ക്രിക്കറ്റില്‍ പുത്തന്‍ നിയമപരിഷ്കാരവുമായി മാരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ് (എംസിസി) രംഗത്ത്. ക്രിക്കറ്റില്‍ ലിംഗസമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 'ബാറ്റ്സ്മാന്' എന്ന വാക്ക് ഉപേക്ഷിക്കാനാണ് എംസിസിയുടെ തീരുമാനം. ക്രിക്കറ്റ് നിയമങ്ങള്‍ രൂപപ്പെടുത്തുന്ന മാരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബാണ് ബാറ്റ്സ്മാന്, ബാറ്റ്സ്മെന്‍ എന്നീ വാക്കുകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വാക്കുകള്‍ക്ക് പകരമായി ഇനി മുതല്‍ പൊതുവായി ബാറ്റര്‍, എന്നോ ബാറ്റേഴ്സ് എന്നോ ഉപയോഗിച്ചാല്‍ മതിയെന്നാണ് എംസിസിയുടെ നിര്‍ദേശം.
വനിതാ ക്രിക്കറ്റില്‍ ബാറ്റര്‍ എന്ന് തന്നെയാണ് ബാറ്റ് ചെയ്യുന്ന താരത്തെ വിശേഷിപ്പിക്കുന്നതെങ്കിലും പുരുഷ ക്രിക്കറ്റില്‍ ബാറ്റ്സ്മാന് എന്നാണ് ഇവരെ വിളിച്ചിരുന്നത്. രണ്ട് തരത്തിലുള്ള ഈ വിളികള്‍ മാറ്റിയാണ് പുതിയ തീരുമാനം. തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ എംസിസി ഇക്കാര്യം അറിയിച്ചു.
MCC has today announced amendments to the Laws of Cricket to use the gender-neutral terms “batter” and “batters”, rather than “batsman” or “batsmen”.
— Marylebone Cricket Club (@MCCOfficial) September 22, 2021
അടുത്തിടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിച്ച 'ദി ഹണ്ട്രഡ്' ടൂര്‍ണമെന്റില്‍ പരീക്ഷിച്ചുവിജയിച്ച ആശയം മാരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ് കടം കൊള്ളുകയായിരുന്നു. ഹണ്ട്രഡില്‍ വനിതാ, പുരുഷ താരങ്ങളെ ബാറ്റര്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
നിയമപരിഷ്കരണത്തിനുള്ള ഉപസമിതിയുടെ നിര്‍ദേശം എംസിസി സമിതിയും അംഗീകരിച്ചിട്ടുണ്ട്. ഇത് ഉടന്‍ നടപ്പിലാക്കണമെന്നാണ് എംസിസി നിര്‍ദേശം. ബാറ്റ്സ്മാന്, ബാറ്റ്സ്മെന്‍ എന്നീ വാക്കുകള്‍ക്ക് പകരം ബാറ്റര്‍, ബാറ്റേഴ്സ് എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നതിലൂടെ ക്രിക്കറ്റ് പുരുഷന്മാരുടെ മാത്രം കളിയല്ലെന്ന സന്ദേശം നല്‍കാനാവുമെന്നാണ് എംസിസിയുടെ വിലയിരുത്തല്‍.
ക്രിക്കറ്റില്‍ പൊതുവായി ഉപയോഗിക്കുന്ന ഫീല്‍ഡര്‍, ബൗളര്‍ എന്നീ വാക്കുകള്‍ പോലെ ബാറ്റര്‍, ബാറ്റേഴ്സ് എന്നിവ ഉപയോഗിക്കാമെന്നാണ് എംസിസി പറയുന്നത്. രാജ്യാന്തര തലത്തില്‍ വനിതാ ക്രിക്കറ്റിന് വര്‍ധിച്ചുവരുന്ന ജനപ്രീതി കൂടി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എംസിസി എത്തിയത്.
മുന്‍ വര്‍ഷങ്ങളിലേതിന് വിപരീതമായി വനിതാ ക്രിക്കറ്റിന് വലിയ പ്രചാരമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹണ്ട്രഡ് ബോള്‍ ക്രിക്കറ്റില്‍ നിറഞ്ഞ ഗ്യാലറിക്ക് മുന്നിലാണ് വനിതാ താരങ്ങള്‍ കളത്തിലിറങ്ങിയത്. 2017 ലെ വനിതാ ലോകകപ്പ് ക്രിക്കറ്റിനും കാണികളുടെ ഒഴുക്കായിരുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആവേശ ഫൈനലിന് സാക്ഷിയാവാനും നിറഞ്ഞ ഗ്യാലറിയുണ്ടായിരുന്നു. ആരാധകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തില്‍ 9 റണ്‍സിന് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെട്ടു.
ലിംഗസമത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി നിലവില്‍ കുറച്ചു മാധ്യമങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മാത്രമാണ് ബാറ്റര്‍, ബാറ്റേഴ്സ് എന്ന വാക്കുകള്‍ ഉപയോഗിക്കുന്നുള്ളൂ. ഇത് പൊതുമാനദണ്ഡമായി മത്സരങ്ങളിലും റിപ്പോര്‍ട്ടിഗിലും ഉപയോഗിക്കണമെന്നാണ് നിയമപരിഷ്കാരത്തിലൂടെ എംസിസി ലക്ഷ്യമിടുന്നത്. 2017ല്‍ തന്നെ ഇത്തരമൊരു നിര്‍ദേശം വന്നിരുന്നെങ്കിലും അന്ന് അന്തിമ അംഗീകാരമായിരുന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Icc, International cricket