• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മലയാളി മറക്കാത്ത ലോകകപ്പ്


Updated: July 16, 2018, 1:20 PM IST
മലയാളി മറക്കാത്ത ലോകകപ്പ്

Updated: July 16, 2018, 1:20 PM IST
കാൽപ്പന്ത് കളിയുടെ ലോകമാമാങ്കത്തിന് ഫ്രാൻസിന്‍റെ കിരീടധാരണത്തോടെ റഷ്യൻ മണ്ണിൽ കൊടിയിറക്കം. ഒരു മാസത്തോളം നീണ്ട ലോകകപ്പ് ആവേശം നമ്മുടെ നാട്ടിലും വാനോളമുയർന്നു. ഈ ലോകകപ്പ് ആരംഭിച്ചശേഷം വാർത്തകളിൽനിറഞ്ഞ നാട്ടുകാഴ്ചകളും വിശേഷങ്ങളും അനവധിയാണ്. അവയിൽ അവിസ്മരണീയമായ ചില മുഹൂർത്തങ്ങളിലൂടെ...

1. നൊമ്പരമായി ദിനു

മെസിയുടെയും അർജന്‍റീനയുടെയും കടുത്ത ആരാധകനായിരുന്നു കോട്ടയം ആറുമാനൂർ സ്വദേശി ദിനു അലക്സ്. അതുകൊണ്ടുതന്നെ അർജന്‍റീനയുടെ തോൽവി അവന് സഹിക്കാനായില്ല. അര്‍ജന്റീന തോറ്റതോടെ ഇനി തനിക്ക് ലോകത്തില്‍ ഒന്നും കാണാനില്ലെന്നും മരണത്തിലേക്ക് പോവുകയാണെന്നും കുറിപ്പ് എഴുതി വെച്ച് അവൻ ജീവനൊടുക്കി. പുഴയിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു ഡിനു.

ദിനു, നിന്റെ മിശിഹ ഉയിർത്തെഴുന്നേറ്റത് കാണാൻ നീ ഇല്ലാതെ പോയല്ലോ...

2. അർജന്‍റീന കപ്പടിക്കുന്നതും കാത്തിരുന്ന ഫിലിപ്പേട്ടൻ
Loading...
ഫുട്ബോൾ ആരാധനയ്ക്ക് പ്രായം ഒരു വിഷയമേയല്ല. 105-ാം വയസിലും ഫുട്‌ബോളിനെ ജീവനുതുല്യം പ്രണയിക്കുന്ന കോട്ടയം കുമരകം സ്വദേശി ഫിലിപ്പ് ലോകകപ്പ് കാലത്ത് വാർത്തകളിൽ നിറഞ്ഞു. ഫുട്‌ബോളിനെ സ്‌നേഹിക്കുന്നത് എന്താ ഇത്ര വലിയ കാര്യം എന്ന് ചിന്തിക്കുന്നവരുണ്ടാകാം. എന്നാൽ അര്‍ജന്റീന ഫാനായ ഫിലിപ്പേട്ടന് വയസ് 105 ആണ്. ഇത്തവണ അര്‍ജന്റീന കപ്പടിക്കുന്നത് കാണാന്‍ മറ്റാരെക്കാളും ആത്മവിശ്വാസത്തോടെയാണ് ഫിലിപ്പേട്ടന്‍ കാത്തിരിക്കുന്നത്. അര്‍ജന്റീനയെ കുറിച്ച് ചോദിച്ചാല്‍ വാചലനാകുന്ന ഫിലിപ്പേട്ടന്റെ ആരാധനാപാത്രം മെസിയാണ്. ഫൗള്‍ ഒന്നും ചെയ്യാത്ത വളരെ നല്ല കളിക്കാരന്‍ ആയതുകൊണ്ടാണ് മെസിയെ ഇത്രയും സ്‌നേഹിക്കുന്നതെന്നും അദ്ദേഹം പറയുന്നത്.

അര്‍ജന്റീന കപ്പടിക്കുന്നതും കാത്ത് ഫിലിപ്പേട്ടന്‍

3. ഷൈജുവിന്‍റെ കളിപറച്ചിൽ ബംപർ ഹിറ്റായി

റഷ്യന്‍ ലോകകപ്പില്‍ കളിക്കളത്തിന് പുറത്തും ആരാധകരെ നേടിയെടുത്തവല്‍ ഒരാളാണ് മലയാളി കമന്റേറ്റര്‍ ഷൈജു ദാമോദരന്‍. പുല്‍മൈതാനത്തെ കളിയാവേശം ഒട്ടും ചോരാതെ, മലയാളത്തില്‍ വെടിക്കെട്ട് കമന്ററിയിലൂടെ ടി.വി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചതിലൂടെയാണ് ഷൈജു ദാമോദരന്‍ കളിപ്രേമികളുടെ മനസില്‍ ഗോള്‍ മഴ പെയ്യിച്ചത്. മലയാളികളെ മാത്രമല്ല, ഇതരഭാഷക്കാരെയും തന്റെ വിസ്‌ഫോടനാത്മകമായ കമന്ററിയിലൂടെ ഷൈജു കൈയിലെടുത്തു. ഭാഷ മനസിലായില്ലെങ്കിലും ഷൈജുവിന്റെ കമന്ററി കേട്ടാല്‍ ഏതു കളിപ്രേമിയും ആവേശത്തേരിലേറും. വിരസമായ കളിയാണെങ്കിലും ഷൈജുവിന്റെ കമന്ററി കേട്ടാല്‍ ആവേശത്തിന് ഒട്ടും കുറവുണ്ടാകില്ല. മഹീന്ദ്രാ ഗ്രൂപ്പിന്റെ മേധാവി ആനന്ദ് മഹീന്ദ്ര പോലും താൻ ഷൈജുവിന്റെ മലയാളത്തിലുള്ള കളിപറച്ചിലാണ് കേട്ടതെന്ന് തുറന്നു പറയുകയുണ്ടായി.

കളിപറച്ചിലിലെ നാടന്‍ ശൈലികളുടെയും പഴമൊഴികളുടെയും സിനിമാ ഡയലോഗുകളുടെയും കുത്തൊഴുക്കാണ് കളിപ്രേമികളുടെ ഹൃദയം കീഴടക്കിയത്. അദ്ദേഹത്തിന്റെ കമന്ററി ഭാഷകളുടെ അതിര്‍വരമ്പുഭേദിച്ച് മുന്നേറുന്നതും ഈ ലോകകപ്പിൽ കണ്ടു. ഷൈജുവിന്റെകമന്ററിയുള്ള കളിയാണ് കാണുന്നതെന്ന് റഷ്യയിലെ ഫിഫയുടെ മീഡിയ ഓഫീസര്‍ ക്രിസ്റ്റഫര്‍ രാജ് തന്നെ വെളിപ്പെടുത്തി. കഴിഞ്ഞ ലോകകപ്പിന് മലയാളം കമന്ററി ഇല്ലായിരുന്നു. എന്നാല്‍ ഇത്തവണ മലയാളം കമന്‍ററി പുത്തന്‍ ട്രെന്‍ഡായി. ഫുട്‌ബോള്‍ മാമാങ്കമായി മലയാളികള്‍ റഷ്യന്‍ ലോകകപ്പിനെ കൊണ്ടായതിനൊപ്പം ഷൈജുവിന്റെ കളി പറച്ചിലും സൂപ്പർ ഹിറ്റായി.​

4. മലയാളത്തിൽ ടീം പ്രഖ്യാപിച്ച് സൗദി അറേബ്യ

സൗദി അറേബ്യയുടെ ലോകകപ്പ്​ ടീമിനെ പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക പരസ്യ വീഡിയോ ആണ് മലയാളികൾക്ക് അഭിമാനമായത്. ​ലോകകപ്പിനുള്ള 23 അംഗ അന്തിമ ടീമിനെ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ വീഡിയോ പുറത്തിറങ്ങിയത്​. സൗദി അറേബ്യൻ ഫുട്​​ബാൾ ഫെഡറേഷൻ, ജനറൽ സ്​പോർട്​സ്​ അതോറിറ്റി, മിനിസ്​ട്രി ഓഫ്​ മീഡിയ, സെ​​​​ൻറർ ഫോർ ഗവൺമ​​​​ൻറ്​ കമ്യൂണിക്കേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള വീഡിയോ സൗദി അറേബ്യയുടെ സംസ്​കാരവും ഫുട്​ബാൾ ആവേശവും വിളിച്ചോതുന്നതാണ്. വീഡിയോയിൽ ഓരോ കളിക്കാരനെയും പേരുകൾ പല വിധത്തിലാണ് പുറത്തുവിടുന്നത്.​ നിരത്തിലും കോളജിലും കെട്ടിട നിർമാണ രംഗത്തും ഓഫീസിലും ആശുപ​ത്രിയിൽ ശസ്​ത്രക്രിയ മേശയിലും കോഫിഷോപ്പിലും തിയേറ്ററിലും വീട്ടിലും കുട്ടികളുടെ കളിക്കളത്തിലും കാറിലും വീഡിയോ ഗെയിമിലും ഓരോ കളിക്കാരുടെയും പേരുകൾ അറിയിക്കുകയാണ്. അവസാനം ബാർബർ ഷോപ്പിൽ ഒരു റേഡിയോയിലൂടെ മലയാളത്തിലും പ്രഖ്യാപനം എത്തുന്നു. ‘ലോകകപ്പിൽ പങ്കെടുക്കുന്ന സൗദി ടീമി​​​​ന്റെ പട്ടികയിൽ അബ്​ദുൽ മാലിക്​ അൽഖൈബരി ഉൾപ്പെട്ടിട്ടുണ്ടെന്ന്​ നിങ്ങൾക്കറിയാമോ?’ എന്ന് മലയാളത്തിലും പ്രഖ്യാപനം എത്തുകയാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ തരം​ഗമായി കഴിഞ്ഞു. ലക്ഷക്കണക്കിന് ആളുകളാണ്വീഡിയോ കണ്ടത്.​

മലയാളത്തിൽ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് സൗദി

5. പ്രായം തളർത്താത്ത പോരാളി

ഫുട്ബോളിന്‍റെ പെരുങ്കളിയാട്ടം റഷ്യയിലായിരുന്നു. എന്നാൽ അതിന്‍റെ ആവേശം കേരളത്തിൽ അങ്ങോളമിങ്ങോളം നിറഞ്ഞുനിന്നു. പ്രായത്തിനുപോലും മറികടക്കാനാകാത്ത ഈ ഫുട്ബോൾ ആവേശത്തിന്‍റെ നേർക്കാഴ്ചയായി മാറുകയാണ് കേരള ടൂറിസം പുറത്തിറക്കിയ വീഡിയോയിലെ ജെയിംസേട്ടൻ. അറുപതാം വയസിലും പതിനാറുകാരനെപ്പോലെ പന്ത് തട്ടുന്ന ജെയിംസേട്ടന്‍റെ വീര്യമാണ് വീഡിയോയുടെ ഇതിവൃത്തം. ഇപ്പോൾ ട്രക്ക് ഓടിക്കുന്ന ജെയിംസേട്ടൻ യൌവ്വനകാലത്ത് തന്‍റെ നാട്ടിലെ സൂപ്പർതാരമായിരുന്നു. അമ്പലവയൽ എഫ് സിക്കുവേണ്ടി ഡിഫൻഡറായാണ് ജെയിംസേട്ടൻ കളിച്ചിരുന്നത്. അന്നത്തെ കളിയും ഒപ്പം കളിച്ചിരുന്നവരെയുമൊക്കെ അദ്ദേഹം തന്നെ നമുക്ക് പരിചയപ്പെടുത്തിത്തരുന്നു. അന്നത്തെ ഗോൾ കീപ്പറും മിഡ് ഫീൽഡറുമൊക്കെ അദ്ദേഹത്തോടൊപ്പം പന്ത് തട്ടുന്നുണ്ട്. ഇന്നും വൈകുന്നേരങ്ങളിൽ പുതുതലമുറയ്ക്കൊപ്പം പന്തുതട്ടാൻ കൂടാറുണ്ട് ജെയിംസേട്ടൻ. ചെറുപ്പക്കാർ ക്ഷീണിക്കുമ്പോഴും ഒരു പോരാളിയെപ്പോലെ പന്തുമായി കുതിക്കുന്ന ജെയിംസേട്ടൻ നാട്ടിലെ കളി പ്രേമികൾക്ക് ആവേശമാണ്.

അറുപതുകാരന്‍റെ പന്ത് കളിക്ക് പതിനാറിന്‍റെ തിളക്കം

6. ഷിഹാബിന്‍റെ പ്രവചനം അത്ഭുതമായി

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളിയായ യുവാവ് സെമി ഫൈനല്‍, ഫൈനല്‍ ലൈനപ്പും വിജയികളെയും കൃത്യമായി പ്രവചിച്ച് ശ്രദ്ധേയനായി.. ജൂണ്‍ 26ന് തന്റെ ഫേസ്ബുക്കിലൂടെ ഷിഹാബ് എ ഹസന്‍ ആണ് കൃത്യമായ പ്രവചനം നടത്തിയത്.

ലോകകപ്പ് ആരംഭിക്കുന്നതിന് മുന്‍പും ആരംഭിച്ചതിനുശേഷവും ഫലപ്രവചനങ്ങളും ആരംഭിച്ചിരുന്നു. ബഹുഭൂരിപക്ഷം പ്രവചനങ്ങളിലും സാധ്യത കല്‍പ്പിച്ചതാകട്ടെ ബ്രസീലിനും ജര്‍മനിക്കും. ജര്‍മനി ഗ്രൂപ്പ് ഘട്ടത്തിലും ബ്രസീല്‍ ക്വാര്‍ട്ടറിലും പുറത്തായശേഷവും പ്രവചനങ്ങളില്‍ കൃത്യത കാണിക്കാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല.

എന്നാൽ, സെമിയില്‍ ഫ്രാന്‍സ്- ബെല്‍ജിയം പോരാട്ടവും ക്രൊയേഷ്യ -ഇംഗ്ലണ്ട് മത്സരവും ഷിഹാബ് കൃത്യമായി പ്രവചിച്ചു. കൂടാതെ ഫൈനലില്‍ ഫ്രാന്‍സും ക്രൊയേഷ്യയും തമ്മില്‍ ഏറ്റുമുട്ടുമെന്നും ഫ്രാന്‍സ് ലോകകപ്പ് നേടുമെന്നും ഷിഹാബ് പ്രവചിച്ചിരുന്നു.അര്‍ജന്റീന ആരാധകനായ ഷിഹാബ് പത്തു വര്‍ഷമായി സൗദി അറേബ്യയിലെ ജുബൈലില്‍ തഹ്‌സീബ് എഞ്ചിനീയറിങ് കമ്പനിയില്‍ കമ്മീഷനിങ് എഞ്ചിനീയറായി ജോലി ചെയ്യുന്നു. ഏറണാകുളം ജില്ലയില്‍ ചേരാനല്ലൂര്‍ ആണ് സ്വദേശം. എഴുത്തുകാരന്‍ കൂടിയായ ഷിഹാബ് അടയാളം, മോഷ്ടിക്കപ്പെട്ട പെയിന്റിംഗുകള്‍ എന്നീ രണ്ടു കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൗദിയില്‍ നടന്ന വിവിധ കഥാമത്സരങ്ങളില്‍ സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

ഇതുവരെ, വളരെ ശരിയാണ്... ലോകകപ്പ് കൃത്യമായി പ്രവചിച്ച് പ്രവാസി മലയാളി

7. മലയാളിയെ മെസിയും തിരിച്ചറിഞ്ഞുകേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ മെസിയുടെ വീഡിയോയില്‍ വന്നത് വലിയ വാർത്തയായിരുന്നു. ലോകകപ്പിന്റെ ഭാഗമായി ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള ആരാധകരുടെ ആവേശപ്രകടനങ്ങള്‍ ഉള്‍പ്പെടുത്തി മെസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മലയാളി മയം.

ഒരു മിനിറ്റും അഞ്ചു സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മൂന്നുതവണ മലയാളി ഫുട്‌ബോള്‍ ആരാധകരുടെ ആവേശം കാണാം. എറണാകുളം ചെല്ലാനത്ത് സ്ഥാപിച്ച മെസിയുടെ കൂറ്റന്‍ കട്ടൗട്ട്, അദ്ദേഹത്തിന്റെ ചിത്രം കയ്യില്‍ പിടിച്ച് അര്‍ജന്റീന ജഴ്‌സിയില്‍ ആര്‍ത്തുവിളിക്കുന്ന ആരാധകര്‍ എന്നിവയെല്ലാം വീഡിയോയിലുണ്ട്.

കേരളത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടതോടെ വീഡിയോക്ക് ലൈക്കുകളും കമന്റുകളുമായി മലയാളികളും രംഗത്തെത്തിയിരുന്നു.

മെസിയുടെ ഫേസ്ബുക്ക് വീഡിയോയില്‍ നിറഞ്ഞ് മലയാളികളുടെ ആവേശവും

8. ബ്രസീലിന്‍റെ തോൽവിയിൽ മനംനൊന്ത കുട്ടി ആരാധകൻ സിനിമയിലേക്ക്!

ബ്രസീലിനെപ്പറ്റി ഒരക്ഷരം മിണ്ടരുതെന്ന് പറഞ്ഞ് വിലപിക്കുന്ന ബ്രസീലിന്റെ ചങ്ക് ഫാനായ കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. കുഞ്ഞുവിരലുകൾ ചൂണ്ടി നിറകണ്ണുകളോടെ ബ്രസീലിനെപ്പറ്റി ഒരക്ഷരം പറയരുതെന്ന് പരിഹസിക്കുന്ന ചേട്ടന്മാരോട് പറയുമ്പോഴും ബ്രസീൽ തോറ്റതിലെ നിരാശയല്ല, പകരം തോറ്റ ബ്രസീലിനെ കുറ്റപ്പെടുത്തുന്നതിലായിരുന്നു അവന്റെ സങ്കടം.

തോറ്റ ടീമിനെ എന്തിനാ കുറ്റപ്പെടുത്തുന്നതെന്നും അർജന്റീന തോറ്റപ്പോൾ ഞാൻ അർജന്റീനയെ എന്തേലും പറഞ്ഞോ എന്നുമൊക്കെ കുഞ്ഞു മനസ് വിങ്ങി അവൻ ചോദിക്കുന്നുണ്ട്. കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായതോടെ കുട്ടിയെ അന്വേഷിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ അനീഷ് ഉപാസന. പുതിയ ചിത്രമായ മധുരക്കിനാവിലേക്ക് വേണ്ടി ഈ കുട്ടിയെ ഒന്ന് തപ്പിയെടുത്ത് തരാമോ എന്നാവശ്യപ്പെട്ട് കുട്ടിയുടെ വീഡിയോ അടക്കം ഷെയർ ചെയ്ത്കൊണ്ട് അനീഷ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

ഒടുവിൽ കുട്ടിയെ കണ്ടെത്തിയതായി അനീഷ് തന്നെ അറിയിച്ചിരിക്കുകയാണ്. ചിന്തു എന്നാണ് ബ്രസീലിന്റെ ആ കുട്ടി ആരാധകന്റെ പേര്. ചിന്തുവിനോട് സംസാരിച്ചെന്നും ബ്രസീൽ തോറ്റതിന്റെ വിഷമം ഇപ്പോഴും അവന് മാറിയിട്ടില്ലെന്നും അനീഷ് മറ്റൊരു പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നു. കുട്ടിയെ തപ്പിയെടുത്ത് കൊടുത്തവർക്ക് അനീഷ് നന്ദി അറിയിച്ചിട്ടുണ്ട്. ശേഷം സ്ക്രീനിൽ കാണാം എന്നും അനീഷ് പറയുന്നു.

ബ്രസീലിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്; ചങ്കു തകർന്ന ചങ്ക് ഫാൻ സിനിമയിലേക്ക്
First published: July 16, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