നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ടോക്യോ ഒളിമ്പിക്സ് : മേരികോമും മൻപ്രീത് സിങ്ങും ഇന്ത്യൻ പതാകയേന്തും

  ടോക്യോ ഒളിമ്പിക്സ് : മേരികോമും മൻപ്രീത് സിങ്ങും ഇന്ത്യൻ പതാകയേന്തും

  ലിംഗസമത്വം ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ഇത്തവണ രണ്ട് പേരെ - ഓരോ പുരുഷ, വനിതാ താരങ്ങളെ തിരഞ്ഞെടുത്തതെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അറിയിച്ചു.

  ബോക്സിങ് താരം മേരി കോം; ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിങ്

  ബോക്സിങ് താരം മേരി കോം; ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിങ്

  • Share this:
   ടോക്യോ ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയുടെ പതാകയേന്തുക ബോക്സിങ് ചാമ്പ്യൻ മേരികോമും ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിങ്ങും. ഇന്ത്യയുടെ ഒളിമ്പിക്സ് ചരിത്രത്തിൽ ഇതാദ്യമായാണ് ഉദ്ഘാടനച്ചടങ്ങിൽ രണ്ട് പേർ ഇന്ത്യൻ പതാകയേന്തുന്നത്. ലിംഗസമത്വം ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ഇത്തവണ രണ്ട് പേരെ - ഓരോ പുരുഷ, വനിതാ താരങ്ങളെ തിരഞ്ഞെടുത്തതെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അറിയിച്ചു. ഈ തീരുമാനം ഗെയിംസ് നടത്തിപ്പ് അധികൃതരോട് അറിയിച്ചു കഴിഞ്ഞതായും അസോസിയേഷൻ വെളിപ്പെടുത്തി.

   ഓഗസ്റ്റ് എട്ടിന് നടക്കുന്ന സമാപനച്ചടങ്ങില്‍ ഗുസ്തി താരം ബജ്‌രംഗ് പൂനിയ ഇന്ത്യൻ പതാകയേന്തും. കഴിഞ്ഞ തവണ റിയോയിൽ നടന്ന ഒളിമ്പിക്സിൽ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയായിരുന്നു ഇന്ത്യയുടെ പതാകയേന്തിയത്. ഇതുവരെ 17 പേരാണ് ഇന്ത്യക്കായി പതാകയേന്തിയിട്ടുള്ളത്. ഇതിൽ എട്ടു പേർ ഒളിമ്പിക്സിൽ മെഡൽ നേടിയവരായിരുന്നു.

   126 അത്‌ലറ്റുകളും 75 ഒഫീഷ്യലുകളുമടക്കം 201 പേരുള്‍പ്പെടുന്ന ഒരു വലിയ സംഘം തന്നെയാണ് ടോക്യോ ഒളിമ്പിക്സിനായി പോകുന്നത്. ഐഒഎ അറിയിച്ചത് പ്രകാരം സംഘത്തിൽ 56 ശതമാനം പുരുഷ താരങ്ങളും 44 ശതമാനം വനിതാ താരങ്ങളുമാണുള്ളത്. ഗെയിംസിൽ 85 മെഡല്‍ ഇനങ്ങളിലായിരിക്കും ഇന്ത്യ മല്‍സരിക്കുന്നത്.

   Also read- Copa America|കോപ്പ അമേരിക്ക: ബ്രസീൽ ഫൈനലിൽ, പക്വേറ്റയുടെ ഒറ്റ ഗോളിൽ പെറുവിനെ വീഴ്ത്തി ബ്രസീൽ

   ബോക്സിങ്ങിൽ ഇന്ത്യയുടെ ഇതിഹാസതാരമായ മേരികോമിന്റെ കരിയറിലെ അവസാനത്തെ ഒളിമ്പിക്സ് കൂടിയായിരിക്കും ഇത്. 2012ലെ ലണ്ടന്‍ ഒളിമ്പിക്സിൽ ഇന്ത്യക്ക് വെങ്കല മെഡൽ സമ്മാനിച്ച അവർ ഇത്തവണ ടോക്യോയിലെ ഗെയിംസിൽ നിന്നും മെഡൽ നേടി തന്റെ ഉജ്ജ്വലമായ കരിയറിന് ആഗ്രഹിക്കുന്നുണ്ടാകും. മികച്ച ഒരു ഒരു പോരാളിയായ മേരികോം തന്റെ വിടവാങ്ങൽ ഒളിമ്പിക്സിൽ സ്വർണം തന്നെയാകും ലക്ഷ്യമിടുന്നത്. ഗെയിംസിൽ ഇന്ത്യൻ പതാകയേന്തുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരിക്കുമെന്നും, ഇത് തനിക്ക് ഗെയിംസിൽ മുന്നോട്ട് പോകുവാൻ കൂടുതൽ ഊർജ്ജം നൽകുമെന്നും മെഡലിനായി തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും മേരികോം പറഞ്ഞു.

   മേരികോമിനോടൊപ്പം പതാകയേന്തുന്ന ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിങ്ങും വലിയ ആവേശത്തോടെയാണ് ഇന്ത്യയുടെ പതാകയേന്തുന്ന കാര്യത്തെ കുറിച്ച് പ്രതികരിച്ചത്. മേരി കോമിനെപ്പോലൊരു ഇതിഹാസ താരത്തോടൊപ്പം ഇന്ത്യൻ പതാകയേന്തുക എന്നത് വലിയൊരു കാര്യമായാണ് കാണുന്നതെന്നും, ഇത് തന്റെ കരിയറിലെ സുവർണ നിമിഷമാണെന്നും ഒപ്പം തന്നെ ഇന്ത്യൻ ഹോക്കിക്കും ഇത് വലിയ അംഗീകാരമാണെന്നും പറഞ്ഞ മൻപ്രീത് ഇങ്ങനൊരു അവസരം തന്നതിൽ ഐഒഎക്ക് നന്ദി പറയുന്നു എന്നും ഒപ്പം ടോക്യോയിലെ ഉദ്ഘാടന ചടങ്ങിനായി കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു. ഇന്ത്യൻ ടീമിനൊപ്പം മന്‍പ്രീതിന്റെ മൂന്നാമത്തെ ഒളിമ്പിക്‌സാണിത്.

   Also read- ഐ പി എല്‍ മെഗാ ലേലത്തിന് മുമ്പ് നാല് താരങ്ങളെ ടീമുകള്‍ക്ക് നിലനിര്‍ത്താം; നിര്‍ണായക മാറ്റങ്ങളുമായി ബി സി സി ഐ

   ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ടു വരെയാണ് ടോക്കിയോയിൽ ഒളിമ്പിക്സ് നടക്കുന്നത്. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് കോവിഡ് വ്യാപനത്തെ തുടർന്ന് ഈ വർഷത്തേക്ക് മാറ്റി വെക്കുകയായിരുന്നു.

   Summary

   Mary Kom and Manpreet Singh to bear Indian flag in the Opening cerremony of Tokyo Olympics
   Published by:Naveen
   First published:
   )}