ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മേരി കോം മെഡലുറപ്പിച്ചു. 51 കിലോ ഫ്ളൈ വെയിറ്റ് വിഭാഗത്തിൽ കൊളംബിയൻ താരം ഇൻഗ്രിറ്റ് വലവൻസിയെ പരാജയപ്പെടുത്തിയ മേരികോം സെമിയിലെത്തി. ഇതോടെ മേരികോം മെഡലുറപ്പിച്ചു. ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഏഴാം സ്വർണം ലക്ഷ്യമിട്ടാണ് 36 കാരിയായ മേരികോം മത്സരിക്കുന്നത്. ശനിയാഴ്ച നടക്കുന്ന സെമിയിൽ രണ്ടാം സീഡ് താരവും യൂറോപ്യൻ ജേതാവുമായ തുർക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവാണ് മേരി കോമിന്റെ എതിരാളി. ചൈനയുടെ സായ് സോങ്ജുവിനെ വീഴ്ത്തിയാണ് ബുസാനെസ് സെമിയിലെത്തിയത്.
Also Read- സമാധാന നൊബേൽ ഗ്രെറ്റയ്ക്കോ? പ്രഖ്യാപനം കാത്ത് ലോകം
ഇത്തവണ സ്വർണം നേടാനായാൽ ചരിത്രനേട്ടമാണ് മേരി കോമിനെ കാത്തിരിക്കുന്നത്. നിലവിൽ ആറ് ലോക ചാമ്പ്യൻഷിപ്പ് സ്വർണവുമായി ക്യൂബയുടെ ഇതിഹാസ താരം ഫെലിക്സ് സാവോന്റെ റെക്കോർഡിനൊപ്പമാണു മേരി. സാവോൻ 1986–99 കാലത്ത് നേടിയത് 6 സ്വർണവും ഒരു വെള്ളിയും. മേരിക്കും ഇതുവരെ നേട്ടം 6 സ്വർണം, ഒരു വെളളി. ഇക്കുറി മെഡലുറപ്പാക്കിയതോടെ ആകെ മെഡൽ നേട്ടത്തിൽ മേരി സാവോനെ പിന്തള്ളുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
മേരി കോം എന്ന അഭിമാന താരം
ഇന്ത്യയിലെ മണിപ്പൂരിൽ നിന്നുമുള്ള ബോക്സിങ് കായികതാരമാണ് മേരി കോം. 1983 മാർച്ച് 1ന് മണിപ്പൂരിലെ ചുർച്ചൻപൂർ ജില്ലയിലാണ് ജനനം. ബാല്യത്തിലേ അത്ലറ്റിക്സിൽ താത്പര്യമുണ്ടായിരുന്ന കോം 2000 ൽ ബോക്സിങ്ങിലേയ്ക്ക് തിരിയുന്നത് പ്രശസ്ത മണിപ്പൂരി ബോക്സറായ ഡിങ്കോസിങ്ങിന്റെ വിജയങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ്.
2005 ലാണ് ഓങ്കോലർ കോമിനെ വിവാഹം കഴിച്ചത്. മൂന്ന് മക്കളുടെ അമ്മയായ മേരി കോം ഇടിക്കൂട്ടിൽ ഒരിക്കൽക്കൂടി ഇടിമുഴക്കമായപ്പോൾ പ്രായം തോറ്റു. റെക്കോഡുകൾ വഴിമാറി. ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ആറു സ്വർണമെന്ന അപൂർവനേട്ടം. വനിതാവിഭാഗത്തിൽ ഏറ്റവും കൂടുതൽ സ്വർണം നേടിയ താരമെന്ന റെക്കോഡും സ്വന്തം.
പങ്കെടുത്ത ഏഴു ലോക ചാമ്പ്യൻഷിപ്പുകളിലും ഓരോ മെഡൽ നേടിയ മറ്റൊരു താരവും ഇല്ല. 2012 ലെ ലണ്ടൻ ഒളിംപിക്സിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയാണ് മേരി ഇന്ത്യയുടെ അഭിമാന താരമായത്. ഒപ്പം സൗത്ത് കൊറിയയിലെ ഇഞ്ചിയോണിൽ 2014 ൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടുകയും 2018 ലെ കോമൺ വെൽത് ഗെയിംസിൽ സ്വർണ മെഡൽ നേടുകയും ചെയ്തു.
മണിപ്പൂരിലെ പാവപ്പെട്ട ഒരു കർഷക കുടുംബത്തിൽ ജനിച്ച് മറ്റൊരാൾക്കും എത്തിപിടിക്കാനാവാത്ത ഉയരത്തിലാണ് മേരി കോം എത്തിയത്. ഒളിംപിക്സിലെയും, ഏഷ്യൻ ഗെയിംസിലെയും, കോമൺവെൽത്ത് ഗെയിംസിലെയും എല്ലാം മിന്നും പ്രകടനങ്ങൾ ഇത്രയധികം പ്രശംസ നേടാൻ കാരണം എന്താണെന്ന് വെച്ചാൽ വിവാഹ ശേഷം ഇരട്ട കുട്ടികളുടെ അമ്മയായ ശേഷമായിരുന്നു ഇതെല്ലാം എന്നതാണ്. ഇപ്പോൾ രാജ്യസഭാ എംപിയാണ് മേരി കോം.
അർജുന, രാജീവ് ഗാന്ധി ഖേൽ രത്ന, പത്മ ഭൂഷൺ തുടങ്ങിയ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. മേരിയുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത സിനിമയിൽ പ്രിയങ്ക ചോപ്ര ആയിരുന്നു മേരി കോം ആയി വേഷമിട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.