾ മലയാളികളിൽ 90 ശതമാനത്തിന്‍റെയും പ്രിയ ടീമുകൾ പുറത്തായി കഴിഞ്ഞു. ഇതോടെ മലയാളികളിൽ വലിയൊരു പങ്കും ലോകകപ്പിനെ കൈവിടാൻ തുടങ്ങി.

ആദ്യ ജർമനി പിന്നെ സ്പെയിനും അർജന്‍റീനയും...

പണ്ടുകാലം മുതൽക്കേ കാൽപ്പന്തിന്‍റെ ഹൃദയതാളമായിരുന്നു മലയാളിക്ക്. അതുകൊണ്ടുതന്നെ പെലെയും മറഡോണയും ഇപ്പോ മെസിയും നെയ്മറുമൊക്കെമൊക്കെ അവർക്ക് പ്രിയപ്പെട്ടവരായി. ബ്രസീൽ, അർജന്‍റീന, ജർമനി, ഇറ്റലി, ഹോളണ്ട്, സ്പെയിൻ, ഫ്രാൻസ് എന്നീ ടീമുകളെയാണ് ഭൂരിഭാഗം മലയാളികളും ആരാധിച്ചിരുന്നത്. ഇറ്റലിയും ഹോളണ്ടും യോഗ്യത നേടാതിരുന്നത് ഒരുകൂട്ടം ആരാധകരെ വേദനിപ്പിച്ചു. ഇത്തവണയും ലോകകപ്പിന് കളിത്തട്ടുണർന്നപ്പോൾ അർജന്‍റീനയെയും ബ്രസീലിനെയും ആവേശത്തോടെ വരവേറ്റു. ഫ്ലക്സും സംവാദങ്ങളുമൊക്കെയായി നാട്ടിടങ്ങൾ ആരാധകർ കൈയടക്കി. സ്വന്തം വാഹനങ്ങൾക്കും വീടിനുമൊക്കെ ഇഷ്ട ടീമിന്‍റെ ജഴ്സി നിറം പെയിന്‍റ് ചെയ്ത് വർണാഭമാക്കി. ആദ്യ റൌണ്ട് അവസാനിച്ചപ്പോൾ ശരിക്കും ഞെട്ടിയത് ജർമൻ ആരാധകരാണ്. കഴിഞ്ഞ ലോകകപ്പുകളിൽ ലോകചാംപ്യൻമാർക്ക് പണികൊടുത്ത ദുർഭൂതം ഇത്തവണ ജർമനിയെ പിടികൂടി. ദക്ഷിണകൊറിയയോട് തോറ്റ് ജർമനി പ്രീ ക്വാർട്ടർ കാണാതെ പുറത്ത്. ജർമൻ ആരാധകരിൽ ഭൂരിഭാഗം പേർക്കും ലോകകപ്പിനോടുള്ള താൽപര്യം നഷ്ടമായി. ഉറക്കമൊഴിഞ്ഞ് ലോകകപ്പ് കാണുന്ന പരിപാടി നിർത്തിയെന്നാണ് കടുത്ത ജർമൻ ആരാധകനായ ടെക്നോപാർക്കിലെ സോഫ്റ്റ് വെയർ എഞ്ചിനിയർ സമീഷ് പറയുന്നത്.

