കോപ്പ അമേരിക്കയിലെ ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കൊളംബിയയെ തോൽപ്പിച്ച് അർജന്റീന ഫൈനലിൽ കയറിയിരിക്കുകയാണ്. ഫൈനലിൽ അവരെ കാത്തിരിക്കുന്നത് അവരുടെ ചിരവൈരികളായ ബ്രസീലാണ്. ഒരു സ്വപ്ന ഫൈനലിനാണ് കോപ്പ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ബ്രസീൽ നേരത്തെ തന്നെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയതോടെ ഇന്നത്തെ പോരാട്ടം അർജന്റീനക്ക് അഭിമാനപ്പോരാട്ടമായിരുന്നു. അതിൽ അവർ ജയിച്ചിരിക്കുകയാണ്. ഇന്നത്തെ മത്സരത്തിൽ അർജന്റീനയുടെ ഹീറോ ആയത് ലയണൽ മെസ്സി ആയിരുന്നില്ല, അവരുടെ ഗോൾവല കാത്ത 28 വയസ്സുകാരനായ എമിലിയാനോ മാർട്ടിനസായിരുന്നു.
ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ മൂന്നു കൊളംബിയൻ താരങ്ങളുടെ കിക്കുകൾ തടഞ്ഞിട്ടാണ് മാർട്ടിനസ് അർജന്റീനയുടെ ജയം ഉറപ്പാക്കിയത്. അർജന്റീന ഗോളിയുടെ മികച്ച പ്രകടനം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. എല്ലാവരുടെയും കൂട്ടത്തിൽ മാർട്ടിനസിന്റെ ടീമിന്റെ ക്യാപ്റ്റനും അര്ജന്റീന ടീമിന്റെ സൂപ്പർ താരം കൂടിയായ ലയണൽ മെസ്സി കൂടിയുണ്ടായിരുന്നു. ടീമിന്റെ ജയത്തിൽ നിർണായക പ്രകടനം നടത്തിയ തന്റെ സഹതാരമായ എമിലിയാനോ മാർട്ടിനസിനെ പ്രശംസ കൊണ്ട് മൂടിയിരിക്കുകയാണ് മെസ്സി. എമിലിയാനോ മാർട്ടിനസിനെ പ്രതിഭാസം എന്നാണ് മെസ്സി വിശേഷിപ്പിച്ചത്.
കോപ്പ അമേരിക്കയിൽ മികച്ച പ്രകടനം നടത്തുന്ന മാർട്ടിനസ് ഈ ടൂർണമെന്റിന് തൊട്ട് മുൻപ് നടന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലൂടെയാണ് അർജന്റീന ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സനൽ, ആസ്റ്റൺ വില്ല എന്നീ ക്ലബുകളിൽ കഴിഞ്ഞ സീസണുകളിൽ നടത്തിയ മികച്ച പ്രകടനം നടത്തിയതാണ് താരത്തിന് അർജന്റീന ടീമിലിടം നേടിക്കൊടുത്തത്.
ഇന്നത്തെ മത്സരത്തിലെ ഷൂട്ടൗട്ടിൽ കൊളംബിയൻ താരങ്ങളായ സാഞ്ചസ്, യെറി മിന, എഡ്വിൻ കാർഡോണ എന്നിവരുടെ കിക്കുകൾ തടുത്തിട്ടാണ് മാർട്ടിനസ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്. തന്റെ സഹതാരത്തെ കുറിച്ച് വാചാലനായ മെസ്സി തന്റെ ടീമിന്റെ വിജയത്തെക്കുറിച്ചും സംസാരിച്ചു.
"മത്സരത്തിൽ ചില സമയങ്ങളിൽ ഞങ്ങൾ തീർത്തും ബുദ്ധിമുട്ടിയ അവസ്ഥയുണ്ടായിരുന്നു. ഒരു പ്രതിഭാസമായ എമി ഞങ്ങൾക്കൊപ്പം ഉണ്ട്. താരത്തിൽ ഞങ്ങൾക്ക് എല്ലാവർക്കും വിശ്വാസമുണ്ട്. ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും കളിക്കുകയെന്ന ലക്ഷ്യംവച്ചെത്തിയ ഞങ്ങൾ അതിലെ അവസാന മത്സരമായ ഫൈനലിലേക്ക് മുന്നേറിക്കഴിഞ്ഞിരിക്കുന്നു. മത്സരം ബുദ്ധിമുട്ടേറിയതായിരുന്നെങ്കിലും ഞങ്ങളുടെ പരമാവധി നൽകി ജയം നേടാൻ ഞങ്ങൾ ശ്രമിച്ചു, അതുകൊണ്ടാണ് വിജയത്തിന് ഞങ്ങൾ അർഹരായത്. കഴിഞ്ഞ കോപ്പയിൽ അർജന്റീന ടീമിന്റെ കരുത്ത് എന്താണെന്ന് കാണിച്ച് കൊടുക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു, ഇപ്പോഴിതാ ഈ സീസണിൽ ഞങ്ങൾ ഫൈനൽ കളിക്കാൻ പോവുകയാണ്." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് മെസ്സി പറഞ്ഞു.
മെസ്സിയോടൊപ്പം അർജന്റീനയുടെ പരിശീലകനായ സ്‌കലോണിയും മാർട്ടിനസിനെ അഭിനന്ദിക്കുകയുണ്ടായി. മാർട്ടിനസ് പെനാൽറ്റികൾ തടഞ്ഞതു കൊണ്ടു മാത്രമല്ല തനിക്ക് സന്തോഷം തോന്നുന്നതെന്നും മറിച്ച് ടീമിന് താരം നൽകുന്ന സുരക്ഷിതത്വമാണ് തന്നെയേറെ സന്തോഷിപ്പിക്കുന്നതെന്നും അതിനായി ടീമിലെ പ്രതിരോധ താരങ്ങളും സാഹായിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
Summary
Messi hails his fellow goalkeeper Emiliano Martinez as phenomenon for his heroic performance against Colombia in the Copa America semi final match
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Argentina, Argentina vs Brazil, Copa America, Lionel messi