കണ്ണൂര്‍: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാർഥി മരിച്ചു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് നാലാം വര്‍ഷ വിദ്യാര്‍ത്ഥി മിഫ്സലു റഹ്മാന് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ കണ്ണൂർ തളിപ്പറമ്പ് ഏഴാം മൈലിൽ വച്ചായിരുന്നു അപകടം. സർവകലാശാല ഫുട്ബോൾ സെലക്ഷൻ ക്യാംപിന് പോകുന്നതിനിടെയാണ് മിഫ്സലു റഹ്മാൻ അപകടത്തിൽപ്പെട്ടത്.
കോഴിക്കോട് നടക്കുന്ന സെലക്ഷൻ ക്യാംപിൽ പങ്കെടുക്കുന്നതിനായി കണ്ണൂരിൽനിന്ന് ട്രെയിനിൽ പോകാനായാണ് മിഫ്സലു റഹ്മാൻ ബൈക്കിൽ യാത്ര തിരിച്ചത്. പാലക്കാട് നിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് എയർ ബസുമായാണ് മിഫ്സലു റഹ്മാന്റെ ബൈക്ക് കൂട്ടിയിടിച്ചത്.
കൂട്ടിയിടിയുടെ ആഘാതത്തിൽ തെറിച്ചുവീണ മിഫ്സലു റഹ്മാനെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എംബിബിഎസ് വിദ്യാർഥിയായ മിഫ്സലു റഹ്മാൻ ഫുട്ബോളിൽ സജീവമാണ്. തളിപ്പറമ്പ് സയ്യിദ് നഗര്‍ പള്ളിക്ക് സമീപത്ത് താമസിക്കുന്ന 23കാരൻ പരിയാരം മെഡിക്കല്‍ കോളേജിൽ വിദ്യാര്‍ത്ഥിയാണ്.
മസ്ക്കറ്റില്‍ ജോലി ചെയ്യുന്ന കെ.പി ഫസലൂ റഹ്മാനാണ് പിതാവ്. മാതാവ് പി.പി മുംതാസും മസ്ക്കറ്റിലാണ്. ഇവർ നാട്ടിലെത്തിയ ശേഷമായിരിക്കും ഖബറടക്കം നടത്തുക. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.