ബാഴ്‌സലോണയുമായുള്ള അവസാനിപ്പിച്ച് മെസ്സി ബാഴ്‌സയിൽ നിന്നും വിടപറഞ്ഞപ്പോൾ ബാഴ്‌സയുടെയും മെസ്സിയുടെയും ആരാധകർക്ക് അതൊരു നിരാശാജനകമായ വാർത്തയായിരുന്നു. ആരാധകർക്ക് പുറമെ ബാഴ്‌സയിൽ താരങ്ങൾക്കും മുൻ താരങ്ങൾക്കും ഇതേ നിരാശ തന്നെയാണ് പങ്കുവെക്കാൻ ഉണ്ടായിരുന്നത്. ഇപ്പോഴിതാ മെസ്സി ബാഴ്‌സ വിട്ടതിന്റെ നിരാശ വെളിപ്പെടുത്തിയിരിക്കുകയാണ് ബാഴ്‌സയിലേക്ക് ഈ സീസണിൽ എത്തിയ ഡച്ച് താരം മെംഫിസ് ഡീപെ.
രണ്ട് പതിറ്റാണ്ടോളം ക്ലബിന്റെ മുഖമായി നിന്ന താരം കറ്റാലൻ ക്ലബിന് ഒരുപാട് നേട്ടങ്ങൾ സമ്മാനിച്ചിട്ടുണ്ട്. മെസ്സിയുടെ സാന്നിധ്യം ബാഴ്‌സയിൽ ഉണ്ടാക്കിയിരുന്ന പ്രഭാവം വളരെ വലുത് തന്നെയായിരുന്നു. ലോകത്തിലെ മികച്ച ക്ലബുകളിൽ ഒന്നായ ബാഴ്‌സയ്ക്ക് മെസ്സിയുടെ കൂടി സാന്നിധ്യത്തിന്റെ പ്രഭാവം കൊണ്ട് ഒരുപാട് മികച്ച താരങ്ങളെ തങ്ങളുടെ കൂടാരത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. മെസ്സിയുടെ കൂടെ കളിക്കാനുള്ള ആഗ്രഹം സഫലമാക്കാനായി ബാഴ്‌സ തിരഞ്ഞെടുക്കുന്നവരും ഉണ്ടായിരുന്നു. ഈ സീസണിൽ ബാഴ്‌സയിൽ എത്തിയ ഡച്ച് താരമായ മെംഫിസ് ഡീപെയും മെസ്സിയുടെ ഒപ്പം കളിക്കുക എന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ ബാഴ്‌സയുമായി കരാർ പുതുക്കാൻ കഴിയാതെ ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്ക് മെസ്സി ചേക്കേറിയപ്പോൾ ഡീപെയുടെ മോഹം ഇല്ലാതാവുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു സ്പാനിഷ് പത്രത്തോട് സംസാരിക്കുമ്പോൾ ആണ് മെസ്സി ബാഴ്‌സ വിട്ടതിലെ നിരാശ ഡച്ച് താരം വെളിപ്പെടുത്തിയത്.
Memphis Depay didn't get to share a single moment with Messi 😔 pic.twitter.com/3RsCQIPpCw
— International Champions Cup (@IntChampionsCup) August 20, 2021
"എനിക്ക് മെസ്സിയെ പരിചയപ്പെടാനുള്ള അവസരം പോലും ലഭിച്ചില്ല. കോപ്പ അമേരിക്കക്കു ശേഷമുള്ള ഇടവേള കഴിഞ്ഞ് പ്രീ സീസണ് വൈകിയാണ് മെസി എത്തിയത്. താരത്തോട് ഒരു ഹലോ പറയാൻ പോലും എനിക്കായില്ല," ഡീപെ പറഞ്ഞു.
മെസ്സി ബാഴ്‌സ വിട്ടതിലെ നിരാശ പങ്കുവെച്ചതോടൊപ്പം ബാഴ്‌സയിൽ തന്റെ റോൾ എന്താണെന്നും ബാഴ്‌സയുടെ പരിശീലകനായ റൊണാൾഡ് കൂമാൻ തന്നിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിൽ വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "കൂമാൻ എന്നിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്ന് എനിക്കറിയാം. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കും വ്യക്തമാണ്, ഞങ്ങൾ തമ്മിലൊരു കെമിസ്ട്രിയുണ്ട്, അതു വളരെ പ്രധാനമാണ്." ഡീപെ വ്യക്തമാക്കി.
നെതർലാൻഡ്‌സ് ടീമിനൊപ്പം നേരത്തെയുണ്ടായിരുന്ന കൂമാനും ദേശീയ ടീമിലെ സഹതാരമായ ഡി ജോങ്ങിനുമൊപ്പം പിക്വേ, ജോർദി ആൽബ, സെർജിനോ ഡെസ്റ്റ് എന്നിവരാണ് ടീമിനൊപ്പം വേഗത്തിൽ ഇണങ്ങിച്ചേരാൻ തന്നെ സഹായിച്ചതെന്നും ഡീപെ പറഞ്ഞു. ബാഴ്‌സലോണക്ക് വേണ്ടി കഴിവിന്റെ പരമാവധി നൽകാൻ ശ്രമിക്കുമെന്നും താരം വ്യക്തമാക്കി.
ബാഴ്‌സയുടെ ഈ സീസണിലെ പ്രധാന സൈനിംഗുകളിൽ ഒന്നാണ് ഈ ഡച്ച് താരം. യൂറോ കപ്പിൽ ഹോളണ്ടിന് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഡീപെ ബാഴ്‌സയിലും തന്റെ മിന്നും ഫോം തുടരാനാണ് ലക്ഷ്യമിടുന്നത്. ബാഴ്‌സയുടെ മുന്നേറ്റത്തിൽ ഡാനിഷ് താരമായ മാർട്ടിൻ ബ്രാത്വെയ്‌റ്റിനൊപ്പം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയെടുത്ത് ടീമിന്റെ മുന്നേറ്റനിരയുടെ പ്രഹരശേഷി വർധിപ്പിക്കാനാകും താരം ലക്ഷ്യമിടുന്നത്.
ഡീപെയെ കൂടാതെ ബാഴ്‌സയുമായി കരാറിലെത്തിയ മറ്റൊരു താരമാണ് മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ സ്റ്റാറും അർജന്റീന ടീമിൽ മെസ്സിയുടെ സഹതാരവുമായ സെർജിയോ അഗ്വേറൊ. മെസ്സിയുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന അഗ്വേറൊ സിറ്റിയിൽ നിന്നും ബാഴ്‌സയിൽ എത്തിയത് മെസ്സിയുടെ കൂടെ കളിക്കുക എന്ന ലക്ഷ്യവുമായി തന്നെയാണ്. അഗ്വേറൊയെ സൈൻ ചെയ്തുകൊണ്ട് മെസ്സിയെ ബാഴ്‌സയിൽ നിലനിർത്തുക എന്ന ലക്ഷ്യം ബാഴ്‌സയ്ക്കും ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് മെസ്സിയും ബാഴ്‌സയും തമ്മിൽ വാക്കാൽ കരാറിലെത്തിയത്. എന്നാൽ പിന്നീട് ലാലിഗയിലെ നിയന്ത്രണങ്ങൾ മൂലം ബാഴ്‌സയ്ക്ക് മെസ്സിക്ക് കരാർ നൽകാൻ കഴിയാതെ വരികയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: FC Barcelona, Lionel messi