ഇന്ത്യൻ താരം മായങ്ക് അഗർവാളിനെ (Mayank Agarwal) ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ച് പഞ്ചാബ് കിങ്സ് (Punjab Kings). ഐപിഎല്ലിന്റെ പതിനഞ്ചാം സീസണിൽ (IPL 2022) മായങ്ക് ആയിരിക്കും ടീമിനെ നയിക്കുകയെന്ന കാര്യം പഞ്ചാബ് തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചത്. പഞ്ചാബ് കിങ്സിനെ നയിക്കാൻ കഴിയുന്നതിൽ സന്തോഷവും അതിലേറെ അഭിമാനവുമുണ്ടെന്നും മായങ്ക് പ്രതികരിച്ചു. മെഗാതാരലേലത്തിന് മുന്നോടിയായി പഞ്ചാബ് നിലനിർത്തിയിരുന്ന രണ്ട് കളിക്കാരിൽ ഒരാളായിരുന്നു മായങ്ക്.
കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ചിരുന്ന കെ എൽ രാഹുൽ ലക്നൗവിന് ഒപ്പം ചേർന്നതോടെയാണ് പഞ്ചാബിന് വരും സീസണിലേക്ക് പുതിയ ക്യാപ്റ്റനെ തേടേണ്ടി വന്നത്. മെഗാതാരലേലത്തിലൂടെ ശിഖർ ധവാനെ പഞ്ചാബ് ടീമിൽ എടുത്തതോടെ ധവാൻ ടീമിന്റെ ക്യാപ്റ്റൻ ആയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും മായങ്കിനെ തന്നെ ക്യാപ്റ്റൻ ആക്കാൻ പഞ്ചാബ് ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. 2018 മുതൽ പഞ്ചാബിനൊപ്പമുള്ള താരമാണ് മായങ്ക്.
Also read-
IPL 2022 |ഐപിഎല്‍ 2022 സീസണിന് മാര്‍ച്ച് 26ന് ആരംഭം; 70 ലീഗ് മത്സരങ്ങളടക്കം ആകെ 74 മത്സരങ്ങള്‍
ഐപിഎല്ലിൽ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച പഞ്ചാബിന്റെ ലക്ഷ്യം ഈ സീസണിൽ ലീഗിൽ അവരുടെ ആദ്യ കിരീടനേട്ടം സ്വന്തമാക്കുക എന്നാണ്. മെഗാതാരലേലത്തിൽ മികച്ച പ്രകടനം നടത്തി ഒരുപിടി മികച്ച താരങ്ങളെ സ്വന്തമാക്കിയ പഞ്ചാബ് വർഷങ്ങളുടെ കിരീട വരൾച്ചയ്ക്കുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാൻ തന്നെയാണ് ഒരുങ്ങുന്നത്. 2014ൽ ഫൈനലിൽ എത്തിയതാണ് ഐപിഎൽ ടൂർണമെന്റ് ചരിത്രത്തിലെ അവരുടെ മികച്ച പ്രകടനം.
ഇന്ത്യയുടെ ഇതിഹാസ സ്പിന്നറും മുൻ ഇന്ത്യൻ പരിശീലകനുമായ അനിൽ കുംബ്ലെയാണ് അനില്‍ കുംബ്ലെയാണ് ടീമിന്റെ മുഖ്യ പരിശീലകൻ. ടീമിലെ സ്പിന്നർമാരുടെ മേൽനോട്ടവും കുംബ്ലെ തന്നെയാകും വഹിക്കുക. ഡാമിയന്‍ റൈറ്റാണ് പേസ് ബൗളിംഗ് പരിശീലകൻ. ജോണ്ടി റോഡ്സാണ് ടീമിന്റെ ബാറ്റിങ്, ഫീൽഡിങ് പരിശീലകൻ.
മായങ്ക് അഗർവാളിന് പുറമെ അർഷദീപ് സിങ്ങിനെയും നിലനിർത്തിയിരുന്ന പഞ്ചാബ് മെഗാതാരലേലത്തിൽ ചില നിർണായക നീക്കങ്ങൾ നടത്തി ടീമിന്റെ ബാറ്റിങ്, ബൗളിങ് വിഭാഗത്തെ കരുത്തുറ്റതാക്കാനുള്ള ശ്രമമാണ് നടത്തിയത്. ധവാന് പുറമെ ബാറ്റിങ് നിരയ്ക്ക് കരുത്ത് പകരാൻ വേണ്ടി ജോണി ബെയർസ്റ്റോ, ലിയാം ലിവിങ്സ്റ്റൺ, ഒഡീൻ സ്മിത്ത് എന്നീ വമ്പനടിക്കാരായ വിദേശ താരങ്ങളെ സ്വന്തമാക്കിയപ്പോൾ ബൗളിങ്ങിൽ കാഗിസോ റബാഡ, രാഹുൽ ചാഹർ എന്നിവരെയും സ്വന്തമാക്കി. ഇതിനുപുറമെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച രാജ് ബാവയെയും പഞ്ചാബ് ടീമിലെടുത്തിട്ടുണ്ട്.
Also read-
IPL 2022 |സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാകില്ല; ഗ്രൂപ്പില്‍ ഒപ്പമുള്ളത് മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ലക്നൗ ടീമുകള്‍
പഞ്ചാബ് സ്ക്വാഡ്:
മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റൻ), അര്‍ഷ്ദീപ് സിങ്, ശിഖര്‍ ധവാന്, കാഗിസോ റബാദ, ജോണി ബെയര്‍സ്റ്റോ, രാഹുല്‍ ചാഹര്‍, ഷാരൂഖ് ഖാന്, ഹര്‍പ്രീത് ബ്രാര്‍, പ്രഭ്സിമ്രാന് സിങ്, ജിതേഷ് ശര്‍മ, ഇഷാന് പോറെല്‍, ലിയാം ലിവിങ്സ്റ്റണ്, ഒഡീന്‍ സ്മിത്ത്, സന്ദീപ് ശര്‍മ, രാജ് ബവ, ഋഷി ധവാന്, പ്രേരക് മങ്കാദ്, വൈഭവ് അറോറ, റിഥ്വിക് ചാറ്റര്‍ജി, ബല്‍തേജ് ദണ്ഡ, അന്‍ഷ് പട്ടേല്‍, നേഥൻ എല്ലിസ്, അഥര്‍വ ടൈഡെ, ഭാനുക രാജപക്സെ, ബെന്നി ഹോവല്ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.