പ്രീമിയർ ലീഗ് കിരീടം കയ്യെത്തും ദൂരത്തിൽ ഉണ്ടായിട്ടും എത്തിപ്പിടിക്കാൻ ആവാതെ മാഞ്ചസ്റ്റർ സിറ്റി. ലീഗ് കിരീടം ഉറപ്പിക്കാൻ അവർക്ക് ഇനിയും കാത്തിരിക്കണം. ഇന്നലെ ചെൽസിക്കെതിരായ മത്സരത്തിൽ വിജയിച്ചാൽ ലീഗ് കിരീടം നേടാമായിരുന്നുവെങ്കിലും ചെൽസിക്ക് മുന്നിൽ ഒരിക്കൽ കൂടെ പെപ്പിന്റെ ടീമിന് കാലിടറി.
സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലാണ് ചെൽസി വിജയം നേടിയത്. മാർകോ അലോൻസോയാണ് ചെൽസിയുടെ വിജയ ഗോൾ നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടിയാണ് ചെൽസി മത്സരം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ സിറ്റി താരം അഗ്വേറോ പെനൽറ്റി നഷ്ടപ്പെടുത്തിയത് കളിയിൽ നിർണായകമായി.
മത്സരത്തിലെ ആദ്യ പകുതിയിൽ സ്റ്റെർലിങ് ആണ് മാഞ്ചസ്റ്റർ സിറ്റിയെ മുന്നിൽ എത്തിച്ചത്. 43ആം മിനുട്ടിൽ ചെൽസി താരം ക്രിസ്റ്റൻസൻ വരുത്തിയ പ്രതിരോധ പിഴവ് മുതലാക്കി ചെൽസി ബോക്സിലേക്ക് മുന്നേറിയ സിറ്റി താരം ഗബ്രിയേൽ ജിസ്യുസ് ബോക്സിനുള്ളിൽ നിൽക്കുകയായിരുന്ന അഗ്വേറോക്ക് പാസ് നൽകി. പക്ഷേ അഗ്വേറോയ്ക്ക് പന്ത് കാലിൽ നിയന്ത്രിക്കാനായില്ല. താരത്തിൻ്റെ ഫസ്റ്റ് ടച്ച് പാളി പന്ത് കാലിൽ നിന്ന് തെറിച്ചെങ്കിലും പന്തിലേക്ക് ഓടിയടുത്ത സ്റ്റെർലിംഗ് ഞൊടിയിടയിൽ എടുത്ത ഷോട്ടിൽ പന്ത് ചെൽസി വല തുളച്ചു. ഈ ഗോളിന് പിന്നാലെ 45ആം മിനുട്ടിൽ സിറ്റിക്ക് ലീഡ് ഉയർത്താനുള്ള ഒരു സുവർണാവസരം ലഭിച്ച തായിരുന്നു. ബോക്സിനുള്ളിൽ സിറ്റി താരം സ്റ്റെർലിംഗിനെ വീഴ്ത്തിയതിന് റഫറി സിറ്റിക്ക് അനുകൂലമായി പെനൽറ്റി വിധിച്ചു. പക്ഷെ പെനൽറ്റി കിക്കെടുത്ത അഗ്വേറോയ്ക്ക് പിഴച്ചു. താരത്തിൻ്റെ ദുർബലമായ പനേങ്കാ കിക്ക് ചെൽസി ഗോളി മെൻഡി അനായാസം കയ്യിലൊതുക്കി.
രണ്ടാം പകുതിയിൽ സമനില ഗോൾ നേടാൻ ചെൽസി ശ്രമിച്ചു കൊണ്ടേയിരുന്നു. 63ആം മിനുട്ടിൽ അവരുടെ ശ്രമങ്ങൾ ഫലം കണ്ടു. അസ്പ്ലിക്വെറ്റയുടെ പാസിൽ നിന്ന് ഒരു ഇടൻ കാലൻ ഷോട്ടിലൂടെ ഹകിം സിയെച് ചെൽസിക്ക് സമനില നേടിക്കൊടുത്തു. രണ്ടാം പകുതിയിൽ ചെൽസി തുടർ ആക്രമണങ്ങളുമായി സിറ്റി ഡിഫൻസിന് തലവേദന സൃഷ്ടിച്ചുകൊണ്ടേയിരുന്നു. 78ആം മിനുട്ടിൽ വെർണറിലൂടെയും 80ആം മിനുട്ടിൽ ഹഡ്സൺ ഒഡോയിയിലൂടെയും ചെൽസി വല കുലുക്കിയെങ്കിലും രണ്ടും ഓഫ്സൈഡ് ആയിരുന്നു.
എന്നാൽ ചെൽസി ഇതിൽ ഒന്നും തളർന്നില്ല. ഇഞ്ചുറി ടൈമിലേക്ക് കടന്ന മത്സരത്തിൽ ഒരു മികച്ച ടീം വർക്കോടെ നടത്തിയ മുന്നേറ്റത്തിൽ അവർ കളിയിലെ രണ്ടാം ഗോൾ നേടി. അലോൻസോയായിരുന്നു ചെൽസിക്ക് വിജയ ഗോൾ നേടിക്കൊടുത്തത്.
ഈ പരാജയം സിറ്റിയുടെ കിരീടത്തിനായുള്ള കാത്തിരിപ്പ് നീട്ടിയെങ്കിലും ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് ഇത് വലിയ ഊർജ്ജമായി. മത്സരം തോറ്റിരുന്നെങ്കിൽ ലീഗിലെ അവരുടെ നാലാം സ്ഥാനത്തിന് തന്നെ ഭീഷണി ആകുമായിരുന്നു. ഇന്നലത്തെ ജയത്തോടെ ചെൽസി 64 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. ലീഗിൽ ഒന്നാമതുള്ള സിറ്റിക്ക് 80 പോയിന്റാണ് ഇപ്പോൾ ഉള്ളത്. രണ്ടാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് 67 പോയിന്റും. ഇനി സിറ്റിക്ക് അവശേഷിക്കുന്ന 3 മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റ് നേടുകയോ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു മത്സരം പരാജയപ്പെടുകയോ ചെയ്താൽ സിറ്റിക്ക് കിരീടം നേടാം.
ചാമ്പ്യൻസ് ലീഗ് ഫൈനൽ റിഹേഴ്സൽ എന്ന നിലയിൽ പേരെടുത്ത മത്സരത്തിൽ സിറ്റിക്കെതിരെ ജയിക്കാനായത് ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇറങ്ങുമ്പോൾ ആത്മവിശ്വാസം നൽകും. പുതിയ കോച്ചായ തോമസ് ടുഷേലിന് കീഴിൽ അവിസ്മരണീയ പ്രകടനങ്ങൾ നടത്തുന്ന ടീമിന് ചാമ്പ്യൻസ് ലീഗും നേടാനാകും എന്ന് തന്നെയാണ് ചെൽസി ആരാധകരുടെ പ്രതീക്ഷ. മെയ് 29ന് ഇസ്താംബൂളിൽ വച്ചാണ് ഫൈനൽ മത്സരം നടക്കുക.
Summary- Manchester City has to wait for Premier league title after losing to Chelsea
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.