ഐസ് ലൻഡിനോട് സമനിലയിലാകുകയും ക്രോയേഷ്യയോട് തോൽക്കുകയും ചെയ്ത അർജന്‍റീനയും പോർച്ചുഗലിനോട് സമനിലയിൽ കുടുങ്ങിയ സ്പെയിനുമൊക്കെ ആദ്യ റൌണ്ട് കടമ്പ കടന്നപ്പോഴാണ് ഈ ടീമിന്‍റെ മലയാളി ആരാധകർ ശരിക്കും ശ്വാസംവിട്ടത്. എന്നാൽ സ്വിറ്റ്സർലൻഡിനോട് സമനിലയിൽ കുരുങ്ങിയെങ്കിലും ശേഷിച്ച രണ്ടു മൽസരങ്ങളും ജയം കണ്ടെത്തിയത് ബ്രസീൽ ആരാധകർക്ക് ആത്മവിശ്വാസമായി. ജർമനിയുടെ പുറത്താകൽകൊണ്ട് കാര്യങ്ങൾ അവസാനിക്കുന്നില്ലെന്ന് കാണിച്ചുതരുന്നതായിരുന്നു പ്രീ ക്വാർട്ടർ. ഗ്രൂപ്പിൽ രണ്ടാമതായതോടെ അർജന്‍റീനയ്ക്ക് ഫ്രാൻസിനെ നേരിടേണ്ടിവന്നു. ഉണർന്നെഴുന്നേറ്റ് അർജന്‍റീന മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഫ്രാൻസിന്‍റെ ചോരത്തിളപ്പിനെ മറികടക്കാൻ അത് മതിയായില്ല. ദുരന്തസമാനമായിരുന്നു മലയാളി ആരാധകർക്ക് അർജന്‍റീനയുടെ പുറത്താകൽ. അതോടെ പകുതിയോളം ഫുട്ബോൾ ആരാധകർക്ക് ലോകകപ്പിനോടുള്ള താൽപര്യം തന്നെ നഷ്ടമായി. അർജന്‍റീനയുടെ ഫ്ലക്സുകൾ അവർതന്നെ നീക്കി. ഇതോടെ കോഴിക്കൂടിന് മേൽക്കൂരയാക്കാമെന്ന ട്രോളുകൾ സോഷ്യൽമീഡിയയിൽ നിറഞ്ഞു. അർജന്‍റീനയെ ഹൃദയവികാരമായാണ് കാണുന്നതെന്നും പുറത്തായതുകൊണ്ട് ആ ടീമിനോട് ഇഷ്ടം കുറയില്ലെന്നും ആരാധകർ ഫേസ്ബുക്കിൽ കുറിച്ചു. ഖത്തർ ലോകകപ്പിനായി കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു. അവിടെ മെസി ലോകകിരീടം നേടുമെന്നും ആരാധകർ പ്രത്യാശിച്ചു. എന്നാൽ ഈ ലോകകപ്പിനോടുള്ള താൽപര്യം അവരിൽ മിക്കവർക്കും ഇല്ലാതായി.

സ്പെയിൻ ആരാധകർക്കും നിരാശയായിരുന്നു ഫലം. ഇത്തവണ ലോകകപ്പിന് മുമ്പ് കിരീടം നേടാൻ ഏറെ സാധ്യതയുള്ള ടീമായിരുന്നു സ്പെയിൻ. എന്നാൽ ആദ്യ കളിയിൽ റൊണാൾഡോയ്ക്ക് മുന്നിൽ സമനില സമ്മതിച്ച സ്പെയിന് പിന്നീട് ശക്തമായ തിരിച്ചുവരവ് സാധ്യമായില്ല. ഒടുവിൽ പ്രീ ക്വാർട്ടറിൽ റഷ്യയോട് ഷൂട്ടൌട്ടിൽ തോറ്റ് പുറത്തായി. നല്ലൊരു വിഭാഗം വരുന്ന സ്പാനിഷ് ആരാധകരും പതിയെ ലോകകപ്പിനോട് മുഖംതിരിച്ചുതുടങ്ങി. ടിവിക്ക് മുന്നിൽ കുത്തിയിരുന്ന് കളി കണ്ടിരുന്നവർ ഇടയ്ക്കിടെ സ്കോർ നോക്കാൻ വേണ്ടി മാത്രമായി ലോകകപ്പ് ചാനൽ വെക്കാൻ തുടങ്ങി. അപ്പോഴും ബ്രസീൽ എന്ന വമ്പൻ ലോകകപ്പിൽ തുടരുന്നുണ്ടായിരുന്നു. വലിയൊരു വിഭാഗം മലയാളി ആരാധകർ ബ്രസീലിനൊപ്പമുണ്ടായിരുന്നു. പ്രീ ക്വാർട്ടറിൽ കരുത്തരായ മെക്സിക്കോയെ തകർത്തതോടെ ബ്രസീൽ ആരാധകർ ശരിക്കും ആനന്ദലഹരിയിലായി. ഈ ലോകകപ്പ് തങ്ങൾക്ക് തന്നെയെന്ന് അവർ ഉറക്കെ പ്രഖ്യാപിച്ചു. നാട്ടുവഴികളിലും നഗരങ്ങളിലുമൊക്കെ ടീമിന് അഭിവാദ്യവുമായി കൂടുതൽ ഫ്ലെക്സുകൾ വന്നു. സോഷ്യൽമീഡിയയിൽ അർജന്‍റീനയുടെയും പുറത്തായ മറ്റ് ടീമുകളുടെയും ആരാധകരെ കുത്തിനോവിക്കാനും അവർ മറന്നില്ല.

ഒടുവിൽ ബ്രസീലും...

