HOME » NEWS » Sports »

Europa league | യൂറോപ്പ ലീഗില്‍ റോമയെ തരിപ്പണമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; കവാനിക്കും ബ്രൂണോ ഫെര്‍ണാണ്ടസിനും ഡബിള്‍

ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ അഞ്ച് ഗോളുകള്‍ തിരിച്ചടിച്ചാണ് യുണൈറ്റഡ് അവിസ്മരണീയ വിജയം സ്വന്തമാക്കിയത്

News18 Malayalam | news18-malayalam
Updated: April 30, 2021, 5:00 PM IST
Europa league | യൂറോപ്പ ലീഗില്‍ റോമയെ തരിപ്പണമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; കവാനിക്കും ബ്രൂണോ ഫെര്‍ണാണ്ടസിനും ഡബിള്‍
മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്
  • Share this:
യൂറോപ്പ ലീഗിന്റെ ആദ്യ പാദ സെമിയില്‍ ഇറ്റാലിയന്‍ ക്ലബ് എ സി റോമയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 6-2 ന്റെ വന്‍ വിജയമാണ് സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ അഞ്ച് ഗോളുകള്‍ തിരിച്ചടിച്ചാണ് യുണൈറ്റഡ് അവിസ്മരണീയ വിജയം സ്വന്തമാക്കിയത്. എഡിന്‍സണ്‍ കവാനി, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ മത്സരത്തില്‍ ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ മേസണ്‍ ഗ്രീന്‍വുഡ്, പോള്‍ പോഗ്ബ എന്നിവരാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മറ്റു ഗോളുകള്‍ സ്വന്തമാക്കിയത്.

ആദ്യ പകുതി അവസാനിക്കുമ്പോള്‍ 1-2 എന്ന നിലയില്‍ ആയിരുന്നു ഗോള്‍ നില. മത്സരത്തില്‍ ആദ്യത്തെ ഗോള്‍ നേടി കളിയില്‍ ലീഡ് സ്വന്തമാക്കിയത് യുണൈറ്റഡ് തന്നെയായിരുന്നു. ഒമ്പതാം മിനുട്ടില്‍ ബ്രൂണൊ ഫെര്‍ണാണ്ടസിന്റെ ഗോളിലൂടെയാണ് മാഞ്ചസ്റ്റര്‍ ലീഡ് കുറിച്ചത്. കവാനി നല്‍കിയ പാസ് ബ്രൂണോ ഫെര്‍ണാണ്ടസ് ചിപ്പ് ചെയ്ത് വലയിലേക്ക് റോമയുടെ വലയിലേക്ക് എത്തിക്കുകയായിരുന്നു. ഈ സീസണില്‍ ബ്രൂണോ സ്വന്തമാക്കുന്ന 25മത്തെ ഗോള്‍ ആയിരുന്നു ഇത്.

എന്നാല്‍ അധിക നേരം മാഞ്ചസ്റ്ററിന് ലീഡ് തുടരാന്‍ ആയില്ല. അഞ്ചു മിനിറ്റുകള്‍ക്ക് ശേഷം പെനാല്‍റ്റിയിലൂടെ റോമ അവരുടെ ആദ്യ ഗോള്‍ നേടി കളിയില്‍ ഒപ്പമെത്തി. യുണൈറ്റഡ് ബോക്‌സിനുള്ളില്‍ പോഗ്ബയുടെ കയ്യില്‍ പന്ത് തട്ടിയതിനാണ് റഫറി റോമക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്. കിട്ടിയ അവസരം മുതലാക്കി അവരുടെ സ്‌ട്രൈക്കര്‍ പെല്ലെഗ്രിനി പന്ത് യുണൈറ്റഡിന്റെ വലയിലെത്തിച്ചു. 34മത്തെ മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ നേടിയ ഗോളില്‍ എഡിന്‍ ജെക്കോ കളിയില്‍ റോമക്ക് ലീഡ് നേടി കൊടുത്തു.

എന്നാല്‍ രണ്ടാം പകുതിയില്‍ മറ്റൊരു യുണൈറ്റഡിനെയാണ് മൈതാനത്ത് കണ്ടത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്രൂണൊ ഫെര്‍ണാണ്ടസ് നല്‍കിയ പാസിലൂടെ കവാനി യുണൈറ്റഡിന്റെ സമനില ഗോള്‍ നേടി. അധികം വൈകാതെ തന്നെ 64മത്തെ മിനിറ്റില്‍ കവാനി അടുത്ത ഗോളും നേടി ടീമിന്റെ ലീഡ് ഉയര്‍ത്തി.70മത്തെ മിനിറ്റില്‍ കവാനിക്ക് എതിരെയുള്ള സ്‌മോളിങ്ങിന്റെ ഫൗളില്‍ പെനാല്‍റ്റി ലഭിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ നാലാം ഗോളും നേടിയതോടെ സ്‌കോര്‍ 4-2ല്‍ എത്തി.

ഒട്ടും വൈകാതെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തങ്ങളുടെ അഞ്ചാം ഗോളും റോമയുടെ വലയില്‍ എത്തിച്ചു. ഈ പ്രാവശ്യം ബ്രൂണോയുടെ പാസ് ഹെഡ്ഡറിലൂടെ ഗോള്‍ ആക്കിയത് മിഡ്ഫീല്‍ഡര്‍ പോഗ്ബയായിരുന്നു. മത്സരത്തില്‍ അധ്വാനിച്ച് കളിച്ചതിന് താരത്തിനുള്ള പ്രതിഫലമായി ഈ ഗോള്‍. അഞ്ചടിച്ചിട്ടും നിര്‍ത്താന്‍ യുണൈറ്റഡ് ഒരുക്കമല്ലായിരുന്നു.

യുണൈറ്റസിന്റെ ആറാം ഗോള്‍ മാര്‍ക്കസ് റാഷ്‌ഫോഡിന് പകരക്കാരനായെത്തിയ മേസണ്‍ ഗ്രീന്‍വുഡിന്റെ വകയായിരുന്നു. മൈതാനമദ്ധ്യത്തില്‍ നിന്ന് എഡിസന്‍ കവാനി നല്‍കിയ ലോങ് പാസ് സ്വീകരിച്ചാണ് ഗ്രീന്‍വുഡ് യുണൈറ്റഡിന്റെ ആറാം ഗോളും റോമയുടെ പെട്ടിയിലെ അവസാനത്തെ ആണിയും തറച്ചത്.

വമ്പന്‍ വിജയത്തോടെ ആത്മവിശ്വാസം വാനോളം ഉയര്‍ന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാല് വര്‍ഷത്തിനു ശേഷം ഒരു കിരീടമുയര്‍ത്താനുള്ള സാധ്യതകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച നടക്കാനിരിക്കുന്ന പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ലിവര്‍പൂളിനെതിരെ മികച്ച പ്രകടനം നടത്താനും ഈ വിജയം അവര്‍ക്ക് കരുത്തു നല്‍കും.
Published by: Jayesh Krishnan
First published: April 30, 2021, 5:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories