• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

സൂര്യൻ അസ്തമിച്ചു; ചരിത്രമെഴുതി ക്രൊയേഷ്യ ഫൈനലിൽ


Updated: July 12, 2018, 2:24 AM IST
സൂര്യൻ അസ്തമിച്ചു; ചരിത്രമെഴുതി ക്രൊയേഷ്യ ഫൈനലിൽ

Updated: July 12, 2018, 2:24 AM IST
ലൂഷ്നിക്കി: ആ സാമ്രാജ്യത്തിൽ സൂര്യൻ അസ്തമിച്ച ദിനം. 1998ൽ ചരിത്രമെഴുതിയ ഡേവൻ സുകേറിന്‍റെ പിൻമുറക്കാരെന്ന് ഉറക്കെവിളിച്ചുപറഞ്ഞ് ലുക്കാ മോഡ്രിച്ചും സംഘവും. ലോകകപ്പിലെ രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ക്രൊയേഷ്യ ഫൈനലിൽ. ജൂലൈ 15ന് നടക്കുന്ന കലാശപ്പോരിൽ ക്രൊയേഷ്യ ഫ്രാൻസിനെ നേരിടും. നിശ്ചിതസമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് തുല്യത പാലിച്ചതോടെ അധികസമയത്തേക്ക് നീണ്ട മൽസരത്തിൽ മരിയോ മാൻസൂക്കിച്ച് നേടിയ ഗോളാണ് ക്രൊയേഷ്യൻ ഫുട്ബോളിന് പുതുചരിത്രം സമ്മാനിച്ചത്. മൽസരത്തിന്‍റെ അഞ്ചാം മിനിട്ടിൽ ട്രിപ്പിയറിലൂടെ മുന്നിലെത്തിയ ഇംഗ്ലണ്ടിനെതിരെ രണ്ടാം പകുതിയിൽ പെരിസിച്ചിന്‍റെ ഗോളിലൂടെ ക്രൊയേഷ്യ ഒപ്പമെത്തുകയായിരുന്നു. 1966ന് ശേഷം മറ്റൊരു ലോകകിരീടം സ്വപ്നം കണ്ട ഇംഗ്ലണ്ടിന് നിരാശയോടെ മടക്കം. ലോകറാങ്കിംഗിൽ ഇരുപതാം സ്ഥാനക്കാരായ ക്രൊയേഷ്യ ആദ്യ ഫൈനലിലേക്ക്. 1998ൽ മൂന്നാം സ്ഥാനം നേടിയതാണ് ഇതിനുമുമ്പുള്ള ക്രൊയേഷ്യയുടെ ഏറ്റവും വലിയ നേട്ടം.

കിക്കോഫ് ചെയ്തു അഞ്ച് മിനിട്ടിനകം ക്രൊയേഷ്യയെ ഞെട്ടിച്ച് ഇംഗ്ലണ്ട് മുന്നിലെത്തി. സുന്ദരമായ ഒരു ഫ്രീകിക്കിലൂടെ ട്രിപ്പിയറാണ് ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചത്. ട്രിപ്പിയറിന്‍റെ മനോഹര ഷോട്ട് പോസ്റ്റിന്‍റെ ഇടതുമൂലയിൽ പതിച്ചപ്പോൾ ക്രൊയേഷ്യൻ കീപ്പർ വെറും കാഴ്ചക്കാരൻ മാത്രമായിരുന്നു. ലിൻഗാർഡിനെ മോഡ്രിച്ച് ഫൌൾ ചെയ്തതിനാണ് ഇംഗ്ലണ്ടിന് അനുകൂലമായ ഫ്രീകിക്ക് വിധിച്ചത്. ഗോൾ വഴങ്ങിയതോടെ ക്രൊയേഷ്യ ആക്രമണം ശക്തമാക്കി. എന്നാൽ കൈൽ വാക്കറുടെ നേതൃത്വത്തിൽ ഇംഗ്ലീഷുകാർ പ്രതിരോധ കോട്ടകെട്ടി സംരക്ഷിച്ചു. ഇതിനിടയിൽ ഹാരി കെയ്ന് ഗോൾ നേടാനുള്ള അവസരങ്ങൾ തുടരെ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. ആദ്യ പകുതി അവസാനിക്കാൻ മിനിട്ട് മാത്രം ശേഷിക്കെ ലുക്കാ മോഡ്രിച്ച്, റാക്കിട്ടിച്ച് എന്നിവർ ഗോളിന് അടുത്തെത്തി. എന്നാൽ ഇംഗ്ലീഷ് ഗോളി വിലങ്ങുതടിയായി. ഇംഗ്ലണ്ടിന്‍റെ ലീഡോടെ ആദ്യ പകുതി പിന്നിട്ടു.

രണ്ടാം പകുതിയിലും നിരന്തരമായ ക്രൊയേഷ്യൻ ആക്രമണമാണ് കണ്ടത്. അതിന്‍റെ ഫലമായി ക്രൊയേഷ്യയുടെ സമനില ഗോൾ വന്നു. 68-ാം മിനിട്ടിൽ ഇവാൻ പെരിസിച്ചിലൂടെ ക്രൊയേഷ്യ ഒപ്പമെത്തി. ഇംഗ്ലീഷ് പ്രതിരോധത്തിലെ അതികായനായ കൈൽ വോക്കറെ മറികടന്നാണ് പെരിസിച്ച് ഗോൾ നേടിയത്. നിശ്ചിത സമയത്ത് സമനില പൊട്ടിക്കാൻ ഇരു ടീമുകളും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോൾ അകന്നുനിന്നു. ക്രൊയേഷ്യയാണ് ആക്രമണത്തിൽ മുന്നിട്ടുനിന്നത്.

മൽസരം അധികസമയത്തേക്ക് കടക്കുന്നു. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. എന്നാൽ രണ്ടാം പകുതിയിൽ മാരിയോ മാൻസൂക്കിച്ചിലൂടെ ക്രൊയേഷ്യ ചരിത്രമെഴുതിയ ഗോൾ പിറന്നു. 109-ാം മിനിട്ടിലാണ് നിർണായക ഗോൾ പിറന്നത്. ഇംഗ്ലീഷ് പ്രതിരോധത്തിലെ പിഴവ് വീണ്ടെടുത്താണ് മാൻസൂക്കിച്ച് ഗോൾ നേടിയത്. തിരിച്ചടിക്കാനാകാതെ ഇംഗ്ലീഷുകാർ തോൽവി സമ്മതിച്ചു. ലോകകപ്പിന്‍റെ ചരിത്രം തിരുത്തിയെഴുതി ക്രൊയേഷ്യ ഫൈനലിലേക്ക്.
First published: July 12, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