ക്വാർട്ടറിൽ ബെൽജിയത്തോടുള്ള ഏറ്റുമുട്ടൽ അൽപം ആശങ്കയോടെയാണ് ബ്രസീൽ ആരാധകർ കണ്ടത്. മൽസരത്തിൽ അവർ ഭയന്നത് സംഭവിച്ചു. തുടക്കത്തിലേ രണ്ടു ഗോൾ വഴങ്ങിയ ബ്രസീലിന് പിന്നെ തിരിച്ചുവരാനായില്ല. ഒരു ഗോൾ മടക്കി പരാജയഭാരം കുറച്ചത് മാത്രം മിച്ചം. ബ്രസീലിന്‍റെ പുറത്താകൽ ആരാധകർക്ക് ഹൃദയഭേദകമായി. പലർക്കും ഉറക്കംപോലും നഷ്ടമായി. ബ്രസീൽ തോറ്റശേഷമുള്ള ദിവസങ്ങളിൽ ശരിക്കും ഉറങ്ങാൻ പോലും സാധിക്കുന്നില്ലെന്നാണ് മഞ്ചേരിയിൽ പ്ലസ് ടു സ്കൂൾ അധ്യാപകനായ ഷെനീർ പറയുന്നത്. എന്നാൽ ഹൃദയം തകർന്നിരുന്ന അർജന്‍റീനയുടെയും ജർമനിയുടെയും സ്പെയിനിന്‍റെയുമൊക്കെ ആരാധകർക്ക് അൽപം ആശ്വാസമായി ബ്രസീലിന്‍റെ തോൽവി. മുമ്പ് ട്രോളിയവർക്ക് മറുട്രോളുമായി ബ്രസീലിന്‍റെ തോൽവി അവർ ആഘോഷിച്ചു.
Loading...

ആവേശമില്ലാതെ കലാശപ്പോരിലേക്ക്...

സെമിഫൈനൽ ലൈനപ്പായപ്പോൾ ഭൂരിഭാഗം വരുന്ന മലയാളി ആരാധകർക്കും പ്രിയപ്പെട്ട ഒരു ടീമും അവിടെയില്ലായിരുന്നു. ഫ്രാൻസിനോടും ഇംഗ്ലണ്ടിനോടും ഇഷ്ടമുള്ള കുറച്ചുപേരിൽ മാത്രമായി ലോകകപ്പ് ആവേശം ചുരുങ്ങി. അർജന്‍റീനയും ബ്രസീലും പുറത്തായതോടെ മലയാളിയുടെ ലോകകപ്പ് ആവേശം കെട്ടടങ്ങിയതുപോലെയായി. ലോകകപ്പ് തുടങ്ങിയപ്പോൾ ചൂടുംചൂരുമുള്ള സംവാദങ്ങളും വാഗ് വാദങ്ങളുമൊക്കെയായി മുഖരിതമായ അന്തരീക്ഷം സെമിഫൈനൽ ആയപ്പോഴേക്കും നിശബ്ദമായി. ടീമിന്‍റെയും താരങ്ങളുടെയും വീരസ്യം വിളമ്പിയ ഫ്ലെക്സുകൾ ആരാധകർ തന്നെ മാറ്റി. ടീമിന്‍റെ പതാകകളും താരങ്ങളുടെ കട്ടൌട്ടുകളുമൊക്കെ മാറ്റിയതോടെ നാട്ടിടങ്ങളിലെ ലോകകപ്പ് ആവേശം ഇല്ലാതായി.

ക്ലബുകളിലും മറ്റും ബിഗ് സ്ക്രീനിൽ കളി കാണാൻ തടിച്ചുകൂടിയവരുടെ എണ്ണം കുറഞ്ഞു. മലബാറിൽ ഉൾപ്പടെ പല സ്ഥലങ്ങളിലും ബിഗ് സ്ക്രീനിൽ കളി കാണിക്കുന്നത് നിർത്തുകയും ചെയ്തു. തങ്ങളുടെ പ്രിയ ടീം പുറത്തായതോടെ പ്രൊജക്ടറും മറ്റും വാടകയ്ക്ക് എടുത്ത് നാട്ടുകാരെ കളി കാണിക്കേണ്ട കാര്യമില്ലെന്നാണ് ക്ലബ് ഭാരവാഹികളും മറ്റും വേദനയോടെ പറയുന്നത്. അർജന്‍റീനയും ബ്രസീലുമൊക്കെ പുറത്തായപ്പോൾ കേരളത്തിൽ ലോകകപ്പ് സംപ്രേക്ഷണം ചെയ്യുന്ന ചാനലുകളിലെ റേറ്റിങ് കുത്തനെ കുറഞ്ഞതായാണ് സൂചന. ഇതുസംബന്ധിച്ച അന്തിമ കണക്ക് പുറത്തുവരുമ്പോൾ കാഴ്ചക്കാരുടെ എണ്ണം എത്രകണ്ട് കുറഞ്ഞുവെന്നത് വ്യക്തമാകുകയുള്ളു. ഏതായാലും റഷ്യൻ ലോകകപ്പിനെ ഏറെക്കുറെ മലയാളി കൈവിട്ടിരിക്കുന്നുവെന്ന് നിസംശയം പറയാം.
First published: July 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...