യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിലെ ആദ്യപാദത്തില്‍ പി എസ് ജിക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സിറ്റി വിജയിച്ചത്. പി എസ് ജിയുടെ ഹോംഗ്രൗണ്ടില്‍ രണ്ട് എവേ ഗോളുകള്‍ നേടിയാണ് സിറ്റി വരുന്നത്.
പാരീസില്‍ നടന്ന മത്സരത്തില്‍ രണ്ട് ടീമുകളും ആക്രമിച്ചു കൊണ്ടാണ് തുടങ്ങിയത്. പി എസ് ജി സ്വന്തം മൈതാനത്ത് അധികം സമയമെടുക്കാതെ മത്സരത്തില്‍ ലീഡും നേടി. 15ആം മിനുട്ടില്‍ ഒരു കോര്‍ണറില്‍ നിന്ന് പി എസ് ജിയുടെ സെന്റര്‍ ബാക്ക് മാര്‍ക്കിനസ് ആണ് ടീമിന് ലീഡ് നല്‍കിയത്. ഡീ മരിയ എടുത്ത മനോഹരമായ കോര്ണ്ര് കിക്ക് ഉയര്‍ന്നു ചാടി ഹെഡ് ചെയ്താണ് മാര്‍ക്കിനസ് ഗോള്‍ വല കുലുക്കിയത്. ആദ്യ ഗോളിന് ശേഷം ഇരു ടീമും ആക്രമിച്ച് കളിച്ചെങ്കിലും ഗോളുകളിലേക്ക് എത്തിയിരുന്നില്ല.
ആദ്യ പകുതിയുടെ അവസാനം ഫില്‍ ഫൊഡനിലൂടെ സമനില പിടിക്കാന്‍ സിറ്റിക്ക് അവസരം ലഭിച്ചെങ്കിലും ഫോഡന്റെ പവര്‍ഫുള്‍ ഷോട്ട് കെയ്ലര് നെവസ് അതി വിദഗ്ദമായി തടഞ്ഞിട്ടു. എന്നാല്‍ രണ്ടാം പകുതിയിലെ സിറ്റിയുടെ ഗംഭീര തിരിച്ചുവരവിനെ പ്രതിരോധിക്കാന്‍ നെവസിന് കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ ഡീബ്രൂയിന്‍ നിരുപദ്രവമെന്ന് തോന്നിക്കുന്ന ഒരു ചിപ് ചെയ്തതാണ് ഗോളായത്. ബോക്സിനുള്ളില്‍ ഹെഡ്ഡര്‍ ലക്ഷ്യമിട്ടായിരുന്നു ആ ചിപ്. പക്ഷേ, പന്ത് ആര്‍ക്കും ലഭിച്ചില്ല. ഗ്രൗണ്ടില്‍ വീണ പാടെ ടേണ്‍ ചെയ്ത് പന്ത് വലയിലേക്ക് വീണു.
മെഹ്റസിന്റെ ഒരു ഫ്രീകിക്കിലൂടെ 71ആം മിനുട്ടില്‍ സിറ്റി മത്സരത്തില്‍ ലീഡും നേടി. ഫ്രീകിക്ക് പ്രതിരോധിക്കാന്‍ നിന്ന പി എസ് ജിയുടെ പ്രതിരോധ മതിലിന്റെ പിഴവാണ് രണ്ടാം ഗോള്‍ വരാന്‍ കാരണം. ചാമ്പ്യന്‍സ് ലീഗില്‍ ലെസ്റ്റര്‍ സിറ്റിക്കായി മുമ്പ് ഫ്രീ കിക്ക് ഗോളടിച്ചതിന്റെ ഓര്‍മപുതുക്കല്‍ കൂടിയായിരുന്നു ആ ഗോള്‍. കളിയിലേക്ക് തിരികെ വരാന്‍ ശ്രമിക്കുന്നതിനിടയില്‍ പി എസ് ജിക്ക് അവരുടെ മധ്യനിര താരം ഇദ്രിസ ഗയെയും നഷ്ടമായി. ഗുണ്ടകനെ ഫൗള്‍ ചെയ്തതിനായിരുന്നു 77ആം മിനുട്ടില്‍ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് പിറന്നത്.
ബാഴ്സലോണക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ പെപ് ഗോര്‍ഡിയോളക്ക് മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം നേടിക്കൊടുക്കാനുള്ള സുവര്‍ണാവസരമാണിത്.കഴിഞ്ഞ ഫൈനലിലെ എതിരാളി ബയേണ്‍ മ്യൂണിക്കിനെ വീഴ്ത്തിയാണ് പി എസ് ജി സെമിയില്‍ പ്രവേശിച്ചത്. മറുവശത്ത് ലീഗ് കപ്പ് നേടിയ സിറ്റി പ്രീമിയര്‍ ലീഗ് കിരീടവും ഉറപ്പിച്ചതാണ്. മൂന്നാം കിരീടമായി ചാമ്പ്യന്‍സ് ലീഗും നേടാനാണ് സിറ്റിയുടെ വരവ്. ഹോം മാച്ചില്‍ രണ്ട് ഗോളുകള്‍ വഴങ്ങിയ പി എസ് ജിക്ക് രണ്ടാം പാദം വെല്ലുവിളിയാകും. മെയ് 29ന് ഇസ്താംബൂളിലാണ് ഫൈനല്‍.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.