• HOME
  • »
  • NEWS
  • »
  • sports
  • »
  • മെസി പരിശീലനത്തിന് ഇറങ്ങിയില്ല; പരിക്കെന്ന് അഭ്യൂഹം; പരിശീലനത്തിന്

മെസി പരിശീലനത്തിന് ഇറങ്ങിയില്ല; പരിക്കെന്ന് അഭ്യൂഹം; പരിശീലനത്തിന്

വ്യാഴാഴ്ച പരിശീലനത്തിൽ നിന്ന് വിട്ടുനിന്നതോടെയാണ് മെസിയുടെ പരിക്കിനെ സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉയർന്നത്

  • Share this:

    ലോകം കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നിലവിലെ ജേതാക്കളായ ഫ്രാൻസും ലയണൽ മെസിയുടെ അർജന്‍റീനയും മുഖാമുഖം വരുന്ന പോരാട്ടം ആവേശകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ലയണൽ മെസിക്ക് പരിക്കേറ്റുവെന്ന അഭ്യൂഹം ശക്തമാകുന്നത് ആരാധകരിൽ ആശങ്ക പരത്തിയിട്ടുണ്ട്. അർജന്‍റീന നായകന് കാലിന്‍റെ തുടയിൽ പേശിവലിവ് അനുഭവപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. എന്നാൽ ടീം മാനേജ്മെന്‍റ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മെസി ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല.

    മൂന്നാം ലോകകപ്പ് ലക്ഷ്യമിട്ട് ഇറങ്ങുന്ന അർജന്‍റീനയുടെ പ്രതീക്ഷകത്രയും മെസിയുടെ കാലുകളിലാണ്. അതുകൊണ്ടുതന്നെ മെസി പൂർണമായും ഫിറ്റായിരിക്കേണ്ടത് അർജന്റീന ക്യാംപിന്‍റെ ആവശ്യമാണ്. ഫ്രാൻസിനെതിരായ ഫൈനൽ തന്‍റെ അവസാന ലോകകപ്പ് മത്സരം ആയിരിക്കുമെന്ന സൂചന മെസി നേരത്തെ നൽകിയിരുന്നു. നേരത്തെ ക്രൊയേഷ്യയ്‌ക്കെതിരായ ലോകകപ്പ് സെമിഫൈനൽ മത്സരത്തിനിടെ ഒന്നിലധികം തവണ മെസിക്ക് കാലിന്‍റെ തുടയിൽ വേദന അനുഭവപ്പെട്ടിരുന്നു.

    വ്യാഴാഴ്ച (ഡിസംബർ 15) പരിശീലനത്തിൽ നിന്ന് വിട്ടുനിന്നതോടെയാണ് മെസിയുടെ പരിക്കിനെ സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉയർന്നത്. എന്നാൽ മെസിയുടെ കായികക്ഷമതയിൽ ഒരു പ്രശ്നവുമില്ലെന്നാണ് ടീം ഒഫീഷ്യൽസ് അനൌദ്യോഗികമായി അറിയിക്കുന്നത്. സെമിഫൈനലിന് ശേഷം പരിശീലനത്തിൽനിന്ന് അർജന്‍റീനയുടെ മുൻനിര താരങ്ങൾക്ക് പരിശീലകൻ സ്കലോണി അവധി നൽകിയിട്ടുണ്ടെന്ന് ടീം വൃത്തങ്ങൾ പറയുന്നു. മെസിക്ക് തുടയിൽ പേശിവലിവ് അനുഭവപ്പെട്ടിരുന്നത് ശരിയാണെങ്കിലും അദ്ദേഹം പൂർണമായും ഫിറ്റാണെന്നും ടീം വൃത്തങ്ങൾ വ്യക്തമാക്കി.

    ക്രൊയേഷ്യക്കെതിരെ രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയ അർജന്റീന വെറ്ററൻ താരം എയ്ഞ്ചൽ ഡി മരിയയും പൗലോ ഡിബാലയും പരിശീലനത്തിനുണ്ടായിരുന്നു. പപ്പു ഗോമസ് കണങ്കാലിന് പരിക്കേറ്റ് ചികിത്സയിലാണ്, ഫൈനലിൽ ഗോമസ് കളിക്കുന്നത് സംശയത്തിലാണ്. അതേസമയം സസ്പെൻഷനിലായിരുന്ന മാർക്കോസ് അക്യൂനയും ഗോൺസാലോ മോണ്ടിയലും ഫൈനൽ മത്സരത്തിന് ഇറങ്ങും.

    Also Read- അഭിമാന നിമിഷം; കേരളത്തിലെ ബ്രസീല്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് നെയ്മർ

    ഈ ലോകകപ്പിൽ ഇതിനോടകം ആറ് മത്സരങ്ങളിൽ അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയ മെസിയുടെ തകർപ്പൻ ഫോമിലാണ് അർജന്‍റീനയുടെ പ്രതീക്ഷകൾ. ലോകകിരീടമെന്ന സ്വപ്നനേട്ടമാണ് മെസിയും ടീമും ലക്ഷ്യംവെക്കുന്നത്. അതിനായി കൈയ്യും മെയ്യും മറന്ന് പോരാടാനുള്ള തയ്യാറെടുപ്പിലാണ് അർജന്‍റീന. ഈ വർഷം ഗോൾഡൻ ബൂട്ടിനായി പിഎസ്ജി ടീമംഗങ്ങളായ മെസിയും ഫ്രാൻസിന്റെ കീലിയൻ എംബാപ്പെയും തമ്മിലുള്ള ഏറ്റുമുട്ടലാണ് ലോകകപ്പ് ഫൈനൽ ആവേശകരമാക്കുന്ന മറ്റൊരു സവിശേഷത.

    Published by:Anuraj GR
    First published: