ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടത്തിൽ നേർക്കുനേർ പോരാടാൻ കാത്ത് നിൽക്കുന്ന ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റിക്കും ചെൽസിക്കും ഫൈനൽ മത്സരത്തിന് മുമ്പ് ചെറിയൊരു റിഹേഴ്സലിന് അവസരം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടാവകാശിയെ നിർണ്ണയിക്കുന്ന പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ നേരിടുന്നു. ഇന്ന് വിജയിച്ചാൽ സിറ്റിക്ക് കിരീടം ഉയർത്താം. സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്. ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ റിഹേഴ്സലായാണ് ലോക ഫുട്ബോൾ പ്രേമികൾ ഈ മത്സരത്തെ കാണുന്നത്. ഈ മാസം അവസാനമാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ.
പ്രീമിയർ ലീഗിലെ ഈ സീസണിൽ തകർപ്പൻ ഫോമിൽ മുന്നേറുന്ന സിറ്റിക്ക് ഒന്നാം സ്ഥാനത്ത് 80 പോയിന്റാണ് ഇപ്പോൾ ഉള്ളത്. ലീഗിൽ സിറ്റിയുടെ മേധാവിത്വം വ്യക്തമാകുക രണ്ടാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോയിൻ്റ് കൂടി നോക്കുമ്പോഴാണ്. രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡിന് 67പോയിൻ്റാണുള്ളത്. ഒന്നാം സ്ഥാനത്ത് 13 പോയിൻ്റിൻ്റെ ശക്തമായ ലീഡുമായാണ് സിറ്റി കുതിക്കുന്നത്. നാല് മത്സരങ്ങൾ മാത്രം അവശേഷിക്കുന്ന ലീഗിൽ ഇന്ന് ഒരു വിജയം നേടിയാൽ സിറ്റിക്ക് കിരീടം ഉറപ്പിക്കാം.
സിറ്റി കിരീടം ഉറപ്പിച്ച സ്ഥിതിക്ക് ലീഗിലെ മറ്റു ടീമുകൾ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായുള്ള കടുത്ത പോരാട്ടത്തിലാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം ചെൽസിക്ക് സിറ്റിയേക്കാൾ നിർണായകമാണ്. ഇന്ന് ജയിച്ചാൽ അവർക്ക് ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് എത്താൻ ആകും. ഇന്ന് പരാജയപ്പെട്ടാൽ ആകട്ടെ അവരുടെ നാലാം സ്ഥാനം തന്നെ ഭീഷണിയിലാവുകയും ചെയ്യും. അവസാനം ഇരുടീമുകളും എഫ് എ കപ്പ് സെമിയിൽ ഏറ്റുമുട്ടിയപ്പോൾ ചെൽസിക്ക് ആയിരുന്നു വിജയം. ഇന്ന് രാത്രി 10 മണിക്കാണ് മത്സരം.
Also Read- യുവേഫയുടെ ഭീഷണിയിലും കുലുങ്ങാതെ ബാഴ്‌സ, റയൽ, യുവന്‍റസ്; സൂപ്പർ ലീഗുമായി മുന്നോട്ട് തന്നെ
ഇന്ന് കിരീടം ഉയർത്തുക ആണെങ്കിൽ സിറ്റിയുടെ ഏഴാം ലീഗ് കിരീടമാകും അത്. അവസാന നാലു വർഷങ്ങൾക്ക് ഇടയിൽ സിറ്റി നേടുന്ന മൂന്നാം ലീഗ് കിരീടവും. നേരത്തെ ഇംഗ്ലീഷ് ലീഗ് കപ്പ് നേടിയിരുന്ന സിറ്റി പ്രീമിയർ ലീഗ് കിരീടവും തുടർന്ന് ചാമ്പ്യൻസ് ലീഗും കൂടി നേടി സീസണിൽ ട്രെബിൾ നേടാനുള്ള പുറപ്പാടിലാണ്.
അതേസമയം, ഈ മാസം അവസാനം നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ വേദി തുർക്കിയിൽ നിന്ന് മാറ്റണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ചെൽസി ആരാധക സംഘം. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് സർക്കാർ ബ്രിട്ടനിലെ ജനങ്ങൾ തുർക്കിയിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. തുർക്കിയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടിയതിനെ തുടർന്നാണ് ബ്രിട്ടൻ തങ്ങളുടെ പൗരന്മാർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയത്. തുടർന്നാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദി മാറ്റണമെന്ന ആവശ്യവുമായി ചെൽസി ആരാധകർ രംഗത്തെത്തിയത്.
മെയ് 29നാണ് പ്രീമിയർ ലീഗ് ടീമുകളായ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടം. തുർക്കിയിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയതോടെ ബ്രിട്ടനിൽ വെച്ച് ചാമ്പ്യൻസ് ലീഗ് ഫൈനൽ നടത്തണമെന്ന ആവശ്യവും പല ആരാധകരും മുന്നോട്ട് വെച്ചിട്ടുണ്ട്. നേരത്തെ 2020ലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ നടക്കേണ്ട വേദിയായിരുന്നു ഇസ്താംബൂളിലെ ഒളിമ്പിക് സ്റ്റേഡിയം. എന്നാൽ കഴിഞ്ഞ വർഷം കൊറോണ വൈറസ് വ്യാപനം ഉണ്ടായതോടെ മത്സരം ഇസ്താംബൂളിൽ നിന്ന് സ്പെയിനിലെ ലിസ്ബണിലെക്ക് മാറ്റിയിരുന്നു.
Summary-Manchester City and Chelsea comes face to face in Premier league staging a Champions league rehearsal
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chelsea, Football News, Man City, Premier League, UEFA Champions League