HOME » NEWS » Sports » MANCHESTER CITY OUSTS PSG TO WIN THEIR FIRST EVER CHAMPIONS LEAGUE FINAL TICKET JK INT

ചാമ്പ്യന്‍സ് ലീഗ്: ഇസ്താംബുള്ളിലേക്ക് ഫൈനല്‍ ടിക്കറ്റെടുത്ത് മാഞ്ചസ്റ്റര്‍ സിറ്റി; പിഎസ്ജിയെ തകര്‍ത്ത് സിറ്റി ആദ്യ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

ആദ്യ പാദത്തില്‍ പിഎസ്ജിയുടെ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 2-1ന് വിജയിച്ച സിറ്റി ഇരുപാദങ്ങളിലുമായി 4-1ന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്.

News18 Malayalam | news18-malayalam
Updated: May 5, 2021, 8:42 PM IST
ചാമ്പ്യന്‍സ് ലീഗ്: ഇസ്താംബുള്ളിലേക്ക് ഫൈനല്‍ ടിക്കറ്റെടുത്ത് മാഞ്ചസ്റ്റര്‍ സിറ്റി; പിഎസ്ജിയെ തകര്‍ത്ത് സിറ്റി ആദ്യ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍
മാഞ്ചസ്റ്റര്‍ സിറ്റി
  • Share this:
കഴിഞ്ഞ സീസണില്‍ നഷ്ട്ടപെട്ട ചാമ്പ്യന്‍സ് ലീഗ് കിരീടം ഈ സീസണില്‍ തിരിച്ചുപിടിക്കാന്‍ ഇറങ്ങിയ പിഎസ്ജിക്ക് സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്നില്‍ കാലിടറി. ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനായുള്ള അവരുടെ കാത്തിരിപ്പ് ഇനിയും തുടരും.

കഴിഞ്ഞ സീസണില്‍ അവര്‍ക്ക് തലനാരിഴയ്ക്കാണ് നഷ്ടപ്പെട്ടതെങ്കില്‍ ഇക്കുറി അവര്‍ എതിരാളിയുടെ മുന്നില്‍ അടിയറവ് പറയുകയായിരുന്നു. മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറിയ ഫ്രഞ്ച് ക്ലബ്ബിനെ വീഴ്ത്തിയത് ഈ ഫുട്‌ബോള്‍ സീസണില്‍ മിന്നുന്ന ഫോമില്‍ കളിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയും. സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന രണ്ടാം പാദ സെമിയില്‍ എതിരില്ലാത്ത രണ്ടു ഗോളിന് പിഎസ്ജിയെ തോല്‍പ്പിച്ചതോടെയാണ് മാഞ്ചസ്റ്റര്‍ സിറ്റി ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്. ആദ്യ പാദത്തില്‍ പിഎസ്ജിയുടെ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 2-1ന് വിജയിച്ച സിറ്റി ഇരുപാദങ്ങളിലുമായി 4-1ന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്.

ആദ്യ പാദത്തിലേത് പോലെ തുടക്കത്തില്‍ ആക്രമിച്ച് കളിച്ചത് പിഎസ്ജി ആയിരുന്നു. ഏഴാം മിനുട്ടില്‍ അവര്‍ക്ക് ഒരു പെനാല്‍ട്ടി ലഭിച്ചിരുന്നു. എന്നാല്‍ വാര്‍ പരിശോധനയിലൂടെ റഫറി തീരുമാനം തിരുത്തി. പിന്നീട് കളിയുടെ നിയന്ത്രണം ഏറ്റെടുത്ത സിറ്റി കളിയിലെ ആദ്യ ഗോള്‍ നേടി അവരുടെ ലീഡ് ഉയര്‍ത്തി. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന അള്‍ജീരിയന്‍ താരം റിയാദ് മഹ്‌റെസാണ് സിറ്റിക്ക് 11ആം മിനുട്ടില്‍ ലീഡ് നല്‍കിയത്. എഡേഴ്‌സന്റെ ഗോള്‍ കിക്കില്‍ നിന്ന് തുടങ്ങി മധ്യനിരയിലൂടെ മുന്നേറിയ പന്ത് കാലില്‍ കിട്ടിയതിനു ശേഷം മുന്നേറിയ സിറ്റി താരം ഡി ബ്രുയിനേ പിഎസ്ജി ബോക്‌സിനു പുറത്ത് നിന്ന് എടുത്ത ഷോട്ട് പിഎസ്ജി താരത്തിന്റെ കാലില്‍ തട്ടി തെറിച്ച് നേരെ ചെന്ന് വീണത് മഹ്‌റെസിന്റെ അടുത്തേക്ക് ആയിരുന്നു. പന്തിലേക്ക് ഓടിയടുത്ത താരം സമയം കളയാതെ എടുത്ത ഷോട്ട് പിഎസ്ജി ഗോളി കെയ്ലര്‍ നെവാസിന്റെ കാലിനിടയിലൂടെയാണ് ഗോളായത്.

ഗോള്‍ വീണ ശേഷം ഉണര്‍ന്നു കളിച്ച പിഎസ്ജി സമനില ഗോളിനായി ആഞ്ഞ് പരിശ്രമിച്ചു. ഇതിന് ഫലമായി മാര്‍ക്വീഞ്ഞോസിനും ഡി മരിയക്കും ആദ്യ പകുതിയില്‍ തന്നെ സമനില നേടാനുള്ള അവസരങ്ങള്‍ കിട്ടി. പക്ഷെ മാര്‍ക്വീഞ്ഞോസിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. ഡി മരിയയുടേത് പോസ്റ്റില്‍ ഉരുമ്മി പുറത്തേക്കും പോയി. നിര്‍ണായക മത്സരത്തില്‍ എംബപ്പെ ഇല്ലാതെ ഇറങ്ങിയത് പി എസ് ജിയുടെ അറ്റാക്കിനെ കാര്യമായി തന്നെ ബാധിച്ചു.

രണ്ടാം പകുതിയില്‍ സിറ്റി വലിയ ആവേശത്തിന് മുതിരാതെ കൗണ്ടറുകള്‍ക്കായി കാത്തിരുന്നു. 64ആം മിനുട്ടില്‍ അത്തരത്തില്‍ ഒരു കൗണ്ടറില്‍ നിന്നാണ് സിറ്റി രണ്ടാം ഗോളും നേടിയത്. രണ്ടാം ഗോളിന്റെ അവകാശി മെഹ്‌റസ് തന്നെയായിരുന്നു. ഫോഡന്റെ പാസില്‍ നിന്നായിരുന്നു മെഹ്‌റസിന്റെ ഗോള്‍. പിഎസ്ജിക്ക് എതിരായ ആദ്യ പാദത്തിലും മെഹ്‌റസ് ഗോള്‍ നേടിയുരുന്നു. രണ്ടാം ഗോളിന് പിന്നാലെ പി എസ് ജി നിരയില്‍ നിന്ന് ഡി മരിയ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോയി. അനാവശ്യമായി ഫൗള്‍ ചെയ്തതിനാണ് താരത്തിനെതിരെ റഫറി കാര്‍ഡ് പുറത്തെടുത്തത്. സിറ്റി താരം ഫെര്‍ണാണ്ടീഞ്ഞോയെ ചവിട്ടിയതിനാണ് ഡി മരിയ ചുവപ്പ് കണ്ടത്. ഗോള്‍ നേടാന്‍ കഴിയാത്തതിന്റെ നിരാശ മൂലം പിഎസ്ജി താരങ്ങള്‍ ഇടക്കിടെ സിറ്റി താരങ്ങളുമായി കൊമ്പ് കോര്‍ത്തിരുന്നു. പിഎസ്ജി താരങ്ങള്‍ ആക്രമണത്തിന്റെ കെട്ടഴിച്ചിട്ടും സിറ്റി ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നത് അവരുടെ പ്രതിരോധ നിര താരങ്ങളായ റൂബന്‍ ഡയസിന്റെയും ജോണ്‍ സ്റ്റോണ്‍സിന്റെയും മികച്ച പ്രകടനങ്ങളുടെ ബലത്തില്‍ ആയിരുന്നു.

സൂപ്പര്‍ കോച്ച് പെപ് ഗ്വാര്‍ഡിയോളക്ക് കീഴില്‍ അണിനിരക്കുന്ന സിറ്റി ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് കൊണ്ടാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ഫൈനലില്‍ എത്തി നില്‍ക്കുന്ന അവര്‍ ഇംഗ്ലണ്ടില്‍ പ്രീമിയര്‍ ലീഗില്‍ കിരീടം ഉറപ്പിച്ചിരിക്കുകയാണ്. ഈയിടെ നടന്ന ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലിലും സിറ്റി തന്നെയായിരുന്നു കിരീടം ചൂടിയത്. ഈ സീസണില്‍ നാല് കിരീടം എന്ന നേട്ടം ലക്ഷ്യമാക്കി കുതിച്ച അവര്‍ക്ക് ആകെ അടിപതറിയത് എഫ് എ കപ്പില്‍ മാത്രമാണ്. അതിലെ സെമി ഫൈനല്‍ മത്സരത്തില്‍ ചെല്‍സിയോട് ഒരു ഗോളിനാണ് സിറ്റി തോറ്റത്.

ഈ വിജയത്തോടെ സിറ്റി നേടിയത് അവരുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്കുള്ള ടിക്കറ്റാണ്. നാളെ നടക്കുന്ന റയലും ചെല്‍സിയും തമ്മിലുള്ള സെമി രണ്ടാം പാദ മത്സരത്തില്‍ ജയിക്കുന്നവരാകും ഫൈനലില്‍ സിറ്റിയെ നേരിടുക.
Published by: Jayesh Krishnan
First published: May 5, 2021, 8:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories